മില്ലറും ക്ലാസനും തിളങ്ങി: ദക്ഷിണാഫ്രിക്കയ്ക്ക് ജയം


ജൊഹാനസ് ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 109ഉം ക്യാപ്റ്റന്‍ വിരാട് കോഹ് ലി 75ഉം റണ്‍സെടുത്തു. എന്നാല്‍ അവസാന പത്ത് ഓവറില്‍ തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വെറും 59 റണ്‍സ് മാത്രമാണ് എടുക്കാനായത്. ധവാനും കോഹ് ലിയും ബാറ്റ് ചെയ്യുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ 300 കടക്കുമെന്ന് ഉറപ്പിച്ചതായിരുന്നെങ്കിലും അവസാന ാൊവറുകളിലുണ്ടായ തിരിച്ചടി 289 റണ്‍സിലൊതുക്കി.

എന്നാല്‍ പിന്നീട് ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങ് ആരംഭിച്ചതിന് ശേഷം മഴ പെയ്തതിനാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയും ചെയ്തു. മഴ നിയമപ്രകാരം പുനര്‍നിര്‍ണയിച്ച 202 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ നേടി. ഹെന്‍ റിക് ക്ലാസന്‍(43), ഡേവിഡ് മില്ലര്‍(39), ഹാഷിം അംല(33), ഡിവില്ലിയേഴ്‌സ്(26), മക്‌റാം(22) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.