മുഖത്തല മുരാരി ക്ഷേത്രോത്സവത്തിന് തൃക്കൊടിയേറ്റം

ഗിരീഷ് ജി മുഖത്തല

ദേശിംഗനാടിന്റെ പദചലനങ്ങളിൽ… ഹൃദയതാളങ്ങളിൽ ഉത്സവചിലങ്ക കെട്ടുന്ന മുഖത്തല മുരാരി ക്ഷേത്രത്തിലെ ഉത്സവനാളുകൾക്ക് കേളികൊട്ടുയർന്നു. തിരുവുത്സവത്തിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ( 2019 ഏപ്രിൽ 16-ചൊവ്വ) ഇന്ന് നടക്കും. വൈകിട്ട് 4.30-ന് കൊല്ലം ആനന്ദവല്ലീശ്വം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണമെഴുന്നള്ളത്ത് ഘോഷയാത്ര പിറ്റേദിവസം പുലർച്ചെ മൂന്നോടെയാണ് മുരാരിദേവസന്നിധിയിലെത്തുന്നത്.

പഞ്ചവാദ്യവും പഞ്ചാരിമേളവും ചെണ്ടമേളവും ശിങ്കാരിമേളവും ആനന്ദതാളം മുറുക്കുന്ന ഘോഷയാത്രയ്ക്ക് കരിവീരന്മാരും ക്ഷേത്രോചിത ഫ്ലോട്ടുകളും തെയ്യം, പൂക്കാവടി, നേരുവിളക്ക്, മുത്തുക്കുട, അഖണ്ഡനാമം, ദീപ – മാലാലങ്കാര വാഹനങ്ങൾ, എന്നിവയും അകമ്പടിയായി അണിനിരക്കും. സായുധപോലീസും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ഘോഷയാത്രയ്ക്ക് നേതൃത്വമാകും.

തിരുവാഭരണ വിഭൂഷിതമായ ദേവന്റെ തിരുമുഖകമലം കണ്ട് കൈതൊഴുത് സാഫല്യമാകാൻ നിലവിളക്കും നിറദീപങ്ങളും നിറപറയും അയ്മ്പൊലിയുമൊരുക്കി ഭക്തജനസഹസ്രങ്ങൾ പുലരുവോളം വരെ കാത്തിരിക്കും. തിരുവാഭരണ ഘോഷയാത്ര കടന്നുവരുന്ന താലൂക്ക് കച്ചേരി, ചാമക്കട, കൊല്ലംമെയിൻ റോഡ്, ചിന്നക്കട , ചെമ്മാൻമുക്ക്, അമ്മൻനട, പുളിയത്തുമുക്ക്, അയത്തിൽ, പുന്തലത്താഴം, ഡീസന്റ് ജംഗ്ഷൻ, മുരാരി ജംഗ്‌ഷൻ, മുഖത്തല സ്കൂൾ ജംഗ്ഷൻ, കിഴക്കേ നട, എന്നിവിടങ്ങളിലെല്ലാം വൈവിധ്യമാർന്ന കലാപരിപാടികളും തിരുവാഭരണ ഘോഷയാത്രയെ വരവേല്ക്കുവാനായ് ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രതിരുമുറ്റത്ത് എത്തിച്ചേരുന്ന ഘോഷയാത്രയെ ആനപ്പന്തലിൽ അയ്മ്പൊലിയിട്ട് ക്ഷേത്രോപദേശക സമിതി സ്വീകരിക്കും. ഉത്സവ ദിനങ്ങളിലെല്ലാം തിരുവാഭരണം ചാർത്തിയ തിരുവിഗ്രഹം തൃക്കൺ പാർക്കാൻ ഭക്തർക്ക് അവസരം ലഭിക്കും.

ഒരു ജനതയുടെ മുഴുവൻ ഭയാശങ്കകളകറ്റാൻ ദേശവാസികളുടെ പ്രാർഥനയ്ക്ക് ഉത്തരമായി അവതാരം ചെയ്ത ദേവന്റെ തിരുവാഭരണമെഴുള്ളത്ത് ഘോഷയാത്ര നാടിന്റെയാകെ ജീവിതാരാധനയുടെ ഭാഗമാണ്.ശബരിമല കഴിഞ്ഞാൽ ഏറ്റവും ദൈർഘ്യമേറിയ തിരുവാഭരണമെഴുന്നള്ളത്ത് ഘോഷയാത്രയാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് മേജർ ക്ഷേത്രമായ മുഖത്തല മുരാരിക്ഷേത്രത്തിലേത്. 1136- തോല തൂക്കം വരുന്ന തങ്കനിർമ്മിതമായ തിരുവാഭരണം കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ സ്‌ട്രോംഗ്‌ റൂമിലാണ് സൂക്ഷിക്കുന്നത്.

