മൂന്നു തലയുള്ള മനുഷ്യൻ!!

ഡോ. വിവേക് പൂന്തിയിൽ ബാലചന്ദ്രൻ

നിങ്ങൾ ജോലിക്ക് പോകുമ്പോൾ വഴിയിൽ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നോക്കി നിൽക്കാറില്ലേ? അപകടത്തിൽ പെട്ടവരെ സഹായിക്കാൻ ഉദ്ദേശമില്ലെങ്കിൽ പോലും! അതേപോലെ നിങ്ങളൊരു പുരുഷനാണെങ്കിൽ സുന്ദരിയായ ഒരു സ്ത്രീ മുന്നിൽ വരുമ്പോൾ അല്ലെങ്കിൽ സ്ത്രീയാണെങ്കിൽ സുന്ദരനായ ഒരു പുരുഷനു മുന്നിൽ വരുമ്പോൾ അറിയാതെ ഒന്നു നോക്കി പോകാറില്ലേ? ഭക്ഷണ സാധനത്തെക്കുറിച്ച് കേൾക്കുമ്പോൾ അറിയാതെ ശ്രദ്ധിക്കാറില്ലേ? എന്തുകൊണ്ടാണ് ഈ മൂന്ന് കാര്യങ്ങളിൽ അതായത് സെക്സ്, അപകടം ഭക്ഷണം എന്നീ കാര്യങ്ങളിൽ നാം ഇത്രമാത്രം ശ്രദ്ധ കൊടുക്കുന്നത്? അതെന്തുകൊണ്ടാണെന്ന് നമുക്കൊന്നു നോക്കാം.

ഞാൻ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം അറിയണമെങ്കിൽ നമുക്ക് നമ്മുടെ തലച്ചോറിനെകുറിച്ച് കുറച്ചൊക്കെ മനസ്സിലാകണം. നമ്മുടെ ശരീരത്തിലുള്ള എല്ലാ അവയവങ്ങളും ലക്ഷക്കണക്കിന് വർഷങ്ങളായുള്ള പരിണാമത്തിന്റെ ഫലമായാണ് ഇന്നു നമ്മൾ കാണുന്ന അവസ്ഥയിൽ എത്തിയിട്ടുള്ളത്, അതിൽ നമ്മുടെ തലച്ചോറുംപെടും. തുടർച്ചയായുള്ള 3 ഘട്ടങ്ങളിലൂടെയാണ് നമ്മുടെ തലച്ചോറ് പരിണമിച്ചിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ നമുക്ക് മൂന്നു തലച്ചോറുകൾ ഉണ്ടെന്നു പറയാൻ കഴിയും. അതിൽ ആദ്യം ഉണ്ടായത് ആർ-കോംപ്ലക്സ് അഥവാ ഉരഗ മസ്തിഷ്കമാണ്. കോടിക്കണക്കിനു വർഷങ്ങൾ മുമ്പ് നമ്മുടെ പൂർവ്വികരിലാണ് അത് പരിണമിച്ചുണ്ടായത്. ഉരഗ മസ്തിഷ്കത്തിന് ചുറ്റുമാണ് ലിംബിക് സിസ്റ്റം അഥവാ സസ്തനികളുടെ തലച്ചോറ് എന്ന രണ്ടാമത്തെ തലച്ചോറുള്ളത്. കോടിക്കണക്കിന് വർഷങ്ങൾ മുമ്പാണ് ഈ ഭാഗം നമ്മുടെ പൂർവ്വികരിൽ പരിണമിച്ചുണ്ടായത്. ഏറ്റവും പുറത്തായി പുതിയ മസ്തിഷ്കം അഥവാ സെറിബ്രൽ കോർട്ടെക്‌സ് സ്ഥിതി ചെയ്യുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പാണ് ഇത് നമ്മുടെ പൂർവ്വികരിൽ പരിണമിച്ചുണ്ടായത്.

ഈ മൂന്നെണ്ണത്തിൽ ഏറ്റവും പുതിയതായ സെറിബ്രൽ കോർട്ടെക്‌സ് ആണ് നമ്മെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. നമ്മുടെ ഏറ്റവും പുറത്തുള്ള ഈ തലച്ചോറാണ് നമ്മുടെ ചിന്തകളുടെയും സുബോധത്തിന്റെയും ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അസ്തിത്വത്തിന്റെയും കാരണം. ഉദാഹരണത്തിന് ഇപ്പോൾ ഇതു വായിക്കുമ്പോൾ നിങ്ങളെ ഇത് മനസ്സിലാക്കാൻ സഹായിക്കുന്നത്, നിങ്ങളിൽ പുതിയ ആശയങ്ങളും പ്രചോദനങ്ങളും ഉണ്ടാക്കുന്നത്, നിങ്ങളെ വായിപ്പിക്കുന്നതും എഴുതിപ്പിക്കുന്നതും ഒക്കെ ഈ തലച്ചോറാണ്. ചുരുക്കത്തിൽ മനുഷ്യൻ മനുഷ്യനാകുന്നത് ഈ തലച്ചോറ് കാരണമാണ്.

രണ്ടാമത്തെ തലച്ചോറായ ലിംബിക് സിസ്റ്റം ആണ് നമ്മുടെ വികാരത്തിന്റെയും ഉൽക്കണ്ഠയുടെയും കുട്ടികളോടുള്ള വാത്സല്യത്തിന്റെയും ഉറവിടം.

