മാലിനി ചിബ്-ജീവിതം വെട്ടിപ്പിടിച്ച ഒരു ഭിന്നശേഷിക്കാരി

അജയകുമാർ

1966 ജൂലൈമാസത്തിൽ കൽക്കത്തയിലെ വുഡ്ലാൻഡ് നഴ്സിംഗ് ഹോമിൽ മിഥു ആലൂർ എന്ന ഒരു ഉന്നത കുടുംബക്കാരി ഒരു പെൺകുട്ടിക്ക് ജന്മം നൽകി. 40 മണിക്കൂർ നീണ്ട പേറ്റുനോവിന് ശേഷം പിറന്ന ആ കുട്ടിക്ക് പൊക്കിൾ വള്ളി കഴുത്തിൽ ചുറ്റി തലച്ചോറിലേക്ക് ഓക്സിജൻ എത്താതായി . ഓക്സിജന്റെ അഭാവത്തിലെ ഏതാനും നിമിഷങ്ങൾ ആ കുട്ടിയുടെ ശരീരത്തെ മുഴുവൻ തളർത്തിക്കളഞ്ഞു. അത് കേന്ദ്ര നാഡീവ്യൂഹത്തിനും തലച്ചോറിനും ക്ഷതമേറ്റ് ഉണ്ടാകുന്ന സെറിബ്രൽ പാൾസി

( പേശി തളർച്ച ) എന്ന അവസ്ഥയിലേക്ക് അവളുടെ ശരീരത്തെ എന്നന്നേക്കുമായി അടി പെടുത്തിയിരുന്നു. പെട്ടെന്നൊന്നും ഈ ശാരീരികാവസ്ഥ രക്ഷിതാക്കൾക്ക് മനസ്സിലായില്ലെങ്കിലും കാലക്രമേണ മറ്റു കുട്ടികളെപ്പോലെ വളർച്ചയുടെ ഘട്ടങ്ങൾ പ്രകടമാക്കാതിരുന്നപ്പോൾ അവർ കൂടുതൽ വിഷമത്തിൽ ആകുകയും പല ഡോക്ടർമാരെ കാണുകയുമുണ്ടായി. ഇന്ത്യയിലെ എല്ലാ ഡോക്ടേഴ്സും കുട്ടി മന്ദബുദ്ധിയാണെന്നും ഈ കുട്ടിയിൽ ഒരു പുരോഗതിയും ഉണ്ടാക്കാൻ കഴിയില്ല എന്നും വിധിയെഴുതി. പക്ഷേ പുരോഗമനവാദികളും കൽക്കട്ടയിലെ മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ധനിക കുടുംബത്തിലെ അംഗമായിരുന്നു അവർ.

മാലിനിയെപ്പോലെ ശരീരം തളർന്ന ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ഉള്ള സൗകര്യം ഇന്ത്യയിൽ ഇല്ലായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി രക്ഷിതാക്കൾ ഇംഗ്ലണ്ടിലേക്ക് മാറിത്താമസിച്ചു .ആദ്യം കേംബ്രിഡ്ജ് സ്പെഷ്യൽ സ്കൂളിലും അതിനെത്തുടർന്ന് ചെൽസിയിൽ ഉള്ള ചെയ്നി വോക്ക് എന്ന സ്കൂളിലും ഏഴുവർഷത്തോളം വിദ്യാഭ്യാസം നടത്തി .ആ സ്കൂൾ സ്പീച്ച് തെറാപ്പിയും ഓക്കുപ്പേഷണൽ തെറാപ്പിയും ഒക്കെ നൽകുന്ന ഒരു സ്കൂൾ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ചികിത്സയും വിദ്യാഭ്യാസവും ലഭ്യമാകുന്ന ഒരു സ്കൂളായിരുന്നു അത് .

അവർ അവിടത്തെ വിദ്യാഭ്യാസ രീതി വളരെയേറെ ആസ്വദിച്ചു. ഏഴുവർഷത്തിനുശേഷം അവർ ബോംബെയിലേക്ക് തിരിച്ചുവന്നു . ഇതിനിടയിൽ 1970 ൽ ഇന്ദിരാഗാന്ധിയുടെ സഹായത്തോടെ മിതു ഇന്ത്യയിലെ ആദ്യത്തെ സെൻറർ ഫോർ സ്പെഷ്യൽ എഡ്യൂക്കേഷൻ ബോംബെയിൽ ആരംഭിച്ചു. പക്ഷേ ആ സ്ഥാപനം ഇംഗ്ലീഷുകാരുടെതിന് സമാനമായ ഒരു സ്ഥാപനം അല്ലായിരുന്നു.

