മാലിന്യസംസ്കരണത്തിന്റെ പടിഞ്ഞാറൻ മാതൃകകളും ‘കേരളാ മോഡലിന്റെ’ പരാജയവും

വെള്ളാശേരി ജോസഫ്

കാലവർഷം വരുമ്പോൾ മലയാളി ഏറ്റവും കൂടുതൽ പേടിക്കുന്നത് നുരഞ്ഞു പൊങ്ങുന്ന ഓടകളേയും മാലിന്യങ്ങളേയുമാണ്. അതിൻറ്റെ കൂടെ ഓരോ മലയാളിക്കും ഇതിനോടകം തന്നെ പരിചിതമായ സമൃദ്ധമായ കൊതുകു കടിയും, മഴക്കാല രോഗങ്ങളും പ്രതീക്ഷിക്കാം. ജന സാദ്രതയുള്ള കേരളത്തിലെ ഓരോ പഞ്ചായത്തിലും മാലിന്യ സംസ്കരണ കേന്ദ്രം വരണം; ചുരുങ്ങിയ പക്ഷം ഓരോ ബ്ലോക്കിലെങ്കിലും അടച്ചുറപ്പുള്ള മാലിന്യ സംസ്കരണ പ്ലാൻറ്റ് ഉണ്ടാവേണ്ട കാലം കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ – എന്നിങ്ങനെയുള്ള കേരളത്തിൻറ്റെ കൊട്ടിഘോഷിക്കപ്പെടുന്ന ജീവിത സൂചികകൾ സമഗ്രമായൊരു സാമൂഹിക ജീവിതത്തിൻറ്റെ ആഗോള മാതൃകയെ അടയാളപ്പെടുത്തുന്നില്ലെന്നുള്ള നഗ്ന സത്യം കേരളത്തിനു പുറത്തു താമസിക്കുമ്പോഴാണ് പലപ്പോഴും മനസിലാവുക; മാലിന്യസംസ്കരണത്തിൻറ്റെ കാര്യത്തിൽ പ്രത്യേകിച്ചും.

പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും കേരളത്തിൽ നാം നമ്മുടെ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉണ്ടായിട്ട് നാം ജല ഗതാഗതം വികസിപ്പിച്ചിട്ടില്ല. കേരളത്തിലെ വ്യവസായിക, കാർഷിക, സേവന മേഖലകളെ വികസിപ്പിച്ചിട്ടില്ല. അതേ സമയം ഇതൊന്നുമില്ലാഞ്ഞിട്ടും പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻതോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നു. എലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം – ഇങ്ങനെ യന്ത്രവൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ!!!

ഇസ്രയേൽ ‘ഡ്രിപ് ഇറിഗേഷൻ’ നല്ല രീതിയിൽ നടപ്പാക്കി മരുഭൂമികൾ പോലും വിള ഭൂമിയാക്കി. വിയറ്റ്നാമിൽ പുതിയ ‘ഡോയ്മോയ്’ പരിഷ്കാരങ്ങളിലൂടെ കർഷകർക്ക് കൃഷി ഭൂമി തിരിച്ചു നൽകി അവർ നെല്ലുൽപാദനത്തിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിലെത്തി കഴിഞ്ഞു. പക്ഷെ വിയറ്റ്നാമുമായി ഭൂപ്രകൃതിയുടെ കാര്യത്തിൽ സാദൃശ്യമുള്ള കേരളത്തിൻറ്റെ സ്ഥിതിയോ? കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ യു. ഡി. എഫിനും, ഇടതു പക്ഷത്തിനും സാധിച്ചിട്ടില്ല. കേരളത്തിൽ ഇത്രയേറെ മഴ കിട്ടിയിട്ടും നാം വേനൽകാലത്ത് കുടി വെള്ളത്തിനു വേണ്ടി അലയുകയാണ്. കേരളീയർ ഈ അവസ്ഥ ഒക്കെ ഓർത്ത് സ്വയം ലജ്ജിക്കുന്ന കാലം വന്നാലേ കേരളം വികസന കാര്യത്തിൽ നന്നാവത്തുള്ളൂ.

