മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനക്കുറ്റമാരോപിച്ച് ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിനു പിന്നാലെയാണ് ഷമിയെ കാണാതായത്. ഡല്‍ഹിയിലും ഗാസിയാബാദിലുമാണ് താരം അവസാനമായി ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഷമി എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവുമില്ല. താരത്തെ ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കു ശേഷം ഷമിയെ ആരും കണ്ടിട്ടില്ല.

ഗാസിയാബാദിലേക്കു പോകുന്നതിനായി മൂത്ത സഹോദരനോടൊപ്പം ഷമി ഡല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നു. ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഷമിയുടെ ബന്ധുക്കളില്‍ ചിലര്‍ കൊല്‍ക്കത്തയിലേക്കു പോയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ബന്ധുക്കള്‍ ഷമിയെ വിളിച്ചപ്പോള്‍ ഗാസിയാബാദില്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കാനും തന്റെ പക്കലുള്ള തെളിവുകള്‍വച്ച് കേസിന്റെ കാര്യങ്ങള്‍ നോക്കിക്കോളാമെന്നും ഷമി ബന്ധുക്കളോട് പറഞ്ഞിരുന്നു.

അതിനുശേഷം ഷമിയുടെയും സഹോദരന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. അതേസമയം ഭാര്യയുടെ പരാതിയില്‍ ഷമിയുമായി ബന്ധപ്പെടാന്‍ കൊല്‍ക്കത്ത പൊലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല. ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുഹമ്മദ് ഷമിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലാല്‍ ബസാര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഷമിക്കു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്.