മാലിന്യത്തില്‍ നിന്ന് വൈദ്യുതി: പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് മാലിന്യത്തില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാന്‍റുകള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സിയാല്‍ മാതൃകയില്‍ റബ്ബര്‍ കോംപ്ലക്സ്: കമ്പനി രജിസ്റ്റര്‍ ചെയ്തു

റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് സിയാല്‍ മാതൃകയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.

സംസ്ഥാനത്ത് റബ്ബറിന്‍റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായി കേരള റബ്ബര്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി കെ.എസ്.ഐ.ഡി.സി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സിയാല്‍ മാതൃകയിലാണ് കമ്പനിയുടെ മെമ്മൊറാണ്ടവും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കിയിട്ടുള്ളത്. കമ്പനിയില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും 26 ശതമാനം ഓഹരിയുണ്ടാകും.

റബ്ബര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലയില്‍ 200 ഏക്ര സ്ഥലം കിന്‍ഫ്ര കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.എസ്.ഐ.ഡി.സി എം.ഡി. ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.