ക്ഷേത്രങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമായിത്തീരാറുണ്ട്. എന്നാൽ ക്ഷേത്ര ചരിത്രം നാടിന്റെ ചരിത്രമായി മാറുന്നത് അപൂർവ്വമാണ്. അതിലൊന്നാണ് മുഖത്തല മുരാരി ക്ഷേത്രം. ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒരു നാടിന് വരദത്തമാകുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ മഹാക്ഷേത്രം.
അയ്യായിരം വർഷത്തെ പഴമയും പവിത്രതയും കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രസംസ്കാരത്തിന് ആധുനിക സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും കടന്നുകയറ്റം ഏറെയൊന്നും ഉണ്ടായിട്ടില്ല. ചെമ്പു മേഞ്ഞ മണ്ഡപവും വട്ടശ്രീകോവിലും നവഗ്രഹപ്രതിഷ്ഠ കൊത്തിയ നവ ഖണ്ഡപ്പലകയും കൂത്തമ്പലവും ചൂടും തണുപ്പും അനുഭവപ്പെടാത്ത ബലിക്കൽപ്പുരയും ഊട്ടുപുരയും ‘മാളികയും കരിങ്കൽ തിണ്ണയും ചിത്രവർണാംഗിതമായ കൊത്തുപണികളും വലിയ ചുറ്റുമതി ലും… എല്ലാം ക്ഷേത്രപഴമയുടെ തെളിമയ്ക്ക് മകുടോദാഹരണങ്ങളാണ്.

ക്ഷേത്രോത്പത്തിയെ സംബന്ധിച്ചും സ്ഥലപുരാണത്തെ സംബന്ധിച്ചുമുള്ള കഥകളും ഉപകഥകളും മുരാരി ക്ഷേത്രത്തിനും സ്വന്തമായുണ്ട്. മനുഷ്യമനസ്സുകളിലെ അനുഭവങ്ങളിൽ നിന്നും വളർന്നു വന്ന ഐതിഹ്യവും തലമുറകൾ പകർന്നു നൽകിയ വിശ്വാസങ്ങളാൽ രൂഢമൂലമായ ഹൃദയസാക്ഷ്യങ്ങളുമാണ് ദേശാധിപത്യം വഹിക്കുന്ന മുരാരി ക്ഷേത്രത്തിന്റെ ഉദ്ഭവകഥയെ ബലപ്പെടുത്തുന്നത്.

നാടിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വിഘ്നമായിരുന്ന മുരൻ എന്ന അസുരനെ വധിക്കുവാനായി ദേശവാസികളുടെ പ്രാർഥനയ്ക്ക് ഉത്തരമായി പ്രത്യക്ഷപ്പെട്ട വിഷ്ണു ദേവൻ മുരാസുര നിഗ്രഹം നടത്തി മുരാരിയായി മുഖത്തലയിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അസുര നിഗ്രഹം നടത്തിയ ഭഗവാനെ ദേവപ്രശ്നവിധി പ്രകാരം വട്ടത്തിൽ തൃക്കോവിൽ കെട്ടി ചതുർബാഹുരൂപത്തിൽ കുടിയിരുത്തി ജനങ്ങൾ ആരാധിച്ചു പോന്നു. ഇവിടമാണ് പിന്നീട് തൃക്കോവിൽവട്ടമെന്നും മുരന്റെ മുഖവും തലയും വീണിടം മുഖത്തലയെന്നും വിഖ്യാതമായത് എന്നാണ് വിശ്വാസം. ചരിത്ര ലിപികളിൽ പെരുമാൾസ്വാമി എന്ന് അടയാളപ്പെടുത്തിയ വൈഷ്ണവ ചൈതന്യം കാലക്രമത്തിൽ മുരനെ ഹരിച്ച മുരാരിയായി ഭക്ത മനസ്സുകളിൽ ഇഴപിരിച്ചെടുക്കാനാകാത്ത വിധം നിറസാന്നിദ്ധ്യമാവുകയായിരുന്നു.

മുഖത്തലയ്ക്ക് ഉറക്കമില്ലാത്ത പകലിരവുകൾ നൽകുന്ന തിരുവുത്സവം ഏപ്രിൽ 18 നാണ് തൃക്കൊടിയേറുന്നത്. ‘ഗജമേളയോടെയും തിരുവാറാട്ടോടെയും 27 ന് ഉത്സവാഘോഷങ്ങൾക്ക് തൃക്കൊടിയിറങ്ങും. തെക്കൻ കേരളത്തിലെ അവസാന ഉത്സവക്കാലമായ അന്ന് ദേശിംഗനാട് ഒന്നാകെ മുഖത്തലയിൽ സംഗമിക്കും.

Image result for മുഖത്തല മുരാരി