മോദി ഇന്ന് ആന്ധ്രയില്‍; കരിദിനം ആചരിച്ച്‌ ടി.ഡി.പി

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രയില്‍…

ആന്ധ്രയിലെ ഗുണ്ടൂരിലാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു പരിപാടി നടക്കുക. രാവിലെ പത്തേമുക്കാലിന് വിജയവാഡയിലെത്തുന്ന മോദി അവിടെ നിന്ന് ഹെലികോപ്റ്ററിലാകും ഗുണ്ടൂരിലേയ്ക്ക് യാത്ര തിരിക്കുക.

അതേസമയം, അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അ​സ​മി​ല്‍ പ്രധാനമന്ത്രി ചിലവിട്ട രണ്ടു ദിവസവും തുടര്‍ച്ചയായി കരിങ്കൊടിയും ഗോ​ബാക്ക്​ വിളിയും ഉയര്‍ന്നിരുന്നു.

എന്നാല്‍, ആന്ധ്രയില്‍ മോദി നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡുകള്‍ ഗുണ്ടൂരിലെ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. സംസ്ഥാനത്ത്, ബി.ജെ.പി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിയ്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന ടി.ഡി.പിയാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം,
സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ മോദി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ടി.ഡി.പി നേതാവ് രാം മോഹന്‍ നായിഡു മോദിക്ക് കത്തയച്ചിരിയ്ക്കുകയാണ്.

ആന്ധ്രയിലെ ജനങ്ങള്‍ക്ക് ഇന്ന് കരിദിനമാണ്. മോദി നമ്മുടെ മണ്ണില്‍ കാലുകുത്തിയാല്‍ ഈ മണ്ണിന്‍റെ വിശുദ്ധി നഷ്ടപ്പെടും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

2014ലെ തിരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം നിന്ന ടി.ഡി.പി, ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിന്‍റെ പേരില്‍ ബി.ജെ.പിയില്‍ നിന്ന് അകലുകയായിരുന്നു.