‘മേഘങ്ങളില്ല, റോമിയോയ്‌ക്ക്‌ സിഗ്നലുകള്‍ കിട്ടുന്നുണ്ട്‌’; മോദിയെ പരിഹസിച്ച് ഊര്‍മിള മതോണ്ഡ്കര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘസിദ്ധാന്തത്തെ ട്രോളി ബോളിവുഡ്‌ താരവും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള മതോണ്ഡ്കര്‍. വളര്‍ത്തുനായക്കൊപ്പമുള്ള തന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഊര്‍മിളയുടെ പരിഹാസം.

‘മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന്‌ ദൈവത്തിന്‌ നന്ദി, എന്റെ പ്രിയപ്പെട്ട റോമിയോയുടെ ചെവികള്‍ക്ക്‌ കൃത്യമായി റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവുന്നുണ്ട്‌’-ചിത്രത്തിന് അടിക്കുറിപ്പായി ഊര്‍മിള ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്താ ചാനലായ ന്യൂസ്‌ നേഷന്‌ മോദി നല്‍കിയ അഭിമുഖത്തിലാണ് ബലാക്കോട്ട് ആക്രമണത്തിന് മേഘങ്ങള്‍ സഹായിച്ചുവെന്ന് മോദി പരാമര്‍ശിച്ചത്‌. ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും പോസ്റ്റിന് താഴെ വന്നു.

റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നും അങ്ങനെയാണെങ്കില്‍ അത് വളരെ ഗുരുതരമായ ഒരു ദേശീയ സുരക്ഷാ വീഴ്ചയാണെന്നും ട്വിറ്ററില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.