മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം, ഷംസീറിനെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു: നസീര്‍

കോഴിക്കോട്‌: തനിക്കെതിരായ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് തെറ്റെന്ന് വടകരയില്‍ സിപിഎം വിമതനായി മത്സരിച്ച സി.ഒ.ടി നസീര്‍. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം, എ.എന്‍ ഷംസീറിനെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നസീര്‍ പറഞ്ഞു.

വടകരയില്‍ സി.ഒ.ടി.നസീറിനെതിരെയുണ്ടായ വധശ്രമം ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്‌ . ഇതിന്റെ പേരില്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കരുതെന്ന് പിണറായി നിയമസഭയില്‍ പ്രതിപക്ഷത്തോടു പറഞ്ഞു.

കേസിലെ ഗൂഢാലോചനയില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി പ്രതിരോധിച്ചു. നസീറിന്റെ മൊഴിയില്‍ ഷംസീറിന്റെ പേരില്ല. നിയമസഭയെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

തലശേരി സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ചപ്പോള്‍ കാല്‍ തല്ലിയൊടിക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയ വിവരം സി.ഒ.ടി. നസീര്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നിട്ടും അന്വേഷണത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.