മോദിക്ക്‌ പകരക്കാരനായി ഗഡ്കരിയുടെ പേര് ഉയര്‍ന്നുവരുന്നതില്‍ ആശങ്കയുണ്ടെന്ന് ശരത് പവാര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക്‌ പകരക്കാരനായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ പേര് ഉയര്‍ന്നുവരുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് എന്‍സിപി പ്രസിഡണ്ട് ശരത് പവാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ കനത്ത പരാജയത്തില്‍ ഗഡ്കരി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ശരത് പവാര്‍ തയ്യാറായില്ല. മഹാരാഷ്ട്രയിലെ സോലാപുരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരത് പവാര്‍. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎന്‍എസുമായി സഖ്യംചേരുമോ എന്നകാര്യത്തിലും പവാര്‍ വ്യക്തത വരുത്തിയില്ല. രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും ഇതുവെര നടന്നിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

രാജ്താക്കറെയുമായി പൊതുകാര്യങ്ങള്‍ സംസാരിച്ചു എന്നതിനപ്പുറം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊന്നും ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.