മൂന്നാര്‍ കയ്യേറ്റം: സബ് കലക്ടറുടെ റിപ്പോര്‍ട്ട് എജിക്ക്

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കല്കടര്‍ രേണുരാജ് അഡ‍്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കി. എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടന്ന നിര്‍മാണം റവന്യൂ വകുപ്പിന്‍റെ അനുമതിയോടെയല്ലെന്നാണ് റിപ്പോര്‍ട്ടിലുളളത്. തുടര്‍ നടപടികള്‍ ആലോചിക്കുന്നതുമായി സബ് കലക്ടറെ അഡ്വക്കേറ്റ് ജനറിലിന്‍റെ ഓഫീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചു. ഇതിനിടെ സബ് കലക്ടര്‍ക്ക് പിന്തുണയുമായി റവന്യൂ മന്ത്രിയും സിപിഐ നേതാക്കളും രംഗത്തെത്തി.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും പാടില്ലെന്നാണ് 2010ലെ ഹൈക്കോടതി ഉത്തരവ്. ഇത് നിലനില്‍ക്കെയാണ് മുതിരപ്പുഴയാറിനോട് ചേര്‍ന്ന് പഞ്ചായത്ത് നിര്‍മാണം തുടങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ സ്റ്റോപ് മെമ്മോ നല്‍കി. എന്നാല്‍ അത് പരിഗണിക്കാതെ നിര്‍മാണം തുടര്‍ന്നു. എം എല്‍ എ എസ് രാജേന്ദ്രന്‍റെ കൂടി സാന്നിധ്യത്തിലായിരുന്നു ഇത്.

ഒരു ഘട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട ചിലര്‍ ഉദ്യോഗസ്ഥരെ തടയുക കൂടി ചെയ്തു. സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം തുടര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി കോടതിലക്ഷ്യമായിക്കണ്ട് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ സബ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ സബ് കലക്ടറുടെ നടപടി ശരിയാണെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

നിയമവിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുത്തേ മതിയാകൂ എന്നായിരുന്നു സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂമന്ത്രിയുടെ പ്രതികരണം. ഹൈക്കോടതിയുടെ പരിഗണന പരിധിയില്‍പ്പെടാത്തതിനാലാണ് എം എല്‍ എ അധിക്ഷേപിച്ച്‌ സംസാരിച്ച കാര്യം സബ് കല്കടര്‍ റിപ്പോ‍ര്‍ട്ടില്‍ ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ റവന്യൂ സെക്രട്ടറിയെ അടക്കം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.