മൂന്നാറിലെ അനധികൃതനിര്‍മാണം ഹൈക്കോടതിയെ അറിയിക്കുമെന്ന് രേണു രാജ്

ഇടുക്കി: മൂന്നാറിലെ അനധികൃതനിര്‍മാണം ഹൈക്കോടതിയെ അറിയിക്കുമെന്ന് സബ് കലക്ടര്‍ രേണു രാജ്. കോടതി വിധിയുടെ ലംഘനമുണ്ടായതും തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യും. എസ്. രാജേന്ദ്രന്‍ എംഎല്‍എയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് രേണു രാജ് അറിയിച്ചു. നടന്ന സംഭവത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കും, റവന്യുസെക്രട്ടറിക്കും, കലക്ടര്‍ക്കും നല്‍കുമെന്നും രേണു രാജ് മൂന്നാറില്‍ പറഞ്ഞു.

ദേവികുളം സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതിവിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ.ചന്ദ്രശേഖരന്‍ കൂട്ടിച്ചേർത്തു. സബ് കലക്ടറെ എസ്.രാജേന്ദ്രന്‍ എംഎൽഎ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം.