മാമാങ്ക പാരമ്പര്യ പെരുമയുമായി ചോണ്ടത്ത്‌ തറവാട്‌ 

സായിനാഥ് മേനോൻ

ചോണ്ടത്ത്‌ തറവാട്‌ – പാലക്കാട്‌ നല്ലേപ്പിള്ളിയിലാണു കേരളത്തിലെ പ്രഗത്ഭ ജന്മി നായർ (മന്നാടിയാർ )തറവാടായ ചോണ്ടത്ത്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. ചോണ്ടത്ത്‌ തറവാടിന്റെ ചരിത്രത്തിലേക്ക്‌ നമുക്കൊന്നു കണ്ണോടിക്കാം .

ഏകദേശം അഞ്ഞൂറു വർഷങ്ങൾക്കു മുന്നെ ( 1500 കാലഘട്ടം) വള്ളുവനാട്ടിലെ മാമാങ്കത്തിന്റെ പടനായകരായിരുന്ന , വള്ളുവകോനാതിരിയുടെ പ്രധാനസേനനായകരായിരുന്ന പുതുമന പണിക്കരുടെ ഒരു കുടുംബത്തെ കൊച്ചി രാജാവ്‌ കൊച്ചി രാജ്യത്തിന്റെ ഭാഗമായ നല്ലേപ്പിള്ളി കൊഴിഞ്ഞാമ്പാറ ചിറ്റൂർ വേലന്താവളം എന്നിവിടങ്ങളിൽ കൊങ്ങൻപ്പടയുടെ ആക്രമണം തടയാനായി 16 പതികളുടെ അവകാശം കൊടുത്ത്‌ (വടകരപ്പതി , എരുത്തേമ്പതി,ഒഴലപ്പതി , ആട്ടയപ്പതി , തുടങ്ങി 16 പതികൾ , അല്ലേൽ സ്ഥലങ്ങൾ ) സ്ഥാനമാനങ്ങൾ കൊടുത്ത്‌ നല്ലേപ്പിള്ളിയിൽ കൊണ്ടു വന്നിരുത്തി. മന്നാടിയാർ എന്ന സ്ഥാനപ്പേരും നൽകി കെട്ടാൻ കയറും , വെട്ടാൻ വാളും അനുവദിച്ച്‌,കൊച്ചി രാജാവ്‌ പുതുമന പണിക്കരുടെ കുടുംബത്തെ ആദരിച്ചു. ഈ കുടുംബമാണു ചോണ്ടത്ത്‌ എന്ന പരമ്പരയായി മാറിയത്‌(പുതുമന ചോണ്ടത്ത്‌ എന്നും അറിയപ്പെടുന്നു).

ചോണ്ടത്ത്‌ എന്ന പേരു വരാൻ കാരണമായി , ഇങ്ങനെ ഒരു ചരിത്രം കൂടിയുണ്ട്‌, സംഘകാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ കാങ്കേയം കരൂരിൽ നിന്നു വന്ന് പാലക്കാട്ടേക്ക്‌ കുടിയേറിയ വെള്ളാം കൂർ ഗോത്രത്തിലെ ഒരു ഗോത്രമായിരുന്നു നല്ലേപ്പ്പിള്ളിയിലെ ചോണ്ടത്ത്‌ എന്നും , അവിടെ ഉള്ളവർ വെള്ളാളകൗണ്ടർ എന്നറിയപ്പെടുന്ന വിഭാഗമായിരുന്നു . ആ പരമ്പരയുടെ തകർച്ചയ്ക്ക്‌ ശേഷമാണു പുതുമന പണിക്കരുടെ കുടുംബം നല്ലേപ്പിള്ളിയിൽ വന്നു ചോണ്ടത്ത്‌ തറവാടും മറ്റും കൊച്ചിരാജാവിനാൽ സ്വീകരിച്ചു ആ തറവാട്‌ നാമം കളയാതെ തങ്ങളോട്‌ ചേർത്ത്‌ പുതുമന ചോണ്ടത്ത്‌ എന്നും, പിന്നീട്‌ പൂർണ്ണമായി ചോണ്ടത്തായി മാറുകയ്യും ചെയ്തത്രേ.പഴയ ആ ചോണ്ടത്തിനും ഈ പുതുമന പണിക്കരുടെ ചോണ്ടത്തിനും യാതൊരു ബന്ധവുമില്ലാ. ആ തറവാട്ട്‌ പേർ ഇവർ സ്വീകരിച്ചു അത്ര മാത്രം.