1978ൽ ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്പാറ്റിക്ക് സൊസൈറ്റി മുംബൈയിൽ ആരംഭിച്ചു .തുടർന്ന് ഇന്ത്യയിലെ 5 മെട്രോപൊളിറ്റൻ സിറ്റികളിലും ഈ സ്ഥാപനങ്ങൾ തുറന്നു .ഈ പ്രവർത്തനങ്ങളെല്ലാം മാലിനിയുടെ അമ്മയുടെ നേതൃത്വത്തിലായിരുന്നു. ഇതിനിടയിൽ മാലിനിയുടെ പിതാവ് രഞ്ജിത്ത് ചിബ് അമ്മയുമായി തെറ്റിപ്പിരിഞ്ഞ് വിവാഹമോചനം നേടി. 10 വിരലുകളിൽ ഒരു വിരലിന് മാത്രം ചലനശേഷിയും സ്വന്തമായി നടക്കാൻ കഴിയാത്ത അവസ്ഥയും അവരെ മാനസികമായി വളരെ വിഷമിപ്പിച്ചിരുന്നു. അവരുടെ മനസ്സ് ജ്ഞാനസമ്പുഷ്ടമായിരുന്നു എങ്കിലും വഴക്കമില്ലാത്ത നാവ് അവരെ വളരെയേറെ വേദനിപ്പിച്ചു. പ്രവർത്തനസജ്ജമായ ഒരു വിരൽ കൊണ്ട് അവർ ടൈപ്പ് ചെയ്യുന്നതിനു പരിശീലിച്ചു ഈ അവസരത്തിൽ കാനൺ കമ്മ്യൂണിക്കേറ്റർ എന്ന ഉപകരണം അവർക്ക് കിട്ടി .അതു മറ്റുള്ളവർക്ക് മനസ്സിലാകാത്ത കാര്യങ്ങൾ ടൈപ്പ് ചെയ്ത് കാണിച്ചുകൊടുക്കാൻ സഹായകമായി.

ഉരുട്ടുന്ന വീൽചെയറിൽ നിന്നും വൈദ്യുതി വീൽചെയറിലേക്ക് അവർ പരിവർത്തിക്കപ്പെട്ടു .അതവരുടെ ജീവിതത്തിന്റെ വേഗത കൂട്ടി. ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ അവർ വീണ്ടും ലണ്ടനിൽ പോയി. അവിടെ ടെലാറുവിൽ ഉള്ള സ്പാറ്റിക്ക് സൊസൈറ്റി സ്കൂളിൽ പഠനം ആരംഭിച്ചു. അവിടെനിന്നും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. പല രാജ്യങ്ങളിലുള്ള കൂട്ടുകാരോടൊപ്പം വിനോദയാത്രകൾ നടത്തി.അവിടത്തെ പഠനം അവർക്ക് കൂടുതൽ സന്തോഷവും ആത്മാഭിമാനവും നൽകി.

തുടർന്ന് ബോംബെയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ ഹയർസെക്കൻഡറി എജ്യുക്കേഷന് ചേർന്നു. പക്ഷേ സ്വതവേ മന്തഗതിക്കാരിയും ശരീരം തളർന്നവളും ആയ മാലിനിക്ക് പരീക്ഷ എഴുതുന്നതിന് കൂടുതൽ സമയം നൽകാൻ ബോംബെ യൂണിവേഴ്സിറ്റി vc വിസമ്മതിച്ചു. അവളുടെ ശ്രമഫലമായി പരീക്ഷ എഴുതുന്നതിന് ഇരട്ടി സമയം അനുവദിക്കുകയും മറ്റൊരാളെ വെച്ച് പരീക്ഷ എഴുതുന്നതിനും ഉള്ള അവകാശം സ്ഥാപിച്ച്‌ കിട്ടുകയും ചെയ്തു .

ഇന്ന് നമ്മുടെ നാട്ടിലെ ഭിന്നശേഷിക്കാർക്ക് ലഭ്യമാകുന്ന ഈ അവകാശം മാലിനിയും അമ്മയുമായി ചേർന്ന് നേടിയെടുത്തതാണ്. അങ്ങനെ ഇൻക്ലൂസീവ് എജുക്കേഷൻ അഥവാ ബൗദ്ധികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികളെ മറ്റുള്ളവരോടൊപ്പം പഠിക്കുന്നതിന് അനുവദിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിക്കുന്നത് മാലിനിയുടെ സെൻ സേവിയേഴ്സ് ലെ പഠനത്തോട് കൂടിയാണ്. തുടർന്ന് സേവ്യേഴ്സിൽ നിന്നും ഹിസ്റ്ററിയും ഇംഗ്ലീഷും വിഷയമായി തിരഞ്ഞെടുത്ത ബി എ ഡിഗ്രി പാസ്സായി. അവിടെ അധ്യാപകനായി എത്തിയ സുബിൻ എന്ന ചെറുപ്പക്കാരൻ അവരുടെ സഹായിയും കൂട്ടുകാരനുമായി. അവരുടെ മനസ്സിൽ താമസിയാതെ അയാൾ ഇടംനേടി. തുടർന്ന് അവർ രണ്ടുപേരും ഓക്സ്ഫോർഡ് ലേക്ക് പോയി ഓക്സ്ഫോർഡ് പോളിടെക്നിക്കിൽ മാലിനി ബുക്ക് പബ്ലിഷിംഗ് കോഴ്സ് തിരഞ്ഞെടുത്തു. സുബിൻ ഇംഗ്ലീഷ് സാഹിത്യത്തിലും ഉപരിപഠനം നടത്തുകയായിരുന്നു. അവൾ സുബിനമായി ഒരു നല്ല ജീവിതം സ്വപ്നം കണ്ടിരുന്നു.

