മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന്‌ മായാവതി; ‘ആല്‍വാര്‍ കൂട്ടമാനഭംഗത്തെപ്പറ്റി മിണ്ടിയില്ല’

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി.നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി ആല്‍വാര്‍ കൂട്ടമാനഭംഗത്തെപ്പറ്റി മിണ്ടിയില്ലെന്നും അവര്‍ തുറന്നടിച്ചു. സ്വന്തം ഭാര്യയെ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപേക്ഷിച്ച മോദിയ്ക്ക് മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമോയെന്നും മായാവതി ചോദിച്ചു.

രാജസ്ഥാനിലെ ആൾവാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച മായാവതിയുടെ നീക്കത്തെ പ്രധാനമന്ത്രി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. രാജസ്ഥാനിൽ അശോക് ഗെ‍ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെയാണ് മായാവതി പിന്തുണയ്ക്കുന്നത്. മായാവതി ഒഴുക്കുന്നതു മുതലക്കണ്ണീരാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

മായാവതിയുടെ പിന്തുണയോടെയാണു രാജസ്ഥാനിൽ കോൺഗ്രസ് ഭരണം നടത്തുന്നത്. അവിടെയാണ് ഒരു എസ്‍സി പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതുകൊണ്ടു ബഹന്‍ജി എന്തുകൊണ്ടു സർക്കാരിനുള്ള പിന്തുണ പിൻവലിച്ചില്ലെന്ന് ഉത്തർപ്രദേശിലെ പെൺമക്കൾ ചോദിക്കുകയാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ ചെയ്തത് ‘എന്താണ്, എന്താണ്’ എന്നു ചോദിച്ചതു മാത്രമാണ്. 1984ലെ സിഖ് വിരുദ്ധകലാപത്തെക്കുറിച്ചു കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തെക്കൂടി ലക്ഷ്യമിട്ടു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.