മോദി സര്‍ക്കാരിനെ ആര്‍.എസ്.എസും കയ്യൊഴിഞ്ഞു; രൂക്ഷവിമര്‍ശനവുമായി മായാവതി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. മോദി സര്‍ക്കാരിനെ ആര്‍.എസ്.എസും കയ്യൊഴിഞ്ഞതായി മായാവതി ആരോപിച്ചു. നരേന്ദ്രമോദിയുടെ പാഴ്‍വാഗ്ദാനങ്ങളുണ്ടാക്കിയ ജനരോഷം കാരണം ആര്‍.എസ്.എസുകാര്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല.

തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കളുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഫാഷനായി മാറുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതിനുപയോഗിക്കുന്ന പണം തിരഞ്ഞെടുപ്പ് ചെലവുകളില്‍ ഉള്‍പ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.

മോദിക്കെതിരെ കഴിഞ്ഞദിവസവും മായാവതി രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി ആല്‍വാര്‍ കൂട്ടമാനഭംഗത്തെപ്പറ്റി മിണ്ടിയില്ലെന്നും അവര്‍ തുറന്നടിച്ചു. സ്വന്തം ഭാര്യയെ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപേക്ഷിച്ച മോദിയ്ക്ക് മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമോയെന്നും മായാവതി ചോദിച്ചു.