മുന്നോക്ക സാമ്പത്തിക സംവരണം: ഉത്തരവിന് സ്‌റ്റേയില്ല

ന്യൂഡല്‍ഹി: മുന്നാക്ക സമുദായങ്ങള്‍ക്ക് 10 ശതമാനം സാമ്ബത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

മുന്നോക്ക വിഭാഗങ്ങളില്‍ തന്നെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നയാള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണവും തൊഴിലവസരങ്ങളും നല്‍കാനുള്ള നിയമത്തിനെതിരെ വ്യാപാരിയായ ടെഹ്‌സീന്‍ പൂനാവാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാടറിയിച്ചത്.

സമാനതയുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ ഈ ഹര്‍ജിയും മാറ്റി. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നു വിശദീകരണവും തേടിയിട്ടുണ്ട്. സാമ്ബത്തികമായ ഉന്നമനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സംവരണത്തിന്റെ ലക്ഷ്യമെന്നും പൂനാവാലയുടെ വാദം തന്നെയാണ് യൂത്ത് ഫോര്‍ ഇക്വാലിറ്റിയും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.

മുന്നോക്ക സംവരണ നിയമം സംബന്ധിച്ച ഹര്‍ജികള്‍ നാലാഴ്ചയ്ക്കകം വാദം കേള്‍ക്കുമെന്ന് ജനുവരി 25ന് കോടതി അറിയിച്ചിരുന്നു. മുന്നോക്ക സംവരണ നിയമത്തിനെതിരേ തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവും ദ്രാവിഡ കഴകവും കോടതിയെ സമീപിച്ചിരുന്നു. ഡിഎംകെയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ജനുവരി 21ന് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നത്.