മൃഗങ്ങളുടെ ശവക്കോട്ടകൾ !

ജൂലിയസ് മനുവേൽ

ആഫ്രിക്കൻ ഗോത്രങ്ങളുടെ സഹചാരിയായ ആന, അവരുടെ കഥകളിൽ തികച്ചും മാന്യത പുലർത്തുന്ന ഒരു ജീവിയാണ്. മനുഷ്യനുള്ള സകലവിധ വികാരങ്ങളും വിചാരങ്ങളും ഇവയ്ക്കും ഉണ്ടെന്നു അവർ വിശ്വസിക്കുന്നു. ആനകളുടെ ഉത്ഭവത്തെപ്പറ്റി മിക്ക ആഫ്രിക്കൻ ജനവിഭാഗങ്ങൾക്കും അവരുടേതായ കഥകൾ ഉണ്ട്. പക്ഷെ ഇവയെ എല്ലാം കോർത്തിണക്കുന്ന ഒരു പ്രധാന സംഗതിയുണ്ട്. ആനകളുടെ ഉത്ഭവം മനുഷ്യനിൽ നിന്നാണ് എന്നതാണ് അത് . അതിലൊന്ന് പറയാം.

പണ്ട് പണ്ട് lvonya-Ngia എന്നൊരു നല്ലവനായ മനുഷ്യൻ ഉണ്ടായിരുന്നു. ആയാൾ ഏവർക്കും വലിയ സഹായി ആയിരുന്നത്രെ . ഇതുകേട്ടറിഞ്ഞ ഒരു പാവം മനുഷ്യൻ വളരെ ദൂരം താണ്ടി അയാളെ കാണാൻ ചെന്നു . ഇവോന്യ ആകട്ടെ ഈയാളെ സഹായിക്കുവാൻ ഒരു പറ്റം മാടുകളെ കൊടുക്കാം എന്ന് പറഞ്ഞു. പക്ഷെ ആഗതന്റെ ആവശ്യം മറ്റൊന്നായിരുന്നു ഇവോന്യ ധനികനായ മാർഗ്ഗം ആണ് അയാൾക്ക്‌ അറിയേണ്ടിയിരുന്നത്. ഒന്നാലോചിച്ചശേഷം ഇവോന്യ ഒരു തൈലം എടുത്ത് അയാൾക്ക്‌ കൊടുത്തിട്ടു പറഞ്ഞു  നീ ഇത് നിന്റെ ഭാര്യയുടെ കോമ്പല്ലിൽ പിരട്ടുക. അത് വളർന്ന് വലുതാകും. അപ്പോൾ നീയത് ചന്തയിൽ കൊണ്ട് കൊടുക്കുക . അങ്ങിനെ നിനക്ക് ധനികനാകാം. വിചിത്രമായ ആ നിർദ്ദേശവും പേറി വന്നയാൾ ഗ്രാമത്തിലേക്ക് മടങ്ങി.

ഇവോന്യ പറഞ്ഞതനുസരിച്ചതിനാൽ ഗ്രാമവാസിയുടെ ഭാര്യയുടെ പല്ല് വളർന്നു ഭീകര വലുപ്പമായി. ആയാൾ അത് വെട്ടിയെടുത്ത് ചന്തയിൽ കൊണ്ട് വിറ്റ് കാശ് മേടിച്ചു. പക്ഷെ മുറിച്ചെടുത്തിടത്തു നിന്നും പല്ല് വീണ്ടും വളർന്നു തുടങ്ങി മാത്രമല്ല ഭാര്യയുടെ ശരീര വലിപ്പവും ക്രമാതീതമായി വലുതായി വന്നു. നാണക്കേട് സഹിക്കവയ്യാതെ അവൾ കാട്ടിലേക്ക് ഓടിപ്പോയി. ഗ്രാമവാസി അവളെ അവിടെ പോയി കാണുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു പൊന്നു. അങ്ങിനെ അവർക്കൊരു പുത്രൻ ജനിച്ചു .നീണ്ടു വലിയ കോമ്പല്ലുകളും, അസാമാന്യ വലിപ്പവും, മനുഷ്യന്റെ ബുദ്ധിയും ഉണ്ടായിരുന്ന അവനെ അവർ ” ആന ” എന്ന് വിളിച്ചു . ഇന്നും അവന്റെ പല്ല് വിറ്റാൽ മനുഷ്യന് പണക്കാരനാവാം.

