മുട്ടത്തിരി എന്ന ജാക്ക്പോട്ട്‌

സിദ്ദീഖ്‌ പടപ്പിൽ

ജീവിതത്തിലിന്ന് വരെ ഒരു ലോട്ടറി ടിക്കറ്റിന്റെ അടുത്തൊന്നും പോയിട്ടില്ലെങ്കിലും കുഞ്ഞുനാളിൽ‌ ഞാനും ഇമ്മിണി ബെല്ല്യ ഗാംബ്ലറായിരുന്നു. ഗാംബ്ലിംഗ്‌ കേട്ട്‌ ഞെട്ടാൻ വരട്ടെ. ഇത്‌ കാസിനോ പോലെയുള്ള ലക്ഷങ്ങളുടെ ഗാംബ്ലിംഗൊന്നുമല്ല, വെറും ഒരു പുഴുങ്ങിയ മുട്ടയ്ക്ക്‌ വേണ്ടിയുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു അത്‌. ഈ ‘മുട്ടത്തിരി ജാക്ക്പ്പോട്ട്‌‌’ കളിക്കാത്തവർ ഞങ്ങളുടെ നാട്ടിൽ അന്ന് ചുരുക്കമായിരിക്കും. ഇന്ന് പഴമയുടെ ഉൾക്കാട്ടിലെവിടെയോ ഒഴിവാക്കിയ‌ ഈ മുട്ടത്തിരിയെ മിക്കവരും മറന്ന് കാണും.

നാട്ടിൻപ്രദേശങ്ങളിലെ പള്ളികളിൽ ഉത്സവം (ഉറൂസ്‌) നടക്കുന്ന ദിവസങ്ങളിലും റമസാൻ മാസ രാത്രികളിലും പള്ളികളിൽ നടക്കുന്ന വർഷത്തിലെ പ്രത്യേക പ്രാർത്ഥനാ ദിവസങ്ങളിലുമാണ്‌ (മൗലൂദ്‌, റാത്തീബ്‌) മുട്ടത്തിരി സംഘടിപ്പിക്കുന്ന പിള്ളേർ ചിത്രത്തിൽ കാണുന്ന തരം ഒരു പെട്ടിയും കുറെ മുട്ടകളുമായി വരിക. പള്ളിയിലേക്കുള്ള തെരുവോരങ്ങളോ ഒഴിഞ്ഞ മൈതാനമോ ആയിരിക്കും മുട്ടത്തിരി നടത്തുന്ന കേന്ദ്രങ്ങൾ.

തക്കാളിപ്പെട്ടിയോ അല്ലെങ്കിൽ ആശാരിയെ കൊണ്ട്‌ ഉണ്ടാക്കിയ മരക്കൂടിലോ ആയിരിക്കും വട്ടത്തിൽ തിരിയുന്ന പലക ഘടിപ്പിച്ചിരിക്കുക. തക്കാളിപ്പെട്ടിയാണെങ്കിൽ ഒരു മൂലയിൽ ഉയർന്ന കമ്പിൻ മേലെ മോട്ടോർ ബെയറിംഗ്‌ ഫിറ്റ്‌ ചെയിത്‌ അതിന്റെ മേലെ വേഗത്തിൽ കറങ്ങുന്ന പലക വെയ്‌ക്കും. പലകയുടെ അരികിൽ ഒന്ന് മുതൽ മുപ്പത്‌ വരെയുള്ള നമ്പറുകൾ പതിപ്പിക്കും. സാധാരണ കലണ്ടറിൽ നിന്ന് വെട്ടി മാറ്റിയ അക്കങ്ങൾ (1-30 തീയ്യതി ലേബലുകൾ) പശ കൊണ്ട്‌ ഒട്ടിച്ച്‌ വെയ്ക്കാറാണ്‌ ചെയ്യാർ. ഓരോ അക്കങ്ങൾക്കിടയിൽ ഓരോ ആണികൾ അടിച്ചിരിക്കും. പെട്ടിയുടെ മറ്റൊരു കോർണ്ണറിലെ ഉയർന്ന കമ്പിന്റെ മുകൾ അൽപം അടർത്തി ആ ഗ്യാപിലേക്ക്‌ പണ്ട്‌ കടകളിൽ കിട്ടുമായിരുന്ന നാക്ക്‌ വടി (tongue cleaner) തിരുകി കയറ്റും. അതിന്റെ മറ്റേ ഭാഗം വട്ടപ്പലകയുടെ ആണികളിൽ ഉരസും പോലെ ഘടിപ്പിക്കും. കൂടിന്റെ ഒരു ഭാഗത്ത്‌ ഞങ്ങൾ കൊച്ചു ഗാംബ്ലർ മാരുടെ വായിൽ കപ്പലോട്ടിക്കാൻ വേണ്ടി പുഴുങ്ങിയ മുട്ടകൾ നിറച്ച്‌ വെച്ചിരിക്കും.

