മോദിയുടെ മൗനം ആയുധമാക്കി ട്രോളന്മാര്‍; കണക്കറ്റ പരിഹാസം

പ്രധാനമന്ത്രി ആദ്യമായി പത്രസമ്മേളനത്തില്‍ പങ്കെടുത്തതിനെ ആഘോഷമാക്കുകയാണ് ട്രോളന്മാരും പ്രതിപക്ഷവും. സ്ഥാനമൊഴിയാനിരിക്കെ മാസ് ഡയലോഗുകള്‍ മോദിയില്‍ നിന്നും വരുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കി അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയാകട്ടെ എല്ലാ ചോദ്യങ്ങളേയും നേരിട്ട് കൈയ്യടി നേടുകയും ചെയ്തു. ഇതോടെ മോദിയുടെ മൗനം ട്രോളന്മാരും പ്രതിപക്ഷവും ഏറ്റെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാമും ഷാഫി പറമ്പിലും ട്രോളുമായി രംഗത്തെത്തി. ‘താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്.’ പ്രസ് കോൺഫറൻസിന് പുതിയ മാനം നൽകിയ മോദിയെ പരിഹസിച്ചായിരുന്നു ബൽറാമിന്റെ കുറിപ്പ്.

തൊട്ടുപിന്നാലെ എത്തി ഷാഫി പറമ്പിൽ വക ചിരി ഡയലോഗ്.‘ ചെക്കന് നാണയമായത് കൊണ്ട് അമ്മാവനാ കാര്യങ്ങളൊക്കെ പറഞ്ഞത്..’ മോദിയും അമിത് ഷായും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് ഷാഫി കുറിച്ചു.

അതിനിടെ ദേശീയ തലത്തിലും ട്രോളുകൾ നിറയുകയാണ്. വാർത്താസമ്മേളനത്തിൽ മിണ്ടാതിരിക്കുന്ന മോദിയുടെ ഭാവങ്ങൾ ഉൾപ്പെടുത്തി വിഡിയോ തയാറാക്കി ട്വിറ്റർ പേജുകളിൽ വ്യാപകമായി പങ്കുവയ്ക്കുകയാണ്.