ആനയ്ക്ക് മനുഷ്യനോളം തന്നെ പ്രാധാന്യം കൊടുക്കാൻ ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരെ പ്രേരിപ്പിച്ചത് ഇത്തരം കഥകളാണ്. അങ്ങിനെയാണ് “ആനകളുടെ ശവപ്പറമ്പ്” എന്നൊരു സ്ഥലം ഉണ്ട് എന്ന് ഇവർ വിശ്വസിക്കാനുള്ള കാരണവും . പണ്ട് കാലത്ത് അനേകം ആനകളുടെ ശവശരീരങ്ങളും അസ്ഥികൂടങ്ങളും ഒരുമിച്ചു ഒരു സ്ഥലത്തു തന്നെ കാണപ്പെട്ടിരുന്നതിനാൽ ഇതൊരു യാഥാർഥ്യം തന്നെ എന്ന് പലരും വിശ്വസിച്ചു . അതായത് വയസായ ആനകൾ തങ്ങളുടെ മരണസമയം അടുത്തു എന്ന് തോന്നിയാൽ ഉടൻ തന്നെ ആനകളുടെ ശവപ്പറമ്പ് അന്വേഷിച്ച് യാത്രയാകും . തന്റെ പൂർവികർ ഉറങ്ങുന്ന ആ മണ്ണിൽ എത്തിയാൽ ഉടൻ തന്നെ ആന സ്വച്ഛന്ദമൃത്യു വരിക്കും . പക്ഷെ ഗവേഷകർ പറയുന്നത് യാഥാർഥ്യം മറ്റൊന്നാണ് എന്നതാണ് . വയസായ ആനകൾ അല്ലെങ്കിൽ രോഗം വന്നവ ജലവും ഭക്ഷണവും ലഭിക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്തു എത്തിയാൽ പിന്നെ അവിടം വിട്ടു പോകില്ല. കാരണം അവർക്കു അലഞ്ഞു തിരിഞ്ഞു ഭക്ഷണം തേടിപ്പിടിക്കാനുള്ള ശേഷി നഷ്ട്ടപ്പെട്ടു എന്നതാണ്.

താമസിയാതെ മരണവും അവിടെ വെച്ച് തന്നെ സംഭവിക്കും . ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ആനകളുടെ മാത്രമല്ല മറ്റു മൃഗങ്ങളുടെയും അവശിഷ്ട്ടങ്ങൾ ഇങ്ങനെത്തന്നെ ലഭിക്കാറുണ്ട് . ലോകപ്രശസ്ത ആനിമേഷൻ മൂവി ആയ ” ലയൺ കിംഗ് ” ആണ് ആനകളുടെ ശവപ്പറമ്പിനെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ആഫ്രിക്കയിലെ പല ഭാഗത്തും ശരിക്കുള്ള ശവക്കോട്ടകൾ ഉണ്ട് എന്നതാണ് സത്യം. വേട്ടക്കാർ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ആനകളുടെ ശവശരീരങ്ങൾ ആണ് ഇതെന്ന് മാത്രം. അത്തരമൊന്നിന്റെ ചിത്രമാണ് താഴെ കാണുന്നത്. വേട്ടക്കാർ കൂട്ടത്തോടെ കൊന്നൊടുക്കിയ മുപ്പത്തി അഞ്ചോളം ആനകളുടെ ശരീരങ്ങളാണ് കാമറൂണിലെ Bouba N’djida ദേശീയോദ്യാനത്തിൽ നിന്നും ലഭിച്ചത് ! ഇത്തരം ശവപ്പറമ്പുകളിൽ ഏറ്റവും പുരാതനം ജർമ്മനിയിലെ Saxony-Anhalt ൽ നിന്നാണ് കണ്ടെത്തിയത്. ആനകളുടെ പൂർവ്വികരിൽ ഒരു കൂട്ടരായ Palaeoloxodon antiquus ന്റെ ഇരുപത്തിയേഴോളം അസ്ഥികൂടങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്.

ഇനി ഈ കൂട്ടത്തിൽ ഈ അടുത്തകാലത്ത് ഗവേഷകരുടെ ശ്രദ്ധയിൽ പെട്ട മറ്റൊരു ശവപ്പറമ്പിന്റെ കഥകൂടി പറയാം . സ്ഥലം അങ്ങ് കടലിനടിയിലാണ് . ബോർണിയോ ദ്വീപിനരികെ , കടലിനടിയിൽ പതിനെട്ടു മീറ്റർ താഴ്ചയിൽ എന്നാൽ ദ്വീപിനടിയിലെ ഒരു ടണലിലേക്കു അറുപത് മീറ്റർ ഉള്ളിൽ ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത് . അനേകം കടലാമകളുടെ അവശിഷ്ട്ടങ്ങളാണ് ഇവിടെനിന്നും ഗവേഷകർക്ക് ലഭിച്ചത്. മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിക്കിടക്കാൻ ശേഷിയുള്ള, ആയിരക്കണക്കിന് മൈലുകൾ നീന്തുന്ന കടലാമകൾ ഇവിടെ എങ്ങിനെ എത്തിപ്പെട്ടു എന്നും , കൂട്ടത്തോടെ എങ്ങിനെ മരണപ്പെട്ടു എന്നും ഇനിയും പിടികിട്ടിയിട്ടില്ല. ആനകൾക്കുള്ളതുപോലുള്ള ഒരു കാരണം ഇവയ്ക്കും കണ്ടേക്കാം.