ഏതേലും സ്‌മാർട്ട്‌ പിള്ളേരായിരിക്കും ജാക്ക്പോട്ട്‌ നടത്തിപ്പുകാരൻ. നാടൻ ഭാഷേൽ പൊട്ടിത്തെറിച്ച പിള്ളേരാണെന്ന് പറയും. നാട്ടിലെ കുരുത്തക്കേടിന്റെ അവസാനവാക്ക്‌ അവനായിരിക്കും. മുട്ടയ്ക്ക്‌ വേണ്ടി ഗാംബ്ലിംഗ്‌ ചെയ്യാൻ നാല്‌ പേർ തികഞ്ഞാൽ മുട്ടത്തിരി ആരംഭിക്കുകയായി. അക്കാലത്ത്‌ മുട്ടയ്ക്ക്‌ അമ്പത്‌ പൈസയൊക്കെയായിരിക്കും വില. പുഴുങ്ങിയതിന്ന് 75 പൈസയും. ഇവിടെ നാലിൽ ഒരാൾക്ക്‌ 25 പൈസയ്ക്ക്‌ പുഴുങ്ങിയ മുട്ട കിട്ടും. മറ്റു മൂന്ന് പേർക്ക്‌ 25 പൈസ നഷ്ടവും. നാൽ പേർ മുട്ടത്തിരി മുതലാളിടെ കയ്യിൽ 25 പൈസ വീതം കൊടുത്താൽ മുട്ടത്തിരി ആരംഭിക്കുകയായി. പലക സ്പീഡിൽ വട്ടത്തിൽ കറക്കി‌ അവസാനം തനിയെ നിൽക്കുമ്പോൾ നാക്ക്‌ വടി ഏത്‌ നമ്പറിലുള്ള ആണി തട്ടി നിൽക്കുന്നുവോ അതാവും അവന്റെ സ്കോർ. ഇങ്ങനെ നാല്‌ പേരും കറക്കി‌ ആരുടെ കറക്കലിലാണോ ഉയർന്ന നമ്പർ വരുന്നത്‌, അവന്ന് ജാക്ക്പ്പോട്ടായ മുട്ട കിട്ടും. അമ്പത്‌ പൈസയുടെ മുട്ട പുഴുങ്ങി വിറ്റാൽ 75 പൈസ കിട്ടുന്നിടത്ത്‌, മുതലാളി പയ്യന്ന് 1 രൂപ കിട്ടും. അതായത്‌ കമ്പനിക്ക്‌ 25 പൈസയുടെ അധിക വരുമാനം.

മുപ്പത് വർഷങ്ങൾക്ക്‌ മുമ്പ് കാസറഗോട്‌ ടൗൺ ഭാഗങ്ങളിലെ മുക്കിലും മൂലയിലും കണ്ടിരുന്ന മുട്ടത്തിരിയെ പറ്റി പുതുതലമുറയ്ക്ക്‌ ഏതൊരു അറിവുമില്ല. മുതിർന്നവരിൽ ചിലർക്ക്‌ നേരിയ ഓർമ്മകൾ കാണാം. ഇവരിൽ പലർക്കും ഈ സാധനത്തിന്റെ രൂപം പോലും ഓർമ്മയില്ലാത്തപ്പോൾ എന്റെ ഓർമ്മയിലുള്ള രൂപത്തെ ഒരു മികച്ച പെയിന്റിംഗ്‌ ആക്കി കൊടുത്തിരിക്കുന്നു.