മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീനില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ഹര്‍ത്താലിലെ നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കൂര്യാക്കോസിനെ പ്രതിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാനാണ് നിര്‍ദേശം.

കാസര്‍കോട് ജില്ലയിലെ നഷ്ടം യൂഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവായി. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കര്‍മ്മ സമിതിയേടും ബിജെപിയുടേയും ഹര്‍ത്താലുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഈ ഹര്‍ത്താലുണ്ടാക്കിയ നഷ്ടങ്ങളും നേതാക്കളില്‍ നിന്ന് ഈടാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒരാഴ്ചത്തെ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തരുതെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ചതിനാണ് കര്‍ശന നടപടി.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌ യുഡിഎഫായതിനാല്‍ ജില്ലയിലെ നാശനഷ്ടങ്ങളുടെ ചെലവ്‌ കാസര്‍കോട് യുഡിഎഫ് ചെയര്‍മാന്‍ എംസി കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കാന്‍ കോടതി നിര്‍ദേശിച്ചു.