മിസ്റ്റര്‍ രാമനുണ്ണി, നിങ്ങള്‍ ‘ഹിന്ദു’ എന്ന വാക്കിന് പകരം ‘മനുഷ്യന്‍’ എന്ന വാക്ക് ഉപയോഗിച്ചിരുന്നെങ്കില്‍…

കെ.ശ്രീജിത്ത്

‘ഈ തുക ജുനൈദിന്റെ അമ്മയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു. അതുവഴി യഥാര്‍ത്ഥ ഹിന്ദു പാരമ്പര്യമാണ് കാട്ടുന്നത്. ഞാന്‍ യഥാര്‍ത്ഥ ഹിന്ദുവാണ്. എന്റെ എളിയ പ്രവൃത്തി രാജ്യത്തെ സാഹിത്യ സമൂഹം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’

– കെ.പി.രാമനുണ്ണി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി തനിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുക വര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജുനൈദ് ഖാന്റെ കുടുംബത്തിന് നല്‍കിയിരിക്കുന്നു. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയില്‍ നിന്ന് മൂന്ന് രൂപ മാത്രമെടുത്ത് ബാക്കിയുള്ള തുക അദ്ദേഹം ജുനൈദിന്റെ അമ്മ സൈറയ്ക്ക് കൈമാറി. രാജ്യത്ത് നടക്കുന്ന കടുത്ത അസഹിഷ്ണുതയോടുള്ള തന്റെ പ്രതിഷേധമാണ് ഇതെന്ന് രാമനുണ്ണി പറയുന്നു.

അവാര്‍ഡ് തുക ജുനൈദിന്റെ അമ്മയ്ക്ക് കൈമാറിയ ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് ലേഖനത്തിന്റെ തുടക്കത്തില്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ കടുത്ത അസഹിഷ്ണുതയ്‌ക്കെതിരെ രാമനുണ്ണി നടത്തിയിട്ടുള്ള ഈ പ്രതിഷേധം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തിലെ ചില വാചകങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നില്ലെ? ‘എന്റേത് യഥാര്‍ത്ഥ ഹിന്ദു പാരമ്പര്യമാണ്, ഞാന്‍ യഥാര്‍ത്ഥ ഹിന്ദുവാണ് ‘ എന്നദ്ദേഹം പറയുന്നു. സമകാലിക ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ‘ഹിന്ദു’. വ്യക്തിപരമായ താല്പര്യങ്ങള്‍ക്കും അധികാര ലബ്ധിയ്ക്കും വേണ്ടി യഥേഷ്ടം എടുത്തുപയോഗിക്കുന്ന ഒരു വാക്ക്. ആ വാക്ക് രാമനുണ്ണി ഉപയോഗിക്കുമ്പോള്‍ വീണ്ടും അതേ സവര്‍ണ വര്‍ഗീയവാദികള്‍ അത് വളച്ചൊടിക്കില്ലെ? നേരത്തെ പറഞ്ഞ വാക്കുകള്‍ക്ക് പകരം ‘എന്റേത് മനുഷ്യ പാരമ്പര്യമാണ്, മനുഷ്യവംശത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാണ് ഞാന്‍’ എന്ന് പറയാന്‍ രാമനുണ്ണിയ്ക്ക് തോന്നാഞ്ഞത് എന്തുകൊണ്ടാണ്? ഒരാള്‍ എന്ത് പറയണമെന്നത് തീര്‍ച്ചയായും അയാളുടെ വ്യക്തിപരമായ കാര്യമാണ്. എന്തുകൊണ്ട് അയാള്‍ അങ്ങിനെ പറഞ്ഞില്ല എന്ന ചോദ്യം ഒരുപക്ഷെ ഒരു തമാശയായി പലര്‍ക്കും തോന്നാം. അങ്ങിനെ തോന്നിയാലും പക്ഷെ ഈ രാജ്യത്തിന്റെ പോക്കില്‍ നിത്യേനയെന്നോണം നിരാശപ്പെടുന്ന, എന്തിനെയും ഏതിനെയും വളച്ചൊടിക്കാന്‍ സവര്‍ണ ഹിന്ദുവാദികള്‍ കാത്തുനില്‍ക്കുന്നു എന്ന് ഉപബോധമനസില്‍ പോലും തറഞ്ഞുകിടക്കുന്ന ഒരു സാധാരണ മനുഷ്യന്‍ രാമനുണ്ണി ഇങ്ങിനെ പറഞ്ഞിരുന്നെങ്കിലെന്ന് ഒരു നിമിഷത്തേയ്‌ക്കെങ്കിലും മോഹിച്ചിട്ടുണ്ടാകും.

