മൂട്ടയെ നശിപ്പിക്കാം

സുജിത് കുമാർ

ഒരു കാലത്ത് നമ്മുടെ നാട്ടിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നതും എന്നാൽ ഇപ്പോൾ ഏറെക്കുറെ വംശ നാശം സംഭവിച്ചുപോയതുമായ ഒരു ജീവി ആണ്‌ മൂട്ട. തീയറ്ററുകളിലെ മൂട്ട ശല്ല്യമൊക്കെ സ്ഥിരം വാർത്തകൾ ആയിരുന്നു. ഇപ്പോൾ ഏറെക്കുറെ നമ്മുടെ നാട് മൂട്ട വിമുക്തമാണെന്ന് പറയാം. പക്ഷേ കുറേ വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ പാലക്കാടു നിന്നും ബാംഗളൂരിലേക്ക് കയറിയ ബസ്സിൽ അവസാനം സീറ്റിൽ നിന്നിറങ്ങി നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥ ഉണ്ടായതും ഓർക്കുന്നു. ഇപ്പോഴും ടൂറിസ്റ്റ് ബസ്സുകളിൽ മൂട്ട ശല്ല്യമുണ്ടെന്നൊക്കെ കേൾക്കുന്നുണ്ട്. എയർ ഇന്ത്യയുടെ ഒരു വിമാനം ഈ അടുത്തിടെ മൂട്ട ശല്ല്യത്താൽ ഷെഡ്യൂൾ മുടങ്ങുകയോ മറ്റോ ചെയ്തിരുന്നതായി വാർത്ത ഉണ്ടായിരുന്നു. ഇപ്പോൾ മൂട്ടയെക്കുറിച്ച് പറയാൻ ഒരു കാരണമുണ്ട്.

ഒരു സുഹൃത്തുമായി ചേർന്ന് നടത്തിയ വിജയകരമായ ഓപ്പറേഷൻ മൂട്ട നിർമ്മാർജ്ജനം വിജയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. കാരണം ഗൾഫ് രാജ്യങ്ങളിലൊക്കെയുള്ള ധാരാളം സുഹൃത്തുക്കൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണല്ലോ മൂട്ട ശല്ല്യം.

ലോകത്തെമ്പാടും വലിയൊരു ശല്ല്യമായിരുന്ന മൂട്ട ഡി ഡി റ്റി എന്ന കീടനാശിനിയുടെ വരവോടെയാണ്‌ പലയിടത്തു നിന്നും കുറ്റി അറ്റുപോയത്. ഡി ഡി റ്റി യുടെ നിരോധനത്തെത്തുടർന്ന് ഇന്ന് മൂട്ടകളെ കൊല്ലാൻ മറ്റ് കീട നാശിനികൾ ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും മനുഷ്യർ നേരിട്ട് ഇടപഴകുന്ന സ്ഥലത്താണ്‌ ഇവ പ്രയോഗിക്കുന്നത് എന്നതിനാൽ ആരോഗ്യപരമായി ഇത് ഒട്ടും സുരക്ഷിതമല്ല. ഗൾഫ് രാജ്യങ്ങളിൽ ഇത്തരം കീടനാശിനികൾ ഉപയോഗിച്ച് ബെഡ് ബഗ് ട്രീറ്റ്മെന്റ് നടത്തിയതിനു ശേഷം വീടുകളിൽ കിടന്നുറങ്ങിയവർ മരണപ്പെട്ട ധാരാളം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടൂണ്ട്.

വളരെ ഏറെ പഠനം നടത്തപ്പെട്ട ഒരു ഷഡ്പദമാണ്‌ മൂട്ട. മൂട്ട നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും മൂട്ടയുടെ ജീവിത ചക്രത്തെക്കുറിച്ചുമൊക്കെ വിശദമായ പഠന റിപ്പോർട്ടുകൾ നിലവിലുണ്ട്.

മൂട്ടയെ നിയന്ത്രിക്കുന്നതിനു മുൻപ് അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ

