മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ അനുമതി നിഷേധം; ലിഗ സംഭവത്തില്‍ നേരിട്ടത് കയ്പ്പേറിയ അനുഭവങ്ങള്‍: അശ്വതി ജ്വാല

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി നിഷേധം തന്നെയാണ് സംഭവിച്ചതെന്ന് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല 24 കേരളയോടു പറഞ്ഞു. മുന്‍കൂട്ടി അനുമതി വാങ്ങി മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് ഈ അനുഭവം.

ലിഗയുടെ തിരോധാനത്തിനു ശേഷം ലിഗയുടെ ബന്ധുക്കളെ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ടത് കൈപ്പേറിയ അനുഭവങ്ങള്‍ ആണെന്നും അശ്വതി ജ്വാല പറയുന്നു. ലിഗയുടെ സഹോദരിയെ കാണാന്‍ താന്‍ സമ്മതിച്ചില്ലെന്ന ആരോപണം തെറ്റെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അശ്വതി ജ്വാല.

മുഖ്യമന്ത്രി തങ്ങളുടെ സന്ദര്‍ശനോദ്ദേശ്യം അറിഞ്ഞോ അറിഞ്ഞില്ലേ എന്നൊന്നും തങ്ങള്‍ക്കറിയില്ല. പക്ഷെ ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ തേടി നിയമസഭാ മന്ദിരത്തിലും അതേ ദിവസം സെക്രട്ടറിയേറ്റിലുള്ള ഓഫീസിലും എത്തിയെങ്കിലും ലിഗയുടെ സഹോദരി ഇലീസിനും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനും ഇവര്‍ക്കൊപ്പമുള്ള തനിക്കുമൊന്നും അന്ന് മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡിഷണല്‍ സെക്രട്ടറി വളരെ കര്‍ക്കശമായാണ് ഞങ്ങളോടു ഇടപെട്ടത്. മുഖ്യമന്ത്രിയെ കാണാന്‍ കഴിയില്ല എന്ന് തന്നെ ഞങ്ങളോട് പറഞ്ഞു. ഒരു നാട്ടില്‍ വന്നു ഒറ്റപ്പെട്ടുപോയ ലിഗയുടെ ബന്ധുക്കളെ സഹായിക്കാന്‍ എത്തിയ ഞങ്ങളെപ്പോലുള്ളവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയല്ലേ വേണ്ടത്. ലിഗയെ ജീവനോടെ കണ്ടുപിടിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നാരാഞ്ഞ ഞങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് ആണ് പറഞ്ഞത്.

മുഖ്യമന്ത്രിയ്ക്ക് എതിരെയല്ല ഞങ്ങള്‍ സംസാരിച്ചത്. ലീഗയുടെ സഹോദരി ഇലീസിനും ഭര്‍ത്താവ് ആന്‍ഡ്രൂസിനുമുള്ള ഒരു നഷ്ടം ഉണ്ടല്ലോ. ആ വ്യഥയില്‍ ഉഴറുന്ന അവര്‍ക്ക് സഹായം ലഭിക്കാന്‍ നമ്മുടെ മുഖ്യമന്ത്രിയുടെ അടുത്ത് കൂട്ടിക്കൊണ്ടുപോകുന്നത് എന്ത് കൊണ്ടാണ്? നമുക്ക് നമ്മുടെ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അവസാനത്തെ ആശ്രയമായി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത്. അപ്പോഴുള്ള അനുഭവമാണ് ഇത്.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നശേഷം സിപിഎം അണികളുടെ ആക്രമണം സോഷ്യല്‍ മീഡിയ വഴി നേരിടേണ്ടി വന്നിരിക്കുകയാണ്. ഞങ്ങള്‍ ചെയ്തത് എന്താണ്? ഏറ്റെടുത്തത് ഒരു സാമൂഹിക ദൌത്യമാണ്. ആ ദൌത്യത്തിന്റെ സഫലീകരണത്തിനു വേണ്ടി പോരാട്ടം നടത്തുകയാണ് ചെയ്തത്. ആ പോരാട്ടത്തിന്നിടയിലാണ് ഇത്തരം ആക്രമണം നേരിടേണ്ടി വരുന്നത്.

ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ ആക്രമണോത്സുകമായ യുദ്ധം നടത്തുന്നവര്‍ക്കെല്ലാം സത്യം അറിയാവുന്നതാണ്. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ ഞങ്ങളോട് 9.30 ന് നിയമസഭയില്‍ ചെല്ലാന്‍ പറഞ്ഞു. അനുമതി നല്‍കിയിട്ടാണ് മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നത്. അന്ന് തന്നെ ഡിജിപി ലോക്നാഥ് ബഹ്റയെ കാണാന്‍ സന്ദര്‍ശനാനുമതിയുണ്ട്.

സുരേഷ് ഗോപി എംപിയെ കാണാന്‍ സന്ദര്‍ശനാനുമതി ഉണ്ട്. അന്ന് രാവിലെ 9 മുതല്‍ നിരന്തരം വിളിച്ചിട്ടും മുഖ്യമന്ത്രിയുടെ അഡിഷണല്‍ സെക്രട്ടറി ഫോണ്‍ എടുത്തില്ല. 12.30 നാണ് കാത്ത് കാത്ത് നിന്ന് ഒടുവില്‍ ഞങ്ങള്‍ നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശിക്കുന്നത്. അതുവരെ പുറത്ത് തന്നെ നില്‍ക്കേണ്ടി വന്നു. പിന്നീടാണ് ഞങ്ങളുടെ മുന്നില്‍ക്കൂടി മുഖ്യമന്ത്രിയുടെ വാഹനം നീങ്ങുന്നത് കണ്ടത്.

എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് പിന്നാലെ കാറില്‍ പോയി. അതിനുശേഷമാണ് മുഖ്യമന്ത്രിയുടെ അഡിഷണല്‍ സെക്രട്ടറിയെ ഫോണില്‍ കിട്ടുന്നത്. അതുവരെ ഫോണ്‍ എടുക്കാതിരുന്ന സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി പോയി. ഇന്ന് ഇനി കാണാന്‍ കഴിയില്ല. ഒരു വിദേശ വനിത കാണാതായ കേസ് ആണിത്. വളരെ ഗൌരവമായ കാര്യമാണിത്. ഇത്തരം ഗൌരവമായ കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഉള്ള അനുഭവമാണിത്.

ഡിജിപി ലോക്നാഥ് ബഹ്റ ഞങ്ങളെ കണ്ടപ്പോള്‍ വല്ലാത്ത ഒരു സമീപനമാണ് കൈക്കൊണ്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണിത്. വിദേശ വനിതയെ കാണുന്നില്ല. ജീവനോടെ ഉണ്ടോ എന്ന് അറിയില്ല. സംസ്ഥാന പൊലീസ് മേധാവിയാണ്. അദ്ദേഹം ഒച്ചയിട്ടു, . പൊലീസിനെ കൂടുതൽ പഠിപ്പിക്കാൻ നോക്കിയാൽ കേസ് ഫയൽ ക്ലോസ് ചെയ്യുമെന്നു ഡിജിപി ആക്രോശിച്ചു.

പെരുമാറ്റ രീതികള്‍ ഞങ്ങള്‍ കുറ്റവാളികള്‍ എന്ന പോലെയായിരുന്നു. വിദേശികള്‍ ആയ അവരോടു ഡിജിപിയ്ക്ക് കാര്യം പറഞ്ഞു മനസിലാക്കാമായിരുന്നു. പക്ഷെ അതിനൊന്നും അദ്ദേഹം തുനിഞ്ഞില്ല. ഒച്ചയിട്ട് വിദേശികളെ റൂമില്‍ നിന്ന് ഡിജിപി ഇറക്കി വിടുമ്പോള്‍ ആര്‍ക്കാണ് ഗുണം. ആര്‍ക്കാണ് ദോഷം. അതുപോലും ഇവിടെ തിരിച്ചറിയുന്നില്ല. ഈ സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ്. ഞങ്ങള്‍ പറഞ്ഞത്. പരമമായ സത്യമാണ്. ഇതാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്-അശ്വതി ജ്വാല പറയുന്നു.

ആരോപണങ്ങള്‍ ദൗർഭാഗ്യകരമാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചത്. ലീഗയുടെ സഹോദരി ഇലീസ് തന്നെ വന്നു കണ്ടതിനു ശേഷം പ്രത്യേക സംഘം രൂപീകരിക്കുകയും, വിഷയം ഗൗരവമായി പരിഗണിക്കുകയും ചെയ്തുവെന്നാണ് ഡിജിപി ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.