ഒരുപക്ഷെ സവര്‍ണ ഹിന്ദുവാദികളെ നേരിടേണ്ടത് യഥാര്‍ത്ഥ ഹിന്ദു ആരാണ് എന്ന് അവരെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടായിരിക്കണം എന്ന് രാമനുണ്ണി കരുതുന്നുണ്ടാകാം. താന്‍ പറഞ്ഞതിന്റെ രാഷ്ട്രീയം അതാണെന്നും ആ രാഷ്ട്രീയമാണ് രാജ്യം തിരിച്ചറിയേണ്ടതെന്നും അദ്ദേഹം കരുതുന്നുണ്ടാവുകയും ചെയ്യാം. എന്നാല്‍ ഈ രാജ്യത്തെ നല്ലൊരു വിഭാഗം ഹിന്ദു വര്‍ഗീയവാദികളും ‘ഹിന്ദു’ എന്ന വാക്കിനെ നാനാവിധം അമ്മാനമാടുന്നവരും എങ്ങിനെയും വളച്ചൊടിക്കുന്നവരുമാണ് എന്നത് മറക്കരുത്. നാട്ടില്‍ ‘ഗണേശോത്സവം’ നടത്തുന്നവരും യഥാര്‍ത്ഥ ഹിന്ദു എങ്ങിനെയായിരിക്കണം എന്ന ഒരു പട്ടിക നോട്ടീസായി അടിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ജുനൈദിന്റെ അമ്മയ്ക്ക് രാമനുണ്ണി അവാര്‍ഡ് തുക നല്‍കുന്ന പടം അവര്‍ നാളെ ഫ്‌ളക്‌സായി അടിക്കുകയും അതില്‍ ഇപ്പോള്‍ രാമനുണ്ണി പറഞ്ഞ വാചകങ്ങള്‍ അതേപടി എഴുതിച്ചേര്‍ത്ത് ‘ഇതാണ് യാഥാര്‍ത്ഥ ഹിന്ദു’ എന്ന തലക്കെട്ട് നല്‍കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒരു ഹിന്ദുവിന് മാത്രമെ ഇങ്ങിനെയൊക്കെ ചെയ്യാന്‍ കഴിയൂ എന്നും അതിലുണ്ടാകാം. കാരണം ഇവിടെ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നത് ഹിന്ദുക്കളാണെന്നും ഹിന്ദുവിന്റെ ഔദാര്യത്തിലും സഹതാപത്തിലും സഹാനുഭൂതിയിലുമാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ കഴിയുന്നത് എന്നും വരുത്തിത്തീര്‍ക്കാന്‍ ഇതിലും നല്ലൊരു അവസരം വേറെയുണ്ടോ? ഈ പ്രചാരണം പരമാവധി ആളുകളിലെത്തിക്കുക എന്നതല്ലെ സംഘപരിവാര്‍ അജണ്ട തന്നെ. അതിനല്ലെ അവര്‍ ഓടിനടന്ന് കഷ്ടപ്പെടുന്നത്? നമ്മുടെ മുഖ്യധാരാ സിനിമകളിലും ഇതുതന്നെയല്ലെ കാണിക്കുന്നത്? ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി ഭൂരിപക്ഷവും ദളിതരുടെ സംരക്ഷകരായി സവര്‍ണ തമ്പുരാക്കന്‍മാരും? മുഖ്യധാരാ സിനിമകളിലെ സ്ഥിരം കാഴ്ചയല്ലെ ഇത്? അതേസമയം ‘എന്റേത് മനുഷ്യ പാരമ്പര്യമാണ്, മനുഷ്യവംശത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാണ് ഞാന്‍’ എന്നായിരുന്നു രാമനുണ്ണി പറഞ്ഞിരുന്നതെങ്കിലോ?

