മുസാഫര്‍ നഗര്‍ കലാപക്കേസ്: ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവ്

ലക്നൗ: മുസാഫര്‍ നഗര്‍ കലാപക്കേസില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മുസാഫര്‍ നഗറിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് വിധി പ്രസ്ഥാവിച്ചത്.

കാവല്‍ ഗ്രാമത്തിലെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മുസാമില്‍, മുജാസിം, ഫുര്‍കന്‍, നഥീം, ജഹാഗീര്‍, അഫ്സല്‍, ഇക്ബാല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. ബുധനാഴ്ച നടന്ന വിചാരണയില്‍ ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2013ലാണ് മുസാഫര്‍ നഗറില്‍ കലാപം ഉണ്ടായത്. രണ്ട് യുവാക്കളുടെ കൊലപാതകമാണ് കലാപത്തിന് വഴിവച്ചത്. കലാപത്തില്‍ 66 പേര്‍ കൊല്ലപ്പെടുകയും 50,000ല്‍ അധികം പേര്‍ക്ക് വീടും സ്വത്തുക്കളും നഷ്ടമാവുകയും ചെയ്തിരുന്നു.

ഏഴ് പേരില്‍ അഞ്ച് പേര്‍ ചേര്‍ന്നാണ് യുവാക്കളെ തല്ലിക്കൊന്നത്. മറ്റ് രണ്ട് പ്രതികളായ അഫ്‌സലും ഇക്ബാലും വിചാരണ വേളയിലാണ് സെക്ഷന്‍ 319 അനുസരിച്ച് കോടതിയില്‍ ഹാജരായതും കൊലപാതകത്തിലെഇവരുടെ പങ്ക് വെളിവായതും.