1. ഒരു മൂട്ടയുടെ ശരാശരി ആയുസ്സ് 18 മാസം വരെ ആണെന്ന് അറിയുക. അതായത് ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ചോര കുടിക്കാൻ കിട്ടിയാൽ ആരോഗ്യവാനായ ഒരു മൂട്ട ഒന്നര വർഷക്കാലം ജീവിക്കുമെന്നർത്ഥം.
2. മൂട്ട നിയന്ത്രണം പാളിപ്പോകുന്നത് പല കാരണങ്ങളാൽ ആണ്‌. ഒരൊറ്റ ദിവസം കൊണ്ടോ ഒരു പ്രത്യേക ട്രീറ്റ്മെന്റ് കൊണ്ടോ മൂട്ടയെ തുടച്ച് നിക്കാമെന്നു കരുതുന്നത് അതിമോഹമാണ്‌. മൂട്ട രക്തം കുടിക്കാനായി ജീവിക്കുന്ന ഒരു ജീവി അല്ല. മറിച്ച് ജീവിക്കാനായി രക്തം കുടിക്കുന്ന ഒരു ജീവിയാണ്‌. അതായത് ഒരു പ്രായപൂർത്തിയായ മൂട്ടയ്ക്ക് എട്ടോ പത്തോ ദിവസം കൂടുമ്പോൾ രക്തം കുടിച്ചാൽ മതിയാകും. രക്തം കുടിച്ച ശേഷം വെളിച്ചം തട്ടാത്ത ഇരുണ്ട ഇടങ്ങളിലേക്ക് മാറുകയും പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിശക്കുമ്പോൾ വന്ന് വീണ്ടും കടിക്കുകയുമാണ്‌ ചെയ്യുന്നത്.
3. മൂട്ടയ്ക്ക് തണുപ്പ് വലിയ വിഷയമല്ല. പക്ഷേ ചൂട് ഒട്ടും സഹിക്കാനാകില്ല. അതുകൊണ്ടാണ്‌ ഇരുട്ടിനെ ഇഷ്ടപ്പെടുന്നത്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും വലിയ വരണ്ട കാലാവസ്ഥയിലും 50 ഡിഗ്രി ഊഷ്മാവിനും മുകളിൽ മൂട്ടയ്ക്ക് അതിജീവിക്കാനാകില്ല.
4. മിക്കവാറും എല്ലാ കീടനാശിനികളും മൂട്ടയുടെ ശരീരത്തിൽ തട്ടിയാൽ മാത്രമേ‌ ഫലപ്രദമാകൂ. മൂട്ട നിയന്ത്രണം നടത്താൻ മരുന്നടിക്കുമ്പോൾ ഫർണ്ണിച്ചറിന്റെയും മറ്റും ജോയിന്റുകളിൽ ഒളിച്ചിരിക്കുന്ന മൂട്ടകൾ അതുകൊണ്ട് രക്ഷപ്പെടുന്നു.
5.നാട്ട് പൊടിക്കൈകൾ ആയ ചൂടു വെള്ളം, അപ്പക്കാരം, ഡെറ്റോൾ, ആൾക്കഹൊൾ, പുതിന ഇല, പുൽത്തൈലം തുടങ്ങിയവയൊക്കെ ഒരു പരിധി വരെ ഫലപ്രദമാണെങ്കിലും അവയൊന്നും പൂർണ്ണ നിയന്ത്രണം സാദ്ധ്യമാക്കുന്നില്ല.
6.വ്യത്യസ്ത മൂട്ട നിയന്ത്രണ മാർഗ്ഗങ്ങൾ ഒരു മാസമെങ്കിലും നിശ്ചിത ഇടവേളകളിൽ മാറി മാറി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഫലപ്രദം.

മൂട്ട നിർമ്മാർജ്ജനത്തിനായി ഒരു പ്രൊഫഷണൽ ഏജൻസിയെ സമിപിക്കാമെന്നാണ്‌ ആദ്യം കരുതിയത്. അവരുടെ ചാർജ്ജും നിബന്ധനകളും കേട്ടപ്പോൾ കണ്ണു തള്ളിപ്പോയി. 10000 രൂപ. മുറികൾ മുഴുവൻ മറ്റു വസ്തുക്കളൊക്കെ മാറ്റി ഒരുക്കിക്കൊടുക്കണം. എന്നാൽ ഈ പണി സ്വന്തമായി ഒന്ന് പരീക്ഷിച്ചാലെന്താ എന്ന് തോന്നിയതിനാലാണ്‌ അല്പം റിസർച്ച് ചെയ്തത്. അതി രൂക്ഷ ഗന്ധമില്ലാത്ത ഫർണിച്ചറിലും കിടക്കയിലുമൊന്നും കറപിടിക്കാത്ത തരത്തിലുള്ള എന്തെങ്കിലും ട്രീറ്റ്മെന്റ് നടക്കുമോ എന്നായിരുന്നു നോക്കിയത്. പ്രൊഫഷണൽ ഏജൻസികൾ ചെയ്യുന്ന മൂട്ട നിർമ്മാർജ്ജനത്തിന്റെ ആദ്യ പടി നീരാവി ഉപയോഗിച്ചുകൊണ്ട് ചൂടാക്കി മൂട്ടകളെ കൊല്ലുക എന്നതാണ്‌. 50 ഡിഗ്രിക്ക് മുകളിൽ ചൂട് മൂട്ടകൾക്ക് താങ്ങാനാകാത്തതിനാലും നീരാവി ഫർണിച്ചറിന്റെ വിടവുകളിൽ പോലും കയറിച്ചെല്ലും എന്നതിനാലും വളരെ ഫലപ്രദവുമാണത്. പക്ഷേ സ്റ്റീം ഗൺ വളരെ വിലക്കൂടിയതായതിനാലും അതിന് പിന്നീട് അത്ര ഉപയോഗം കാണാത്തതിനാലും ആ പണി വേണ്ടെന്ന് വച്ചു. മൂട്ട ശല്ല്യം വളരെ കൂടുതൽ ഇല്ല എന്നതിനാൽ വലിയ രീതിയിലുള്ള ഒരു ഓപ്പറേഷൻ ആവശ്യവുമില്ലായിരുന്നു.