ഇതിന്റെ രണ്ടിന്റെയും ഉള്ളിൽ ആയാണ് നമ്മുടെ ഏറ്റവും പഴയ തലച്ചോറ് അഥവാ ആർ-കോംപ്ലക്സ് ഉള്ളത്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായ ഹൃദയമിടിപ്പ്, ശരീരോഷ്മാവ്, ശ്വസനം, ബാലൻസ് ഒക്കെ കൺട്രോൾ ചെയ്യുന്നത്. വാസ്തവത്തിൽ നമ്മുടെ തലച്ചോറിന്റെ ഈ ഭാഗത്തിന് ഉരഗങ്ങളുടെ തലച്ചോറുമായി സാമ്യമുള്ളതുകൊണ്ടാണ് അതിനെ ആർ-കോംപ്ലക്സ് അഥവാ reptilian-complex അതായത് ഉരഗ മസ്തിഷ്കം എന്നു വിളിക്കുന്നത്. ഇതിൻറെ പ്രധാന കടമ എന്നത് നമ്മെ ജീവനോടെ നിലനിർത്തുക എന്നതാണ്. ഇത് സ്ഥിരം നമ്മുടെ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടിരുന്നു, മൂന്ന് ചോദ്യങ്ങളുടെ ഉത്തരം കിട്ടാൻ വേണ്ടി.

  1. മുന്നിൽ കാണുന്ന സാധനത്തെ എനിക്ക് കഴിക്കാൻ പറ്റുമോ?
  2. മുന്നിൽ കാണുന്ന ആളുമായി എനിക്ക് ഇണ ചേരാൻ പറ്റുമോ?
  3. മുന്നിൽ കാണുന്ന സാധനം അല്ലെങ്കിൽ ആൾ എനിക്ക് അപകടമാണ്?

ഇത്രയും കാര്യങ്ങളാണ് ഈ തലച്ചോറ് എപ്പോഴും ചിന്തിക്കുന്നത്. അതായത് ഭക്ഷണം, സെക്സ്, അപകടം. വാസ്തവത്തിൽ നമുക്ക് ഏറ്റവും important ആയിട്ടുള്ള കാര്യങ്ങൾ അല്ലേ ഇവ മൂന്നും! ഭക്ഷണമില്ലെങ്കിൽ നമ്മൾ മരിക്കും, സെക്സ് നടന്നില്ലെങ്കിൽ നമ്മുടെ വർഗ്ഗം ഇല്ലാതാകും, അപകടത്തിൽനിന്ന് രക്ഷപ്പെടാൻ പറ്റിയില്ലെങ്കിൽ പിന്നെ പ്രത്യേകം പറയേണ്ട!

നമ്മുടെ തലച്ചോറ് ചില നഗരങ്ങളെ പോലെയാണു. കാലം കഴിയുംതോറും ആവശ്യങ്ങൾക്കനുസരിച്ച് പുതിയ നഗരഭാഗങ്ങളുണ്ടാകും. പക്ഷേ, പഴയ ഭാഗങ്ങൾ നമ്മൾ നശിപ്പിച്ചു കളയാറില്ല. കാരണം അവയെകൊണ്ട് ഒരുപാട് ആവശ്യമുണ്ട്. പുതിയ ഭാഗങ്ങൾ ഉണ്ടാകുമ്പോഴും കാര്യങ്ങൾ അതിൻറെ വഴിക്ക് നടക്കണ്ടേ!

നമ്മളിലെ സെറിബ്രൽ കോർട്ടെക്‌സ് അതായത് പുതിയ തലച്ചോറ് കാരണം നമ്മൾ civilized ആയി ഒപ്പം conscious-ഉം. അതുകൊണ്ട് ഭക്ഷണം, ഇണചേരാൻ പറ്റിയ ആൾ ഇവയൊക്കെ കാണുമ്പോൾ നമ്മൾ അതിലേക്ക് ചാടി വീഴുന്നില്ല. അത് ലോജിക്കലി ശരിയല്ല എന്ന് നമുക്ക് അറിയാം. പക്ഷേ നമ്മുടെ ഉരഗ മസ്തിഷ്കം കാരണം ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കാതെ പോകാൻ നമുക്ക് ഒരിക്കലും കഴിയില്ല.
ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ എന്തുകൊണ്ടാണ് സിനിമകളിലൊക്കെ വയലൻസും നഗ്നതയും കുത്തി നിറയ്ക്കുന്നത്. ഏത് ന്യൂസ് ചാനൽ തുറന്നാലും എത്ര നല്ല കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിലും അപകടങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും കൊലപാതകങ്ങളെകുറിച്ചുമാണ് കൂടുതൽ അവർ പറഞ്ഞു കൊണ്ടിരിക്കുക. കാരണം നമുക്ക് കാണാനും കേൾക്കാനും അറിയാനും ഇഷ്ടം അതൊക്കെയാണ്, നമ്മളിലെ ഉരഗ മസ്തിഷ്കം കാരണം.

ഇതിൽ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ നിങ്ങൾ ഏതു തരം ചിത്രങ്ങളുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കിൽ കൂടുതൽ വായിക്കുന്നതെന്ന് നോക്കിയാൽ മതി. നമ്മുടെ ഈ ഉരഗ മസ്തിഷ്കത്തിനെ എക്സ്പ്ലോയിറ്റ് ചെയ്താണ് കമ്പനികൾ പരസ്യം ഉണ്ടാക്കുന്നത്. ഒരു ബന്ധമില്ലാത്ത ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ പോലും ഒന്നുകിൽ സുന്ദരികളായ സ്ത്രീകൾ ഉണ്ടാകും അല്ലെങ്കിൽ നമ്മളിലെ അപകടഭീതി ഉണർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകും. ചുരുക്കത്തിൽ നമ്മുടെ ഉള്ളിലൊക്കെ ഒരു മുതലയുടെ മസ്തിഷ്കം ഉണ്ട്!