മോദിയെ ചോദ്യം ചെയ്യേണ്ടത് സ്‌നേഹം കൊണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി; സ്‌നേഹവും അനുകമ്ബയും കൊണ്ടാണ് ബിജെപിയെ തോല്‍പിക്കേണ്ടെതെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്‌നേഹം കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യേണ്ടതെന്നും, ഒരിക്കലും മൂര്‍ദ്ദാബാദ് എന്ന വാക്ക് ഉപയോഗിക്കരുതെന്നുമാണ് രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ മോദിയെ ആലിംഗനം ചെയ്ത സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അന്ന് രാഹുല്‍ പറഞ്ഞതിങ്ങനെയായിരുന്നു.. -‘എനിക്ക് നിങ്ങളോട് അല്‍പ്പം പോലും വെറുപ്പോ വിദ്വേഷമോ ഇല്ല. നിങ്ങളെ സംബന്ധിച്ച്‌ ഞാന്‍ പപ്പുവായിരിക്കാം. നിങ്ങള്‍ക്കെന്നെ വെറുക്കാം. പക്ഷേ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.’ പ്രസംഗത്തിന് ശേഷം രാഹുല്‍ എഴുന്നേറ്റ് ചെന്ന് മോദിയെ ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം റൂര്‍ക്കലയില്‍ നടത്തിയ പൊതുപരിപാടിയ്ക്കിടയിലാണ് മോദിയുടെ പേര് പരാമര്‍ശിച്ച ഉടന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏകസ്വരത്തില്‍ മൂര്‍ദ്ദാബാദ് വിളിച്ചത്. ‘ബിജെപിയും ആര്‍എസ്‌എസുമാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. നമ്മള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. സ്‌നേഹത്തിലും അനുകമ്ബയിലും വിശ്വസിക്കുന്ന നമ്മള്‍ ഒരിക്കലും ഈ വാക്ക് ഉപയോഗിക്കരുത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘വിദ്വേഷത്തിന്റെ വഴിയിലൂടെ അല്ലാതെ ബിജെപിയെ പരാജയപ്പെടുത്താന്‍ നമുക്ക് സാധിക്കും. സ്‌നേഹം കൊണ്ടാണ് മോദിയെ ചോദ്യം ചെയ്യേണ്ടതും പരാജയപ്പെടുത്തേണ്ടതും. വെറുപ്പിന്റേതായ യാതൊരു വികാരങ്ങളും നമ്മുടെ മുഖത്ത് പോലും പ്രതിഫലിക്കാന്‍ പാടില്ല. നമുക്ക് ബിജെപിയെ തോല്‍പിക്കാന്‍ സാധിക്കും.’ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് രാഹുല്‍ ഗാന്ധി വിശദീകരിച്ചു.