മുല്ലപ്പള്ളിയുടെ വടകര അടക്കമുള്ള മലബാറിലെ അഞ്ചു ലോക്സഭാ സീറ്റുകളും ഇക്കുറി ഇടത് മുന്നണി സ്വന്തമാക്കും: പി.മോഹനന്‍ മാസ്റ്റര്‍

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചാലും ഇല്ലെങ്കിലും വടകര ലോക്സഭാ സീറ്റ് ഇക്കുറി ഇടതുമുന്നണി നേടുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ 24 കേരളയോടു പറഞ്ഞു.

എല്‍ജെഡിയുടെ ഇടതുമുന്നണിയിലേക്കുള്ള തിരിച്ചു വരവ് വടകര ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല മലബാറിലെ ലോക്സഭാ സീറ്റുകളുടെ കാര്യത്തില്‍ വരെ നിര്‍ണ്ണായകമാകും. വടകര ജനതാദള്‍ ഒരു ശക്തിയാണ്. ജെഡിയു യുഡിഎഫിനൊപ്പം നിന്നതിനാലാണ് വടകര ലോക്സഭാ സീറ്റ് യുഡിഎഫിന്‍റെ കൈകളില്‍ അമരാന്‍ കാരണം.

ഇക്കുറി എല്‍ജെഡി ഒപ്പമുള്ളതിനാല്‍ വടകര ലോക്സഭാ സീറ്റില്‍ വിജയം യുഡിഎഫിനൊപ്പം നില്‍ക്കില്ല.  മലബാറിലെ കാസര്‍കോട് മുതല്‍ വയനാട് വരെയുള്ള അഞ്ചു ലോക്സഭാ സീറ്റുകളും ഇടതുമുന്നണി നേടും. യുഡിഎഫ് കരുതും പോലെ കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അല്ല കേരളത്തില്‍ നിലനില്‍ക്കുന്നത്. രാഷ്ട്രീയ ബന്ധങ്ങളും മാറിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെപോലെ ഒരു നേട്ടം കേരളത്തിലെ ലോക്സഭാ സീറ്റുകളില്‍ യുഡിഎഫിനു കൈവരിക്കാന്‍ പ്രയാസമാണ്. യുഡിഎഫ് അവകാശവാദങ്ങള്‍ ഒന്നും തന്നെ ഈ കാര്യത്തില്‍ പ്രസക്തമല്ല-മോഹനന്‍ മാസ്റ്റര്‍ പറയുന്നു.

കെപിസിസി അധ്യക്ഷന്‍ ആയി നിയമിതനായതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിക്കാന്‍ സാധ്യത കുറവായിരിക്കെയാണ് വടകര ലോക്സഭാ സീറ്റിലെ ജയാപജയ സാധ്യതകള്‍ മുന്‍ നിര്‍ത്തി 24 കേരള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ടിന്നോടുള്ള പ്രതികരണമായാണ് മലബാറിലെ അഞ്ചു ലോക്സഭാ സീറ്റുകളും സിപിഎം നേടുമെന്ന് മോഹനന്‍ മാസ്റ്റര്‍ പറഞ്ഞത്.

വടകര കഴിഞ്ഞ രണ്ടു തവണ പരാജയപ്പെട്ടപ്പോഴും പരാജയത്തിന്റെ മാര്‍ജിന്‍ സിപിഎം കുറച്ചു കുറച്ചു കൊണ്ടുവന്നിരുന്നു. 2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50000 ലേറെ വോട്ടുകള്‍ക്ക് മുല്ലപ്പള്ളിയോട് സിപിഎമ്മിന്റെ പി.സതീദേവി പരാജയപ്പെട്ടപ്പോള്‍ 2014ല്‍ മൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ ഷംസീര്‍ മുല്ലപ്പള്ളിയോട് പരാജയപ്പെടുന്നത്.

വീരേന്ദ്രകുമാര്‍

മുല്ലപ്പള്ളിയുടെ ഈ വിജയം തലനാരിഴയ്ക്കുള്ള ഒരു വിജയമായിരുന്നു. മുല്ലപ്പള്ളിയുടെ വടകര നിന്നുള്ള രണ്ടു വിജയങ്ങള്‍ക്കും പിന്നില്‍ ജെഡിയുവിന്റെ മുന്നണി മാറലാണ് എന്ന് തിരിച്ചറിഞ്ഞാണ് ജെഡിയുവിനെ വീണ്ടും ഇടതുമുന്നണി തങ്ങളിലേക്ക് അടുപ്പിച്ചത്. ഇപ്പോഴും മുന്നണി പ്രവേശനം സാധ്യമായില്ലെങ്കിലും എല്‍ജെഡിയ്ക്ക് ഒരു രാജ്യസഭാ സീറ്റ് വിട്ട്കൊടുത്ത എല്‍ജെഡിയുടെ പ്രസിഡന്റ് ആയിരുന്ന എം.പി.വീരേന്ദ്രകുമാറിനെ വീണ്ടും രാജ്യസഭാ എംപിയാക്കി മാറ്റിയിട്ടുണ്ട്. ഇതുവഴി മലബാറിലെ അഞ്ചു ലോക്സഭാ സീറ്റിലും എല്‍ജെഡിയുടെ പിന്തുണ ഇടതുമുന്നണി ഉറപ്പാക്കിയിട്ടുണ്ട്.

മലബാറില്‍ ശക്തിയുള്ള ജനതാദള്‍ സെക്യുലര്‍ നിലവില്‍ ഇടതുമുന്നണിയില്‍ അംഗമാണ്. ഇവര്‍ക്ക് ഒരു ജലവിഭവവകുപ്പിന്റെ മന്ത്രിപദവിയും സിപിഎം നല്‍കിയിട്ടുണ്ട്. എല്‍ജെഡി ഇടതുമുന്നണിയിലേക്ക് മാറുമ്പോള്‍ അതുവരെ യുഡിഎഫ് ഭാഗമായി തുടര്‍ന്ന മാതൃഭൂമി പത്രം കൂടി ഇടതുമുന്നണിയിലേക്ക് മാറിയിട്ടുണ്ട്. ആവശ്യം വരുമ്പോള്‍ ആഞ്ഞടിക്കാന്‍ കഴിയുന്ന ഈ കഴിവ് പത്രവും ചാനലും തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പുറത്തെടുക്കുകയും ചെയ്യും