മോദിക്ക്‌ ക്ലീന്‍ ചിറ്റ്: കമ്മിഷനില്‍ ഭിന്നത; തന്റെ വിയോജിപ്പുകള്‍ രേഖയിലാക്കുന്നില്ലെന്ന്‌ ലവാസ

ന്യൂഡല്‍ഹി:   തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത. ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോടുള്ള തന്റെ വിയോജിപ്പുകള്‍ രേഖയിലാക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി തിര​ഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ രംഗത്തെത്തി. ഇങ്ങനെ തുടര്‍ന്നാല്‍ കമ്മിഷന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം നിലപാടെടുത്തു.

മെയ് മൂന്നാം തീയതിയാണ് മോദിക്കും അമിത് ഷായ്ക്കും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ലാവസ തീരുമാനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന വാര്‍ത്തകള്‍ പിന്നീടാണ് പുറത്ത് വന്നത്.

മോദിക്കും ഷായ്ക്കുമെതിരായ പരാതിയില്‍ തീരുമാനമെടുക്കുന്നത് കമ്മീഷന്‍ വൈകിപ്പിക്കുന്നതിനെതിരെ സുപ്രീ കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് മെയ് മൂന്നിന് കമ്മീഷന്‍ യോഗം ചേര്‍ന്ന് ക്ലീന്‍ ചിറ്റ് നല്‍കിയത്