മൂന്നിടങ്ങളില്‍ വിജയമുറപ്പ്: ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് ആര്‍എസ്‌എസ് വിലയിരുത്തല്‍

കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് ആര്‍എസ്‌എസ് വിലയിരുത്തല്‍. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിക്ക് വിജയം ഉറപ്പാണെന്നും തൃശൂരില്‍ നല്ല സാധ്യതയുണ്ടെന്നും ആര്‍എസ്‌എസ് വിലയിരുത്തുന്നു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് വിലയിരുത്തല്‍. പലയിടത്തും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസിന്് വോട്ടു മറിച്ചുവെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. 
കണ്ണൂര്‍, കാസര്‍കോട്, തുടങ്ങിയ മണ്ഡലങ്ങളില്‍ കാര്യമായി വോട്ടുമറിഞ്ഞെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍ സീറ്റുകളില്‍ വോട്ടു കച്ചവടം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വടകരയും കോഴിക്കോടും ബിജെപിയുഡിഎഫ് വോട്ടുകച്ചവടം നടന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു

വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ എട്ടിലും യുഡിഎഫ് ജയം ഉറപ്പെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. നേരത്തെ കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും അവസാന നിമിഷം സാഹചര്യം അനുകൂലമായതായും നേതാക്കള്‍ പറയുന്നു.

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂലമായി ശക്തമായ ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. മലബാറിലെ സീറ്റുകള്‍ തൂത്തുവാരുന്ന സാഹചര്യം ഇതിലൂടെ സംജാതമായിട്ടുണ്ട്. പാലക്കാട് മാത്രമാണ് വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതെന്നാണ് ഇവരുടെ വിലയിരുത്തല്‍.

വടക്കന്‍ കേരളത്തില്‍ കാസര്‍ക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ സ്ഥിതി എളുപ്പമല്ലെന്നായിരുന്നു നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നത്. കാസര്‍ക്കോട് ഉറച്ച രാഷ്ട്രീയ വോട്ടുകള്‍ സിപിഎമ്മിനൊപ്പം നില്‍ക്കും. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഇവയില്‍ ഇളക്കമുണ്ടാക്കാനാണ് കോണ്‍ഗ്രസ് പ്രധാനമായും ശ്രമിച്ചത്. പ്രചാരണവും ഇതില്‍ ഊന്നിയായിരുന്നു. ഒരു പരിധി വരെ ഇതു വിജയിച്ചെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഇതിനൊപ്പം സംസ്ഥാനത്ത് ആകെയുണ്ടായിട്ടുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കൂടിയാവുമ്ബോള്‍ രാഷ്ട്രീയ വോട്ടുകളിലൂടെ എല്‍ഡിഎഫിനുള്ള മേല്‍ക്കൈ മറികടക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെ സ്ഥാനാര്‍തിത്വത്തിനു കിട്ടിയ സ്വീകാര്യത വലിയൊരളവോളം വോട്ടായി മാറുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

വോട്ടിങ് നില ഉയര്‍ന്നത് കേരളത്തിലുടനീളം, പ്രത്യേകിച്ചും മലബാറില്‍ യുഡിഎഫിന് അനുകൂലമായി വരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സാധാരണഗതിയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാത്ത വലിയൊരു വിഭാഗം ഇക്കുറി പോളിങ് ബൂത്തുകളില്‍ എത്തിയിട്ടുണ്ട്. സ്ത്രീവോട്ടര്‍മാരാണ് ഇവരില്‍ നല്ലൊരു പങ്കും. കെ മുരളീധരനും പി ജയരാജനും തമ്മില്‍ ശക്തിയേറിയ പോരാട്ടം നടന്ന വടകരയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതു മികച്ച സൂചകമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് ജയസാധ്യത വിരളമാണെന്ന് നേരത്തെ തന്നെ പാര്‍ട്ടി വിലയിരുത്തിരുത്തിയിരുന്നു. പോളിങ്ങിനു ശേഷവും ഈ സാഹചര്യത്തില്‍ വലിയ മാറ്റമൊന്നും പറയാനില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.