മൃഗമേധം – ഭൂമിയിലെ ഏറ്റവും വലിയ വന്യമൃഗ ഹത്യ

ഋഷി ദാസ്. എസ്സ്.

ഓസ്‌ട്രേലിയയുടെ ദേശീയമൃഗം കങ്കാരൂ ആണെന്നാണ് വയ്പ്പ് . വെള്ളക്കാർ ഓസ്‌ട്രേലിയയിൽ കാലുകുത്തുമ്പോൾ ഓസ്‌ട്രേലിയ വൻകരയിൽ കോടിക്കണക്കിനു കങ്കാരുക്കൾ വിഹരിക്കുന്നുണ്ടായിരുന്നു . തദ്ദേശീയരായ ആദിമ ഗോത്രങ്ങളുടെ ചങ്ങാതിമാരെപ്പോലെയാണ് ആ സാധുമൃഗങ്ങൾ കഴിഞ്ഞിരുന്നത് .

കോളനി യജമാനന്മാർ ആദിമ ജനതയെ കൊന്നൊടുക്കിയത് പോലെ കങ്കാരുക്കളെയുംകൊന്നൊടുക്കി . പക്ഷെ തൊണ്ണൂറു ശതമാനത്തിലേറെ അർധമരുപ്രദേശമായ ഓസ്‌ട്രേലിയയിലെ എല്ലാ കങ്കാരുക്കളെയും കൊന്നൊടുക്കാൻ അവർക്കായില്ല .

ഇപ്പോഴാകട്ടെ ഓരോ വർഷവും ലക്ഷകണക്കിന് കങ്കാരുക്കളെ കൊന്നൊടുക്കിക്കൊണ്ടാണ് ഓസ്‌ട്രേലിയൻ ഭരണകൂടം തങ്ങളുടെ കാരുണ്യവും മൃഗസ്നേഹവും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത് .ഓരോ വർഷവും കുറഞ്ഞത് പത്തുലക്ഷം കങ്കാരുക്കളെയാണ് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഓസ്‌ട്രേലിയ കൊന്നൊടുക്കുന്നത് . വലിയ കങ്കാരുക്കളെ വെടിവെച്ചും കുഞ്ഞൻ കങ്കാരുക്കളെ വടികൊണ്ടടിച്ചുമാണ് ഈ മൃഗമേധം അരങ്ങേറുന്നത് . കൂടുതൽ കങ്കാരുക്കളെ കൊന്നൊടുക്കുന്നവർക്ക് ഓസ്‌ട്രേലിയൻ പ്രാദേശിക ഭരണകൂടങ്ങൾ കനത്ത ധന സഹായവും നൽകാറുണ്ട് .

ചെറിയ കങ്കാരുക്കളെ കാലിൽ തൂക്കിയെടുത്തു പാറയിലോ മരത്തിലോ അടിച്ചു കൊല്ലുന്നത് വളരെ ദയാപൂർവം
നടത്തുന്ന ഒരു കൊലയാണെന്നാണ് ഓസ്‌ട്രേലിയൻ സർക്കാറുകളുടെ വാദം . റോഡിൽ അകപ്പെട്ടുപോകുന്ന കങ്കാരുക്കളെ വണ്ടിയിടിച്ചുകൊല്ലുന്നതും ഓസ്‌ട്രേലിയയിൽ ഒരു വിനോദം പോലെ കൊണ്ടാടപ്പെടുന്നുണ്ട് .

കങ്കാരുക്കളെ കൊന്നു അവയുടെ മാംസത്തിൽ വിഷം പുരട്ടി ഓസ്‌ട്രേലിയയുടെ കുറ്റികാടുകളിൽ വിതറി ഓസ്‌ട്രേലിയയിലെ എല്ലാ കാട്ടുപ്പൂച്ചകളെയും കൊന്നൊടുക്കാനുള്ള ”വിപ്ലവകരമായ” പദ്ധതി മെനെഞ്ഞുകൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയ ഇപ്പോൾ . വിഷം പുരട്ടിയ മാംസക്കഷണങ്ങളിൽ ” കാറ്റ് ഒൺലി ” എന്നും അവർ എഴുതുമായിരിക്കും . അല്ലെങ്കിൽ ഈ വിഷ മാംസകഷണങ്ങൾ മറ്റു മൃഗങ്ങളും ചിലപ്പോൾ കഴിച്ചെന്നിരിക്കും .