‘മായാവി’യില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാന്‍ നീക്കം :സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

മായാവിയെ എല്ലാവർക്കുമറിയാം, ബാലരമയുടെ പ്രധാന കോമിക്കായ മായാവിക്ക് പതിറ്റാണ്ടുകളായി തന്നെ വൻ ആരാധകരാണുള്ളത്. കുട്ടിച്ചാത്തനായ മായാവിക്കൊപ്പം നിരവധി മറ്റ് കഥാപാത്രങ്ങളും ഇതിലുണ്ട്.  ലുട്ടാപ്പിയാണ് ഇതിൽ പ്രധാന കഥാപാത്രം. കുട്ടൂസന്‍, ഡാകിനി, രാജു, രാധ, വിക്രമന്‍, മുത്തു തുടങ്ങിയവരാണ് മറ്റുള്ളവർ.

മായാവിയിലെ വില്ലൻ‌ കഥാപാത്രങ്ങളായ മന്ത്രവാദികളായ ഡാകിനിയുടെയും കുട്ടൂസന്റെയും നിര്‍ദ്ദേശമനുസരിച്ച് മായാവിയെയും സുഹൃത്തുക്കളായ രാജുവിനേയും രാധയേയും അപകടപ്പെടുത്താന്‍ തക്കം പാത്തിരിക്കുന്ന ദുഷ്ട കഥാപാത്രമാണ് ലുട്ടാപ്പി. എന്നാൽ ലുട്ടാപ്പിയുടെ വാഹനമായ കുന്തവും, തലയിലെ കൊമ്പും, വസ്ത്ര ധാരണവുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

ഇതിനിടെ പുറത്തുവന്ന ബാലരമയുടെ പുതിയ പ്രഖ്യാപനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. മായാവിക്ക് പുതിയ എതിരാളിയെന്ന പേരിൽ ബാലരമ പുറത്തുവിട്ട കഥാപാത്രമാണ് ലുട്ടാപ്പി ആരാധകരെ പ്രകോപിതരാക്കിയത്. ഡിങ്കിനി എന്ന പുതിയ കഥാപാത്രം ലുട്ടാപ്പിക്ക് പകരമാണെന്നാണ് ആരാധകരുടെ ആരോപണം. ലുട്ടാപ്പിയെ മാറ്റുകയാണെന്ന് ആരോപിച്ച് വന്‍ പ്രതിക്ഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നുണ്ട്.

മലയാളികളുടെ ഹരമായ ലുട്ടാപ്പിയെ ട്രോളന്മാകൂടി ഏറ്റെടുത്തതോടെ സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി തുടങ്ങി അനേകം പോസ്റ്റുകളും കമന്റുകളും എത്തുന്നുണ്ട്. ഡിങ്കിനിയെ മാറ്റി ഞങ്ങളുടെ ലുട്ടാപ്പിയെ കൊണ്ടു വരൂ എന്ന് പറഞ്ഞാണ് ട്രോളും കമ്മന്റ്‌സുമെല്ലാം.

ഇതിനിടയിൽ ഭീഷണിളുടെ സ്വരവും ചിലർ പങ്കുവയ്ക്കന്നുണ്ട്. അവയിൽ ചിലത്

ഡിങ്കിയും മങ്കിയും ഒക്കെ വരുന്നത് കൊള്ളാം……. വെള്ളിയാഴ്ച ബാലരമ തുറക്കുമ്പോ ഞങ്ങടെ ചെറുക്കൻ പഴയ പോലെ അവിടുണ്ടാവണം…….. ഇല്ലെങ്കിൽ വിവരം അറിയും.

ലുട്ടാപ്പി എവിടെടാ… ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാൽ ആണ്…. ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം…

ഇരുപതോളം വർഷം ആത്മാർത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരെ പ്രതിഷേധിക്കൂ… ലുട്ടാപ്പി ഫാൻസ്‌ കേരള..

ഞങ്ങടെ ലുട്ടപ്പിയെ ആരും അങ്ങനെ ഒത്തുക്കാം എന്ന് കരുതണ്ട.. താനോക്കെ കൂടി എന്ത് ചെയ്തെടോ ആ പാവത്തിനെ.ഷഡ്ഡി ഇട്ട് നടന്ന ഞങ്ങടെ ലുട്ടാപ്പിയക് പെറ്റികോട്ട് ഇട്ട് കൊടുത്തത് ഞങ്ങൾ ക്ഷമിച്ചു… ചാത്തന്മാർക്ക്‌ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് വിചാരിക്കേണ്ട. ഇത് വല്യ ഇഷ്യൂ ആവും.. ഇല്ലങ്കി ആക്കിയിരിക്കും.

ഇനിയിപ്പോ ഏത്‌ പച്ചക്കുതിര പൊന്ന് മോൾ ഒരു കോക്കാച്ചി പൂച്ചയുമായി വന്നാലും…. നമ്മുടെ ലുട്ടാപ്പി ബ്രോ ഇരിക്കുന്ന കുന്തം അത്‌ താണ്‌ തന്നെ ഇരിക്കും….

‘ഞങ്ങടെ ലുട്ടു കുന്തത്തെൽ കേറി പോണ മൊഞ്ചുണ്ടല്ലോ എന്റെ സാറേ അത് വേറെ ആരെ കണ്ടാലും കിട്ടൂല്ല… ലുട്ടാപ്പി ഇസ് ഉയിർ ബാക്കി എല്ലാം **’

എന്തായാലും ലുട്ടാപ്പിയെ തിരിച്ചു കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരായ മലയാളികള്‍. അതിനിടെ പ്രതിഷേധം ശക്തമായതോടെ ലുട്ടാപ്പിയെ മാറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ വിശദീകരവുമായി ബാലരമ തന്നെ രംഗത്തെത്തി. ഡിങ്കിനിയെ ചൂണ്ടിക്കാട്ടി ദേക്ഷ്യപ്പെടുന്ന ലുട്ടാപ്പിയെ സമാധാനിപ്പിക്കുന്ന കുട്ടൂസനാണ് ചിത്രത്തിലുള്ളത്. അവളെകൂടെ കൂടെകൂട്ട് എന്ന നിലയിൽ സമാധാനിപ്പിക്കുകയാണ് അദ്ദേഹം.