സംഘപരിവുകാര്‍ അവരെ എതിര്‍ക്കുന്നവര്‍ക്ക് ക്ലാസ് എടുക്കുന്നതുപോലെയായിപ്പോയി ഇപ്പോഴത്തെ രാമനുണ്ണിയുടെ പരാമര്‍ശം. ഇന്ത്യക്കാരെല്ലാം ‘ഹിന്ദു’ ആണ്, ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം, അത് മുസ്ലിമോ ക്രിസ്ത്യനോ ആകട്ടെ അവരെല്ലാം ഹിന്ദുക്കളാണ്, ഹിന്ദു എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കാരനെന്നാണ്, യഥാര്‍ത്ഥ ഹിന്ദു എന്നാല്‍ യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്നാണ്…. നാട്ടിന്‍പുറത്ത് ആര്‍എസ്എസ് സംഘചാലകന്‍മാര്‍ ചിരിച്ചുകൊണ്ട്, അവരെപ്പോലെ സഹിഷ്ണുതയും ക്ഷമയും ആര്‍ക്കുമില്ലെന്ന മട്ടില്‍ വാചകമടിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. ‘നിങ്ങള്‍ ശാഖയില്‍ വരൂ, എങ്ങിനെയാണ് യഥാര്‍ത്ഥ ഹിന്ദു ആകേണ്ടതെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക്‌
പഠിപ്പിച്ചുതരാം’ എന്ന് അവര്‍ ചിരിച്ചുകൊണ്ട് നിര്‍ബന്ധിക്കുന്നു. കൊച്ചുകുട്ടികളെപ്പോലും ഇങ്ങിനെ പറഞ്ഞ് ‘ബ്രെയിന്‍ വാഷ് ‘ ചെയ്ത് ‘സംഘ’ത്തിന്റെ ആളുകള്‍ അതിവേഗം കൂടെക്കൂട്ടിക്കൊണ്ടിരിക്കുന്ന കാലത്ത് രാമനുണ്ണി, നിങ്ങള്‍ പറഞ്ഞത് അങ്ങിനെയായിരുന്നില്ലെങ്കില്‍ എന്ന് ‘വെറും’ മനുഷ്യര്‍ ചിന്തിച്ചെങ്കില്‍ അതില്‍ തെറ്റുണ്ടോ?

സഹിഷ്ണുതയും ക്ഷമയും ശാന്തതയും ‘യഥാര്‍ത്ഥ ഹിന്ദു’വിന് മാത്രം അവകാശപ്പെട്ടതാണെന്ന്, ദയയും സഹാനുഭൂതിയും അവര്‍ക്കാണ് കൂടുതലുള്ളതെന്ന് രാമനുണ്ണി, നിങ്ങള്‍ കരുതുന്നുണ്ടോ? ആ ആത്മബോധത്തില്‍ നിന്നാണോ നിങ്ങളുടെ വാചകങ്ങള്‍ പിറവി കൊണ്ടത്? അതല്ലെങ്കില്‍ പിന്നെ ‘യഥാര്‍ത്ഥ ഹിന്ദു’ എന്നതുകൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കിയതെന്താണ്? എന്തുകൊണ്ടാണ് താങ്കള്‍ക്ക് ‘മനുഷ്യന്‍’ എന്ന പദത്തേക്കാള്‍ ‘ഹിന്ദു’ എന്ന പദം പഥ്യമായത്? മനുഷ്യനേക്കാള്‍, മനുഷ്യവംശത്തേക്കാള്‍, അതിന്റെ പാരമ്പര്യത്തേക്കാള്‍ എന്തുകൊണ്ടാണ് താങ്കള്‍ക്ക് ‘ഹിന്ദു’വും ‘ഹിന്ദു പാരമ്പര്യ’വും പഥ്യമാകുന്നത്? ‘മനുഷ്യന്‍’ എന്ന വാക്കിന്റെ സാര്‍വലൗകികതയെക്കാള്‍, വിശ്വമാനവീയതയേക്കാള്‍ ‘ഹിന്ദു’ എന്ന വാക്കിലേയ്ക്ക് താങ്കള്‍ ചുരുങ്ങുന്നത് എന്തുകൊണ്ടാണ്? മനുഷ്യനും മനുഷ്യത്വവും മനുഷ്യസ്‌നേഹവുമല്ലെ ‘ഹിന്ദു’ എന്ന് വാക്കിനേക്കാള്‍, ‘ഹിന്ദു പാരമ്പര്യം’ എന്ന വാക്കിനേക്കാള്‍ മഹത്തായത്? ‘ഹിന്ദു’ എന്ന വാക്കിന് പകരം ‘മനുഷ്യന്‍’ എന്ന വാക്ക് ഉപയോഗിച്ചിരുന്നെങ്കില്‍, താങ്കള്‍ പറയാനുദ്ദേശിച്ച രാഷ്ട്രീയം എന്താണോ അതിലും ഒരുപടി കൂടി മുകളിലുള്ള, പുരോഗമനപരമായ, കുറേക്കൂടി നമ്മളെ മുന്നോട്ടുനയിക്കുന്ന ഒരു രാഷ്ട്രീയം രൂപപ്പെടുമായിരുന്നില്ലെ?