മോഹന്‍ലാലിന്റെ ആലാപനത്തില്‍ ഒടിയനിലെ പുതിയ ഗാനം;താരത്തിനൊപ്പം ഏറ്റുപാടി ആരാധകര്‍; വൈറല്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെ ആലപിച്ച ‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്…’ എന്ന ഗാനം പ്രഭാ വര്‍മ്മയാണ് രചിച്ചിരിക്കുന്നത്‌.

തീയറ്ററിൽ ഈ ഗാനം കോളിളക്കം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയ്ക്കുള്ള പച്ചക്കൊടിയാണ് സോഷ്യൽ മീഡിയയിൽ പാട്ട് തരംഗമാകുന്നത്. നാടോടി താളത്തിൽ വ്യത്യസ്തമായ രീതിയിലാണു ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഒടിയനിലെ ഓരോ ഗാനവും ഓരോ അനുഭവമാണെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പറഞ്ഞു.

ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.

ഒടിയൻ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബർ 14 ന് ചിത്രം തീയറ്ററുകളിലെത്തും.