മുഖ്യമന്ത്രിയുടെ മധുരയിലേക്കുള്ള വിമാന യാത്ര വിവാദത്തില്‍; ചിലവാക്കിയത് 7.60 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മധുരയിലേക്കുള്ള വിമാന യാത്ര വിവാദത്തില്‍. യാത്രയ്ക്ക് സംസ്ഥാന പൊതുഭരണവകുപ്പ് ചിലവാക്കിയത് 7.60 ലക്ഷം രൂപ. നവംബര്‍ ആറിന് മധുരയില്‍ നടന്ന ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ലക്ഷങ്ങള്‍ ചിലവഴിച്ച്‌ പ്രത്യേക വിമാനത്തില്‍ യാത്രചെയ്തത്.

പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനം ചിലവ്‌ ചുരുക്കലിലൂടെയും മറ്റും പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരിക്കവേയാണ് മുഖ്യമന്ത്രി പ്രത്യേക വിമാനത്തിനായി 7.60 ലക്ഷം ചിലവഴിച്ചിരിക്കുന്നത്. പ്രത്യേക വിമാനത്തില്‍ മധുരയ്ക്ക് പോയ മുഖ്യമന്ത്രി അന്നു തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.

യാത്രയ്ക്ക് ചിലവാക്കിയ തുക ബെംഗളൂരുവിലെ ടിഎ ജെറ്റ്‌സ് എന്ന സ്വകാര്യ വിമാനക്കമ്ബനിക്ക് നല്‍കാനായി സംസ്ഥാന പൊലീസ് മേധാവിയുടെ അക്കൗണ്ടിലേക്ക് പൊതുഭരണ വകുപ്പ് കഴിഞ്ഞദിവസം കൈമാറുകയും ചെയ്തു.