മുഖ്യമന്ത്രിക്ക് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനാകില്ല; ചെന്നിത്തലയ്ക്ക് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി വരാപ്പുഴയില്‍ ശ്രിജീത്തിന്റെ വീട് സന്ദര്‍ശിക്കാത്തതിനെ വിമര്‍ശിച്ച ചെന്നിത്തലയ്ക്കുള്ള മറുപടിയാണ് കോടിയേരിയുടെ പ്രസ്താവന. മുഖ്യമന്ത്രിയുടെ യാത്രാവഴി തീരുമാനിക്കുന്നത് മറ്റ് സംവിധാനങ്ങളാണെന്നും വരാപ്പുഴയിലെ രാഷ്ട്രീയ വിശദീകരണയോഗത്തെ പ്രത്യേകമായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും ചെന്നിത്തല വിമര്‍ശിച്ചിരുന്നു.

അതേസമയം, ഇന്ന് വരാപ്പുഴ ടൗണില്‍ നടക്കുന്ന പൊതുയോഗത്തില്‍ കോടിയേരി പങ്കെടുക്കുമെങ്കിലും ശ്രീജിത്തിന്റെ വീട്ടിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്, എസ്.ശര്‍മ എംഎല്‍എ തുടങ്ങിയവരും വരാപ്പുഴ ടൗണില്‍ വൈകീട്ട് ആറിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.