മുദ്രാ രാക്ഷസവും, രാക്ഷസ യജ്ഞവും

പുടയൂർ ജയനാരായണൻ

മാടമ്പള്ളിയിലെ ആ മനോരോഗിയിൽ നിന്നും വീണ്ടും തിരുമൊഴി ഉണ്ടായിരിക്കുന്നു. രാക്ഷസൻ എന്നതാണ് പുതിയ പ്രയോഗം.. കുട്ടിക്കാലത്തെ ഫാന്റസി കഥകളിലേക്ക് പെട്ടെന്ന് തന്നെ നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട് രാക്ഷസൻ എന്ന പദം. തീക്കട്ട പോലെ തിളങ്ങുന്ന കണ്ണുകളും, കോന്ത്രൻ പല്ലും, കൊമ്പും; രാക്ഷസൻ അന്ന് ഏറെ ഭയപ്പെടുത്തുന്ന ഓർമ്മകൾ ആയിരുന്നു.

അപ്പോൾ ചോദ്യമിതാണ് ആരാണ് രാക്ഷസൻ…?

പുരാണേതിഹാസങ്ങളിൽ പറയുന്ന അമാനുഷികവർഗ്ഗം, രാത്രിഞ്ചരൻ, നരഭോജി. രാക്ഷസൻ എന്ന വാക്കിന് അർത്ഥങ്ങൾ ഇങ്ങിനെയൊക്കെയാണ്. എന്നാൽ രാക്ഷസൻ എന്ന വാക്കിന് മന്ത്രി എന്ന ഒരു അർത്ഥം കൂടിയുണ്ട് എന്ന് എത്ര പേർക്കറിയാം. കളി പറഞ്ഞതല്ല. അങ്ങിനെയും ഒരു അർത്ഥം രാക്ഷസ ശബ്ദത്തിന് ഉണ്ട്ത്രെ.

പുരാണങ്ങളിൽ മാത്രമല്ല പുരാതന ഭാരതത്തിന്റെ ചരിത്രത്തിൽ പോലും അതിന് തെളിവുണ്ട്. ചിലർ പറയാറുള്ള കെട്ടിച്ചമച്ച ചരിത്രത്തിലല്ല, യഥാർത്ഥ ചരിത്രത്തിലും അങ്ങിനെയൊരു കഥാപാത്രമുണ്ട്. മഗധയിലെ രാജാവായിരുന്ന നന്ദ രാജാവിന്റെ പ്രധാനമന്ത്രിയുടെ പേരാണ് രാക്ഷസൻ എന്നത്. ചന്ദ്രഗുപ്ത മൗര്യന്റെ സമകാലികനായ ഈ രാക്ഷസൻ എന്ന മന്ത്രിയെ മുഖ്യ കഥാപാത്രമാക്കിയാണ് AD നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത സംസ്കൃത നാടകകൃത്തും, കവിയുമായ വിശാഖദത്തൻ രചിച്ച മുദ്രാ രാക്ഷസം എന്ന നാടകം.

ഭക്തിയും പ്രണയവും മാത്രം നാടകങ്ങളുടെ പ്രമേയമായിരുന്ന ഒരു കാലത്ത് ചരിത്രവും രാഷ്ട്രതന്ത്രവും പ്രമേയമാക്കി സംസ്കൃതത്തിൽ രചിച്ച ആദ്യത്തെ നാടകമായി കൂടിയാണ് ഈ നാടകത്തെ പരിഗണിക്കുന്നത്. BC – നാലാ നൂറ്റാണ്ടി ജീവിച്ചിരുന്ന ചന്ദ്രഗുപ്തമൗര്യന്റെയും, ചാണക്യന്റെയും ഉയർച്ചയും മൗര്യ രാജവംശം ഇന്ത്യയിൽ ഒരു വലിയ ശക്തിയായി ഉയർന്ന് വന്നതിന്റെ പ്രാരംഭ ഘട്ടവുമാണു ഈ നാടകത്തിന്റെ ഇതിവൃത്തം.

