മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചതായി സിആര്‍പിഎഫ്

റാഞ്ചി: മാവോയിസ്റ്റകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലാണ് മാവോയിസ്റ്റുകളും സിആര്‍പിഎഫ് ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് ചേരിയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുഗമിച്ച സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍ സൈന്യം ശക്തമായ തിരിച്ചടി നടത്തി.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ ഏഴാമത്തെ ബറ്റാലിയന്റെ സൈന്യം ഇന്ന് ഭേല്‍ബ ഘട്ടിലെ മാവോയിസ്റ്റ് സ്വാധീന വനമേഖലയില്‍ ഒരു പ്രത്യേക ഓപ്പറേഷന്‍ നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ എകെ 47 റൈഫിള്‍, മൂന്ന് ബുള്ളറ്റ് മാഗസിനുകള്‍, നാല് പൈപ്പ് ബോംബുകള്‍ എന്നിവയുള്‍പ്പെടെ കണ്ടെടുത്തു.