മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ്‌ ശാസ്ത്രജ്ഞന്‍ ഡോ.സുരേഷ് സി പിള്ളയ്ക്ക്‌

ഡബ്ലിന്‍:അയര്‍ലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ്‌ മലയാളി ശാസ്ത്രജ്ഞന്‍ ഡോ.സുരേഷ് സി പിള്ളയ്ക്ക്‌. അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച് രസതന്ത്ര ശാസ്ത്രത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്‌നിക്കുന്നവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് കെമിസ്ട്രി ഓഫ് അയര്‍ലണ്ടാണ്  അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോട്ടയം കറുകച്ചാല്‍ (ചമ്പക്കര) സ്വദേശിയായ ഡോ.സുരേഷ് അയര്‍ലണ്ടിലെ (ഡബ്ലിന്‍) ട്രിനിറ്റി കോളേജില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കിയ ശേഷം അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌  ഓഫ് ടെക്നോളജി യില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തി. നൂറിലധികം ജേര്‍ണല്‍ ആര്‍ട്ടിക്കിള്‍സ്/ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. രണ്ട് യു എസ് പേറ്റന്റും, ഒരു യുകെ പേറ്റന്റും അവാര്‍ഡ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ‘തന്മാത്രം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാനോ ടെക്‌നോളജി ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റുമായ ഡോക്ടര്‍ സുരേഷ് സി. പിള്ള അയര്‍ലണ്ടിലെ അരോഗ്യ വിദഗ്ദ സമിതിയുടെ ചെയര്‍മാനുമാണ്. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറും ഗവേഷകയുമായ ഭാര്യ സരിതയ്ക്കും മക്കളായ
ശ്രീഹരി, ശ്രീശേഖര്‍ എന്നിവര്‍ക്കുമൊപ്പം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അയര്‍ലണ്ടിലാണ് താമസം.