മുഖം മറച്ച്‌ വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാകില്ല; ജയരാജന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ പി കെ ശ്രീമതി

കണ്ണൂര്‍: പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന എം വി ജയരാജന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ കണ്ണൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. മുഖം മറച്ച്‌ വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാകില്ല. ശരീരമാകെ മറച്ച്‌ വോട്ടുചെയ്യാനെത്തുന്നത് ആണോ, പെണ്ണോ എന്നു പോലും അറിയാനാകില്ല. കള്ളവോട്ടു തടയുന്നതിന് വേണ്ടിയാണ് ജയരാജന്‍ പറഞ്ഞത്. ജയരാജന്റെ പ്രസ്താവന മതപരമായ അധിക്ഷേപമല്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

പർദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്ന് എംവി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നും ജയരാജന്‍ പറയുന്നു.

ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറുണ്ടോ എന്നും ചോദ്യം. ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.