അപ്പോഴാണ് ആമസോണിൽ മൂട്ടകളെ പൂർണ്ണമായും നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകുന്ന ‘ഗുൺ മോണിംഗ്’ എന്ന ബ്രാൻഡിലുള്ള ഉഗ്രൻ പോസിറ്റീവ് റിവ്യൂസ് ഉള്ള ഒരു മരുന്ന് ശ്രദ്ധയിൽ പെടുന്നത്. അഞ്ചു പാക്കറ്റിന്റെ വില 450 രൂപ. എന്തായാലും അത് ഒന്ന് പരീക്ഷിച്ചതിനു ശേഷം ആകാം മറ്റുള്ള കാര്യങ്ങൾ എന്ന് തീരുമാനിച്ചു. രാത്രി കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഹാൻഡ് സ്പ്രേയർ ഉപയോഗിച്ച് എല്ലായിടത്തും സ്പ്രേ ചെയ്യുക എന്നതാണ്‌ ഉപയോഗ രീതി. അതുപോലെ തന്നെ ചെയ്തു. ഒട്ടും മണമില്ലാത്തതും കറ പിടിക്കാത്തതും ആയതിനാൽ കിടക്കയിലും കർട്ടനിലുമൊക്കെ നേരിട്ട് തന്നെ സ്പ്രേ ചെയ്യാം.

കീടനാശിനി അല്ല എന്ന് അതിന്റെ പാക്കറ്റിനു പുറത്ത് എഴുതിയിട്ടുണ്ട് എന്നതിനെ വിശ്വസിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ഒരൊറ്റ തവണ ഉപയോഗിച്ചപ്പോൾ തന്നെ ഫലം അത്ഭുതാവഹം ആയിരുന്നു. ആദ്യത്തെ ദിവസം തന്നെ മൂട്ട കടി ഇല്ലാത്ത ഉറക്കം. നാലു ദിവസത്തേ ഇടവേളയ്ക്ക് ശേഷം ഒന്നു കൂടി പ്രയോഗിച്ചു. ഒരാഴ്ച്ചയ്ക്ക് ശേഷം ഒന്നു കൂടി. പ്രത്യേകിച്ച് ശല്ല്യമൊന്നുമുണ്ടാകാതിരുന്നിട്ടും ഒരു മനസ്സമാധാനത്തിനായി ഒരു പാക്കറ്റ് കൂടി വാങ്ങി ഓരോ ആഴ്ച്ചകളുടെ ഇടവേളകളിൽ ഉപയോഗിച്ചു. അതിനു ശേഷം ഒരു മാസം ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. മൂട്ടയിൽ നിന്നും ശാശ്വത മോചനം.

ഈ മരുന്നിന്റെ ഫോർമുല എന്താണെന്ന് യാതൊരു പിടുത്തവുമില്ല. പക്ഷേ ഇതിലും നല്ലൊരു മരുന്ന് മറ്റൊന്നുണ്ടോ എന്ന് സംശയം.

ഈ മാർഗ്ഗം എല്ലായിടത്തും ഫലപ്രദമാകണമെന്നില്ല. കാരണം മൂട്ട ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എളുപ്പത്തിൽ പടരുന്ന ഒരു ജീവിയാണ്‌. ജോലിസ്ഥലത്തു നിന്നും വീട്ടീലേക്കും ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്കും വസ്ത്രങ്ങളിലൂടെയും ബാഗുകളിലൂടെയുമൊക്കെ എളുപ്പത്തിൽ പരക്കുന്നതിനാൽ മൂട്ട ശല്ല്യം ഒരു പൊതു പ്രശ്നമായ ഇടങ്ങളിൽ ഇടയ്ക്കിടെ ഇത് പ്രയോഗിക്കേണ്ടി വരും. എങ്കിലും ഒരു കാര്യം ഉറപ്പ്. മണമില്ലാത്ത കറപിടിക്കാത്ത ഈ മരുന്ന് മൂട്ട ശല്ല്യത്താൽ വിഷമിക്കുന്നവർക്ക് ഒരനുഗ്രഹം തന്നെ.

N.B.പ്രവാസികൾ നാട്ടിലേക്ക് പോകുമ്പോൾ വാങ്ങിക്കൊണ്ടുപോകാൻ പറ്റുമോ എന്നറിയില്ല കാരണം വല്ല മയക്കുമരുന്നുമാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടിച്ചാൽ പണി പാളും.