മുനമ്പം മനുഷ്യക്കടത്ത്: പിടിയിലായവരെ ഐബി ചോദ്യം ചെയ്യുന്നു

കൊച്ചി: മുനമ്പം വഴി നടന്ന മനുഷ്യക്കടത്ത് കേസിൽ പിടിയിലായവരെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്യുന്നു. ഡൽഹിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരിൽ നിന്ന് വിവരം ശേഖരിക്കാൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ആലുവയിലെത്തി. മുനമ്പം അടക്കം എറണാകുളത്തിന്റെ തീരപ്രദേശങ്ങൾ സ്ഥിരം മനുഷ്യക്കടത്തിന് കേന്ദ്രമാകുന്നു എന്ന സംശയം ഏജന്സികൾക്കുണ്ട്. കൂടാതെ ബോട്ടിൽ വിദേശത്തേക്ക് കടന്നവരുടെ സുരക്ഷയെ സംബന്ധിച്ചും ഗുരുതര ആശങ്കയുണ്ട്.

ഇവരെ കണ്ടെത്തി തിരികെ എത്തിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. അതേസമയം കടത്തിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന ശ്രീകാന്തൻ അടക്കമുള്ളവരെ കണ്ടെത്താൻ ഇനിയും അന്വേഷണ സംഘത്തിനായിട്ടില്ല.

അതേസമയം മുനമ്പം തീരത്തു നിന്ന് സ്ത്രീകളും കുട്ടികളും അടക്കം മത്സ്യബന്ധന ബോട്ട് ന്യൂസിലാന്റിലേക്ക് പോയ സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് അടുക്കുന്നുവെന്ന് സൂചന. ഭക്ഷണവും ഇന്ധനവും തീര്‍ന്നു തുടങ്ങിയതാണ് കാരണമെന്നാണ് വിലയിരുത്തല്‍.

കൊച്ചിയിൽനിന്ന് ന്യൂസീലൻഡിലേക്ക് കടൽമാർഗം 11,470 കിലോമീറ്റർ ദൂരമുണ്ട്. 47 ദിവസം തുടർച്ചയായി സഞ്ചരിച്ചാലേ ന്യൂസീലൻഡ് തീരത്തെത്തൂ. ബോട്ടിൽ ഒറ്റയടിക്ക് ഇത്രയും ദൈർഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇൻഡൊനീഷ്യ ലക്ഷ്യമാക്കാൻ കാരണമെന്ന് പോലീസ് കരുതുന്നു.ഒരാഴ്ചമുമ്പ് മുനമ്പത്തുനിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിർത്തി കടന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ശ്രീലങ്കൻ സ്വദേശികൾ അടക്കം 230 പേരടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ചയാണ് മുനമ്പത്ത് നിന്നും പുറപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ വിദേശ അന്വേഷണം ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം. ഇതുവരെനടന്ന അന്വേഷണറിപ്പോർട്ടുകൾ കേന്ദ്ര ഏജൻസികൾക്കും കൈമാറി.നയതന്ത്ര ഇടപടലുകൾക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.