കേരളത്തിലെ നെൽകൃഷിയേയും കൃഷിക്കാരേയും നശിപ്പിച്ചതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. കൃഷിയും, നെല്ലുൽപാദനവുമൊന്നും പരിപോഷിപ്പിക്കുവാൻ ഇവിടുത്തെ ഇടതു പക്ഷത്തിനു സാധിച്ചിട്ടില്ല. ഏതാണ്ട് 30 വർഷം ഒരു വർഷത്തിൽ മൂന്ന് തവണ നെൽ കൃഷി ചെയ്ത് വിജയം വരിച്ച ആളായിരുന്നു കായൽ രാജാവായിരുന്ന മുരിക്കൻ. കായൽ നെൽപാടങ്ങൾ ലോകത്തിൽ തന്നെ അപൂർവ്വം മാത്രം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6 മീറ്റർ താഴ്ന്ന കായലിൽ നെൽകൃഷി ചെയ്യുക എന്ന ശ്രമത്തെ അഭിനന്ദിക്കേണ്ടതിനു പകരം മുരിക്കൻറ്റെ സംരഭകത്ത്വത്തെ ഇകഴ്ത്തി കാണിക്കുവാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്. സംരംഭകർ എന്നും കമ്മ്യൂണിറ്റുകൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ബൂർഷ്വാസികൾ ആയിരുന്നല്ലോ!!! കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാവട്ടെ കൃഷിയും, വ്യവസായവും, തൊഴിലും ഒന്നും സൃഷ്ടിക്കാനും സാധിച്ചില്ല!!! ശരിയായ രീതിയിൽ കായൽ പാടങ്ങളിൽ കൃഷി ചെയ്തിരുന്നുവെങ്കിൽ ഒരു പരിധി വരെ അരിയുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അശ്രയിക്കാതെ കേരളത്തിന് സ്വയം പര്യാപ്തത കൈവരിക്കുവാൻ സാധിച്ചേനെ. ഇനി പറഞ്ഞിട്ടെന്തു കാര്യം? പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ.

മാലിന്യസംസ്കരണത്തിൻറ്റെ കാര്യത്തിൽ പടിഞ്ഞാറൻ മാതൃകൾ കണ്ടാലേ കേരള മോഡലിൻറ്റെ പരാജയം മനസിലാവുകയുള്ളൂ. പാശ്ചാത്യ രാഷ്ട്രങ്ങൾ നടപ്പിലാക്കിയ വെയിസ്റ്റ് എഞ്ചിനീയറിങ്ങ് മലയാളി മനസിലാക്കേണ്ടതുണ്ട്. ചൈന അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും പ്ലാസ്റ്റിക്ക്-ഇലക്രോണിക്ക് വെയ്സ്റ്റ് വാങ്ങുന്നത് നിർത്തിയാലും അവർക്ക് പ്ലാസ്റ്റിക്ക്-ഇലക്രോണിക്ക് വെയ്സ്റ്റ് ‘പ്രോസസ്’ ചെയ്യാൻ വേറെ മാർഗങ്ങളുണ്ട്. പൗരബോധമുള്ള മനുഷ്യർ ആണ് വെയിസ്റ്റ് മാനേജ്മെൻറ്റിലെ സുപ്രധാന ഘടകം. കേരളത്തിലും ഇന്ത്യയിലും ഒട്ടുമേ ഇല്ലാത്തതും ജനങ്ങളുടെ ഇടയിലുള്ള ആ പൗരബോധം അല്ലെങ്കിൽ ഉത്തരവാദിത്ത്വബോധം ആണ്.

പുഴകളുടേയും തോടുകളുടേയും കരയിൽ ഉള്ള മര കൊമ്പുകളിൽ തുങ്ങി കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ കേരളത്തിൽ എത്ര വേണമെങ്കിലും കാണാൻ സാധിക്കും; വെള്ളത്തിലാണെങ്കിൽ ഇഷ്ടം പോലെ പ്ലാസ്റ്റിക്ക് കുപ്പികളും. കേരളത്തിൽ മാത്രമല്ലാ; പ്ലാസ്റ്റിക്ക് കുപ്പികൾ പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന സ്വഭാവം ഇന്ത്യ മുഴുവൻ ഉണ്ട്.

‘വെയിസ്റ്റ് പ്രോസസിങ്ങിനെ’ കുറിച്ച് പറയുമ്പോൾ “One man’s waste is another man’s fortune” – എന്നാണു പറയുന്നത്. ‘വെയിസ്റ്റ് പ്രോസസിംഗ്’ പാശ്ചാത്യ രാജ്യങ്ങളിൽ ‘ബില്യൺ ഡോളർ ഇൻഡസ്ട്ട്രി’ ആണ്. നമ്മളിവിടെ ശുദ്ധിയും വൃത്തിയും പറഞ്ഞു ആ ‘ബില്യൺ ഡോളർ’ സംരഭങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്നു; അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. കെട്ടിട നിർമാണത്തിനുള്ള സാമഗ്രികളും, മൽസ്യ തീറ്റയും, കോഴി തീറ്റയും, വളവുമൊക്കെയായി മാറേണ്ട ആ ‘ബില്യൺ ഡോളർ’ സംരഭങ്ങൾക്ക് ഇൻഡ്യാക്കാർ തയാറല്ല. ഇൻഡ്യാക്കാർ എന്നെങ്കിലും ‘വെയിസ്റ്റ് എഞ്ചിനീയറിങ്ങിൻറ്റെ’ സാധ്യതകൾ മനസിലാക്കുമെന്നും തോന്നുന്നില്ല. ഇവിടുത്തെ സാമൂഹ്യ ബോധം ഒന്നു മാത്രമാണ് അതിനു കാരണം. ആ സാമൂഹ്യ ബോധം മാറേണ്ടതുണ്ട്.

