മോദിയുടെ പെട്ടിയില്‍ എന്ത്?​ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടറില്‍ എത്തിയ പെട്ടിയില്‍ എന്താണെന്ന് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗുരുതരമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഒരു പെട്ടി പ്രത്യേകമായി കുറച്ച്‌ പേര്‍ ചേര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ഇന്നോവയിലേയ്ക്ക് മാറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇന്നോവ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല.

കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ടാഗ് ചെയ്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു വീഡിയോ ട്വീറ്റ് ചെയ്‌തിരുന്നു. “ദുരൂഹമായ തരത്തില്‍ ഒരു പെട്ടി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ചിത്രദുര്‍ഗയില്‍ ഇറക്കിയിട്ടുണ്ട്. ഇത് ഒരു സ്വകാര്യ ഇന്നോവയില്‍ വേഗം കൊണ്ടുപോയി. ഈ പെട്ടിയില്‍ എന്താണ് ഉള്ളത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണ”മെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം,​ ഇലക്‌ട്രല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ രംഗത്തെത്തി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തില്‍ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റില്‍ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ എന്താണെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ആനന്ദ് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു