മുനമ്പം മനുഷ്യക്കടത്ത്‌: സംഘം പോയത് ഓസ്‌ട്രേലിയയിലേക്കെന്ന് സ്ഥിരീകരണം;പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് സൂചന

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍പ്പെട്ടവര്‍ പോയത് ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കെന്ന് വിവരം. കൊച്ചി വഴി മുന്‍പും മനുഷ്യക്കടത്തിന് ശ്രമിച്ചവര്‍ തന്നെയാണ് മുനമ്പം വഴിയുളള രാജ്യാന്തര കുടിയേറ്റത്തിനും പിന്നിലെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്നുളളവര്‍ പോയത് ഓസ്‌ട്രേലിയയിലേക്കെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിന്ന് മാത്രം 300 പേര്‍ മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടതായാണ് വിവരം. ഓസ്‌ട്രേലിയയില്‍ എത്തിക്കാന്‍ ഒരാളില്‍ നിന്ന് വാങ്ങുന്നത് ഏഴുലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടു ദിവസം മുന്‍പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മത്സ്യ ബന്ധന പോട്ടില്‍ പുറപ്പെട്ടത്. മുമ്പത്തു നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യകടത്തിനെ കുറിച്ച് സൂചന നല്‍കിയത്.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി സമാനരീതിയില്‍ ഓസ്‌ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തമിഴ്‌നാട്ടിലെ ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു. ഇതിനിടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.

മുനമ്പം മനുഷ്യകടത്തിനുപയോഗിച്ചതെന്ന് സംശയിക്കുന്ന ബോട്ട് മാല്യങ്കരയില്‍ എത്തിയത് ഒരു മാസം മുന്‍പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുന്ന പമ്പില്‍ മുനമ്പത്തെ പമ്പില്‍ നിന്ന് 15000 ലിറ്റര്‍ ഇന്ധനം വാങ്ങി. ഡീസല്‍ പമ്പ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നത് എല്ലാവരും ശ്രീലങ്കന്‍ വംശജരാണെന്നാണ് സൂചന.