മാലിന്യ നിർമ്മാർജ്ജനത്തിൻറ്റെ കാര്യത്തിൽ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്ന ബയോഗ്യാസ്, മാലിന്യം തുടങ്ങുന്നിടത്ത് സംസ്കരിക്കൽ, ഗ്രാമങ്ങൾ തോറുമോ നഗരങ്ങൾ തോറുമോ വൻകിട മാലിന്യ നിർമ്മാർജ്ജന യൂണിറ്റുകൾ – എന്നൊക്കെ പറഞ്ഞു സത്യത്തിൽ ആളുകൾ സമയം കളയുകയാണ്. വ്യാവസായികാടിസ്ഥാനത്തിൽ ലാഭം കിട്ടത്തക്ക രീതിയിലുള്ള നിർമ്മിതികളാണ് ഇന്ന് ആവശ്യം. വീടുകളിൽ നിന്നും, പൊതുസ്ഥലങ്ങളിൽ നിന്നും, ചന്തകളിൽ നിന്നുമുള്ള മാലിന്യങ്ങൾ തരം തിരിച്ചുതന്നെ ശേഖരിക്കാം എന്നൊക്കെയുള്ളത് പലപ്പോഴും പ്രായോഗികമായി സാധ്യമല്ല. പഴങ്ങളും പച്ചക്കറികളും ചീയുമ്പോൾ അവിടെ ഈച്ച വന്നു മുട്ടയിടും. ആ മുട്ടകൾ വിരിഞ്ഞു പുഴുക്കൾ വരും. മാലിന്യം തിന്നു തീർക്കുന്ന ആ പുഴുക്കൾ പ്രോട്ടീൻറ്റെ വലിയൊരു കലവറയാണ്. ആ പുഴുക്കളെ കോഴിക്കിട്ട് കൊടുത്താൽ കോഴികൾ ആർത്തിയോടെ അത് കഴിക്കും. അതിൽ നിന്നു തന്നെ മൽസ്യ തീറ്റയും ഉണ്ടാക്കാം. അതിനു ശേഷം അവയൊക്കെ വിപണിയിൽ എത്തിക്കാനും സാധിക്കും. ഇങ്ങനെ അടുക്കള മാലിന്യങ്ങളെ വൻ ലാഭമുണ്ടാക്കുന്ന ബിസ്സ്നസ്സ് സംരഭങ്ങളാക്കി മാറ്റാനുള്ള പ്രൈവറ്റ് ഇൻവെസ്റ്റ്മെൻറ്റാണ് ഇന്ത്യയിൽ എല്ലായിടത്തും വരേണ്ടത്.

ഇന്നത്തെ ഇന്ത്യയിൽ ആര് ഭരിച്ചാലും സന്ധ്യയാകുമ്പോൾ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനത്തേയും കൊതുക് കടിക്കും. നല്ല ഒരു മഴ പെയ്താൽ നമ്മുടെ റോഡുകളൊക്കെ ബ്ലോക്കാകും. മലിന ജലം റോഡുകളിലൂടെയൊക്കെ പരന്നൊഴുകും. പണ്ട് രാജ്യ തലസ്ഥാനത്തിൻറ്റെ കണ്ണായ സ്ഥലമായ ഇന്ദ്ര പ്രസ്ഥ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന കാലത്ത് മുട്ടോളം വെള്ളത്തിലൂടെ നടന്നാണ് ഞങ്ങളൊക്കെ മഴക്കാലത്ത് ഓഫീസിൽ എത്തിയിരുന്നത്. മാലിന്യ നിർമാർജനം ആര് ഭരിച്ചാലും മഹാമോശം. ഇതിന് പൊതു ജനത്തേയും കുറെയൊക്കെ പറയണം. കാറിലും ബൈക്കിലും സ്കൂട്ടറിലും ഒക്കെ വന്നു ഒഴിഞ്ഞ റോഡിലും വെളിമ്പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന മാന്യന്മാർ ഏറെയുള്ള രാജ്യമാണ് ഇൻഡ്യാ മഹാരാജ്യം. ഇത്തരം പ്രവണതകൾക്ക് കൊച്ചിയിലെന്നോ ഡൽഹിയിലെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ഫ്ലാറ്റുകളും, റെസിഡൻഷ്യൽ ഏരിയകളും വൃത്തിയായി സൂക്ഷിക്കാനല്ലാതെ പൊതു നിരത്തുകൾ വൃത്തിയായി സൂക്ഷിക്കുവാൻ ഇനിയും ഇന്ത്യക്കാർക്ക് അറിയില്ല. പൗരബോധം വളരെ കുറഞ്ഞ ഇന്ത്യക്കാർ മര്യാദ പഠിക്കണമെങ്കിൽ വെല്ലോ അൽഭുതമൊക്കെ സംഭവിക്കണം.