മാവോയിസ്റ്റുകള്‍ വീണ്ടും കാടിറങ്ങുന്നു; താമരശ്ശേരിയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച് കോഴിക്കോട് റൂറല്‍ എസ്പി

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ വീണ്ടും കാടിറങ്ങുന്നതായി സൂചന. വയനാടന്‍ താഴ്വാരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി എം.കെ.പുഷ്ക്കരന്‍ 24 കേരളയോടു പറഞ്ഞു.

താമരശ്ശേരിയില്‍ കാടിനോടു ചേര്‍ന്ന കണ്ണപ്പന്‍കുണ്ടിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. പൊലീസ് ജാഗ്രത പാലിക്കുന്നതായും വിവരശേഖരണം നടത്തുന്നതായും റൂറല്‍ എസ്പി പറഞ്ഞു.

മാവോയിസ്റ്റ് സാന്നിധ്യം തെളിഞ്ഞതിനാല്‍ താമരശ്ശേരി ഭാഗത്ത് പൊലീസ് സന്നാഹം ശക്തിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്നും അന്വേഷണത്തിലാണെന്നും റൂറല്‍ എസ്പി പറഞ്ഞു.

താമരശ്ശേരി കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്നും ഭക്ഷണം കഴിഞ്ഞു അവിടെയുള്ള ഭക്ഷണ സാധനങ്ങള്‍ എടുത്തു കൊണ്ട് മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് തന്നെ മടങ്ങിയതായി താമരശ്ശേരി ഡിവൈഎസ്പി പി.സി.സജീവന്‍ 24 കേരളയോടു പറഞ്ഞു.

ആയുധ സഹിതം നാല് മാവോയിസ്റ്റുകള്‍ ആണ് കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ കയ്യില്‍ തോക്കുകള്‍ ഉണ്ടായിരുന്നു. അറിയാണ് ഇവര്‍ വീട്ടില്‍ നിന്നും കടത്തിയത്. മൂന്നു യുവതികളും ഒരാണുമാണ് ഒപ്പം ഉണ്ടായിരുന്നത്. വീടിരിക്കുന്നത് കാടിനോടു ചേര്‍ന്ന സ്ഥലമാണ്. വിവരണങ്ങളില്‍ നിന്നും ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചതായും താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു.

മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ വീട്ടില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. രാത്രി ഒന്‍പതുവരെ സംഘം വീട്ടില്‍ തുടര്‍ന്നു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസിന്റെ വിവിധ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലത്ത് തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മലബാര്‍ മേഖലയില്‍ മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ ശക്തിപ്രാപിച്ചുവരികയാണെന്ന് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുമുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം കാടുകളിലാണ് ഇവര്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. ഇപ്പോള്‍ മാവോയിസ്റ്റുകളെ കണ്ടത് വയനാടന്‍ കാടിലാണ്. അതും താമരശ്ശേരി ഭാഗത്ത്. മാവോയിസ്റ്റുകളുടെ സാന്നിധ്യം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് വേട്ടയില്‍ തമിഴ്‌നാടും കര്‍ണ്ണാടകവും മുന്നിലാണെങ്കിലും കേരളം മൃദുസമീപനമാണ് കാട്ടുന്നതെന്ന് വിമര്‍ശനമുണ്ട്. നിലമ്പൂര്‍ വെടിവെയ്പ്പിനുശേഷം കേരളത്തില്‍ വിശിഷ്യാ വയനാട്ടില്‍ മാവോയിസ്റ്റു സാന്നിധ്യം കൂടുതല്‍ ദൃശ്യമാണ്. ഇതിനു മുന്‍പ് തിരുനെല്ലിയിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുസംഘമെത്തിയിരുന്നു അതെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല.

അതിനുശേഷം ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വയനാട്ടില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള പാര്‍ലമെന്‍ററി എസ്റ്റിമേറ്റ്സ് കമ്മിറ്റിയ്ക്ക് മുന്നിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ വന്നത്.

കേരളാ-തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിമേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായാണ് കേന്ദ്രം വെളിപ്പെടുത്തിയത്. താമരശ്ശേരിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ദൃശ്യമായ കണ്ണപ്പന്‍കുണ്ട് വയനാട് കാടുകളോട് തൊട്ടടുത്ത വനമേഖലയില്‍പ്പെട്ടതാണ്. മാവോയിസ്റ്റുകള്‍ വയനാട്ടിലെ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും അക്രമിക്കാന്‍ സാധ്യതയുള്ളതായി മുന്‍പേ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്.