വഴങ്ങാത്ത ശരീരവും മെരുങ്ങാത്ത നാക്കും ഒക്കെയുള്ള അവരുടെ അതി മോഹമായിരുന്നു അത് എന്നുവേണമെങ്കിൽ പറയാം. പക്ഷേ ഒരുദിവസം സുബിൻ അവരോട് ഒരു സത്യം വെളിപ്പെടുത്തി. അയാൾ ഒരു സ്വവർഗ്ഗ അനുരാഗിയാണെന്നും അയാൾ മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്നും മാലിനിയോട് പറഞ്ഞു. ഇത് അവരെ തകർത്തു എങ്കിലും അതിലൂടെ അവർ കൂടുതൽ കരുത്ത് നേടുകയായിരുന്നു. തുടർന്ന് അമ്മയോടൊപ്പം ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെ നിന്നും വിമൻസ് സ്റ്റഡീസിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടി. ഇതിനിടയിൽ സുഹൃത്തുക്കളോടൊപ്പം പാരീസിലും അമേരിക്കയിലും ഗോവയിലും അങ്ങനെയങ്ങനെ ലോകത്തിൻറെ പല ഭാഗത്തും അവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരം നടത്തി.

ഇവയെല്ലാം അവരെ പൂർണതയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. തുടർന്ന് അവിടെനിന്നുതന്നെ ലൈബ്രറി സയൻസിൽ ഒരു പോസ്റ്റ് ഗ്രാജുവേഷൻ കൂടി കരസ്ഥമാക്കി ഇതിനിടയിൽ ഭിന്നശേഷിക്കാർക്കായി രണ്ട് സംഘടനകളിൽ അവർ സജീവമായി പ്രവർത്തിച്ചു ADAPT. (Able Disabled All People Together) എന്ന സംഘടനയുടെ സ്ഥാപകയാണ് അവർ. സ്ത്രീശാക്തീകരണത്തിനും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുമായി അവർ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതോടെപ്പം PWD (persons with Disabilities Act ) എല്ലാ സ്റ്റേറ്റിലും പാസാക്കുന്നതിന് വേണ്ടി അവർ അക്ഷീണം പ്രവർത്തിച്ചു.

ആ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് നമ്മൾ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലും ഓഫീസുകളിലും കാണുന്ന വീൽചെയറിന് വേണ്ടിയുള്ള റാമ്പുകൾ ഉണ്ടായത്. ഭിന്നശേഷിക്കാർക്കുള്ള വിദ്യാഭ്യാസ വ്യക്തിത്വ വികാസ പ്രവർത്തനങ്ങളുടെ മുഴുവൻ ചുക്കാൻ പിടിച്ചത് മാലിനിയും അവരുടെ അമ്മയുമാണ്. ഇപ്പോളവർ ബോംബെയിലെ ഓക്സ്ഫോർഡ് ബുക്ക് സ്റ്റോറിൽ സീനിയർ ഇവൻറ് മാനേജരായി ജോലി ചെയ്യുന്നു. അതോടൊപ്പം വിദേശരാജ്യങ്ങളിൽ ഇന്ക്ലൂസീവ് എഡ്യൂക്കേഷന് കുറിച്ച് ഭിന്നശേഷിക്കാരുടെ ജാഗരൂകർ ആക്കുന്നതിനു വേണ്ടി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ലോകത്തിന്റെ പലഭാഗത്തും ഭിന്നശേഷിക്കാരുടെ എംപവർ മെൻറ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വീൽചെയറും കമ്പ്യൂട്ടറും കമ്യൂണിക്കേറ്ററും മാലിനിയും ചേർന്ന് ഭിന്നശേഷിക്കാരുടെ ജീവിതത്തെ ഒരു പുതുലോകത്തേക്ക് ഉയർത്തുകയാണ്.