മോദി മന്ത്രിസഭയിലെ അംഗങ്ങളെ ഇന്ന് തീരുമാനിക്കും;സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകൾ ഇന്നും തുടരും. 

നാളെ വൈകീട്ട് 7ന് രാഷ്ട്രപതി ഭവനിലാണ്‌ സത്യപ്രതിജ്ഞ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.  നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നിലുള്ളതിനാല്‍ അമിത് ഷാ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുതന്നെ തുടരണം എന്ന ആവശ്യവും ശക്തമാണ്.

രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങി ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്ക് ഇത്തവണയും ഇടമുണ്ടാകും.

കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്.