മഗധയിലെ നന്ദരാജാവിനെ ചാണക്യന്റെ തന്ത്രങ്ങളുടെ സഹായത്തോടെ പരാജയപ്പെടുത്തി അദ്ദേഹത്തിന്റെ സാമ്രാജ്യം ചന്ദ്രഗുപ്തൻ കൈയ്യടക്കുന്നതോടെയാണു് മുദ്രാരാക്ഷസമെന്ന നാടകം ആരംഭിക്കുന്നതു. നന്ദരാജാവിന്റെ പ്രധാനമന്ത്രിയായ രാക്ഷസനെ മൗര്യൻമാരുടെ പളയത്തിലേക്ക് ചേർക്കാൻ ചാണക്യൻ നടത്തുന്ന തന്ത്രങ്ങളും ഒടുവിൽ ശത്രു പക്ഷത്തുള്ള രാക്ഷസനെ സ്വന്തം പക്ഷത്തേക്ക് എത്തിക്കുന്നതുമാണ് മുദ്രാ രാക്ഷസം എന്ന നാടകത്തിന്റെ കഥാതന്തു. പ്രമേയത്തിന്റേയും പാത്ര സൃഷ്ടിയുടേയും പ്രത്യേകതകൾ മൂലം സംസ്കൃത സാഹിത്യത്തിലെ ഏറെ പ്രാധാന്യമുള്ള നാടകമായാണ് മുദ്രാരാക്ഷസം പരിഗണിക്കപ്പെടുന്നത്..

ഇന്ന് എന്തായാലും വിഷയം രാക്ഷസനാണല്ലോ.. രാക്ഷസൻ എന്നാൽ മന്ത്രിയെന്നാരു അർത്ഥം കൂടിയുണ്ട് എന്ന് മാടമ്പള്ളിയിലെ ആ മനോരോഗി മനസിലാക്കിയാൽ നന്ന്..

വേണം ഒരു രാക്ഷസ യജ്ഞം.

മഹാഭാരതത്തിൽ ആദിപർവ്വം 181 ആം അദ്ധ്യായത്തിൽ ഒരു രാക്ഷസ യജ്ഞത്തെപ്പറ്റിപ്പറയുന്നുണ്ട്. രാക്ഷസൻമാരുടെ സർവ്വ നാശത്തിനായി പരാശര മഹർഷി നടത്തിയ ഒരു യജ്ഞമാണ് രാക്ഷസ യജ്ഞം. തന്റെ അച്ഛനായ ശക്തി മഹർഷിയെ ഭക്ഷിച്ച കൽമാഷപാദൻ എന്ന രാക്ഷസനോട് ഉള്ള പക വീട്ടാനായി പരാശരൻ നടത്തിയ യജ്ഞമാണ് ഇത്. ഏറെ നാൾ നീണ്ട യാഗം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ, സമസ്ഥാപരാധം ഏറ്റ് പറഞ്ഞ് രാക്ഷസർ പരാശരനുമായി സന്ധിയാവുകയുണ്ടായി. യാഗം തൽക്കാലം നിർത്തിയെങ്കിലും സർവ്വ രാക്ഷസ നാശത്തിനായി പരാശരൻ സംഭരിച്ച അഗ്നിയെ അദ്ദേഹം ഹിമാലയത്തിലെവിടെയോ ഒളിപ്പിച്ചു എന്നുമാണ് കഥ. ഏതെങ്കിലും ഒരു കാലത്ത് വീണ്ടെടുക്കാവുന്ന വിധമാണ് ആ അഗ്നിയെ സംരക്ഷിച്ചതെന്നും മഹാഭാരതം പറയുന്നു. കഥയായാലും കാര്യമായാലും ആ സംഭാരാഗ്നിയെ വീണ്ടെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം.