മോദിയെ പുറത്താക്കുകയാണ് തന്റെ ഒരേയൊരു ലക്ഷ്യമെന്ന് രാംജത് മലാനി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി. നരേന്ദ്ര മോദിയെ പുറത്താക്കുകയെന്ന ലക്ഷ്യം മാത്രമേ ഇനി തനിക്ക് ബാക്കിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്നത് കുതിരപ്പന്തയമല്ല, കഴുതപ്പന്തയമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ഭൂരിപക്ഷം പേരുടെ സഖ്യത്തെ മാറ്റിനിര്‍ത്തി ഭൂരിപക്ഷം തികയ്ക്കാത്ത ബിജെപിയ്ക്ക് അവസരം നല്‍കിയ ഗവര്‍ണര്‍ വാജുഭായി വാലയുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം രംഗത്ത് വന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ അനുമതി എല്ലാവരും കാണ്‍കെ അഴിമതി നടത്താനുള്ള സാഹചര്യമൊരുക്കലാണെന്നും രാംജത് മലാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

മോദിയെ പുറത്താക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുപ്രീം കോടതിയില്‍ തനിക്കുള്ള വിശ്വാസം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.