മെഡിക്കല്‍ കോഴക്കേസ് ;എസ്.എന്‍. ശുക്ലയെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ആരോപണവിധേയനായ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍. ശുക്ലയെ അന്വേഷണസമിതിയുടെ ശുപാര്‍ശപ്രകാരം വിരമിക്കുകയോ രാജിവെക്കുകയോ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനെ തുടര്‍ന്ന് ശുക്ലയെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചു.

ശുക്ലയെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാനാണ് നേരത്തേ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ നിയോഗിച്ചത്. ഒരു ജഡ്ജിക്കു ചേരാത്ത തരത്തില്‍ പെരുമാറിയെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ശുക്ലയ്‌ക്കെതിരേ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് ശുക്ല തിരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വകാര്യ കോളേജുകളില്‍ 2017-’18 അക്കാദമിക് വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമനുവദിക്കുന്ന തരത്തില്‍ തിരുത്തു വരുത്തിയെന്നാണ് ആരോപണം. മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടുന്നതില്‍നിന്ന് സുപ്രീംകോടതി ഹൈക്കോടതിയെ വിലക്കി ദിവസങ്ങള്‍ക്കുള്ളിലാണ് ശുക്ല കൈകൊണ്ട് ഉത്തരവ് തിരുത്തിയത്.

കഴിഞ്ഞ സെപ്റ്റംബറില്‍ സി.ബി.ഐ. നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലും ജഡ്ജിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. ശുക്ലയെ മാറ്റിനിര്‍ത്തിയാല്‍ സി.ബി.ഐ.ക്ക് അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കാം.