മാമാങ്കത്തിൽ വള്ളുവകോനാതിരിയുടെ ചാവേർപ്പടയുടെ നേതൃത്വം പുതുമന പണിക്കർ , ചന്ത്രത്തിൽ പണിക്കർ , കോവിൽക്കാട്ട്‌ പണിക്കർ , വേർക്കോട്ട്‌ പണിക്കർ എന്നീ നാലു നായർ കുടുംബങ്ങൾക്കായിരുന്നു( സ്ഥാനി പണിക്കർ) . ധീര യോദ്ധാക്കൾ ആയിരുന്നു ഇവർ. ഇവരെക്കുറിച്ച്‌ കൂടുതൽ അറിയാൻ മാമങ്ക ചരിത്രം നോക്കിയാൽ മതി. ആ ധീരത അറിഞ്ഞു കൊണ്ടാണു പുതുമന പണിക്കരുടെ ഒരു കുടുംബത്തെ കൊങ്ങൻ സൈന്യത്തെ തടയാനായി നല്ലേപ്പിള്ളിയിലേക്ക്‌ കൊച്ചി രാജാവ്‌ സ്വീകരിച്ചു കൊണ്ട്‌ വന്നത്‌.

ചോണ്ടത്തുകാരുടെ സ്ഥാനപ്പേർ മന്നാടിയാർ ആണെന്നു പറഞ്ഞല്ലോ . ചോണ്ടത്ത്‌ തറവാട്ടിലെ പുരുഷന്മാരുടെ പേരിനു കൂടെ പണ്ട്‌ ഇരവി എന്നു കൂടി ചേർക്കുമായിരുന്നു. രാജാക്കന്മാർ സ്തുത്യർഹസേവനം ചെയ്യുന്നവർക്ക്‌ കൽപ്പിച്ചു കൊടുക്കുന്ന ഒരു സ്ഥാനപ്പേരാണു ഇരവി. കൊച്ചി രാജാവാണു ചോണ്ടത്തുക്കാരുടെ സ്തുത്യർഹസേവനത്തിനു പകരമായി ഇരവി സ്ഥാനം കൊടുത്തത്‌. ചോണ്ടത്ത്‌ തറവാട്ടിലെ പുരുഷന്മാരുടെ പേരിന്റെ കൂടെ ഉണ്ണി , മന്നാടിയാർ എന്നും ,സ്ത്രീകൾക്ക്‌ ചെറിയമ്മ എന്നും പേരിന്റെ അവസാനം ചേർക്കും . തറവാട്ടിലെ വയസ്സിനു മൂത്ത സ്ത്രീയ്ക്ക്‌ വല്ലിയമ്മ എന്നും സ്ഥാനപ്പേർ ചേർക്കും.നൂറ്റാണ്ടുകൾ ആയി തുടർന്നു പോരുന്നു ഈ രീതി.

ചോണ്ടത്ത്‌ തറവാട്‌ എട്ടുകെട്ടാണു . പുതുമന പണിക്കർ കുടുംബം നല്ലേപ്പിള്ളിയിൽ വന്നതിനു ശേഷം പണിതതാണിത്‌. അഞ്ഞൂറിനടുത്ത്‌ വർഷം പഴക്കം കാണും ഈ എട്ടുകെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ പ്രതീകമാണീ തറവാട്‌. മരപ്പണികൾക്കൊന്നും കാലപ്പഴക്കം ബാധിച്ചിട്ടില്ല്. വല്ലിയ പടിപ്പുരയും രണ്ട്‌ നടുമുറ്റവും , വല്ലിയ വാതിലുകളും , മനോഹരമായ കോണികളും , ഭംഗിയുള്ള , കട്ടിയേറിയ തട്ടുകൾ ഉള്ള എട്ടോളം റൂമുകളും , ഡോൾ ഹൗസ്‌ ( പാവകൾ വച്ചിരിക്കുന്ന കൊച്ചു റൂം , കുട്ടികൾക്കായുള്ളതായിരുന്നു), മച്ചും ,നീളൻ വരാന്തയും, ഒക്കെ അടങ്ങിയതാണീ തറവാട്‌ . തറവാടിനോട്‌ ചേർന്നു ഒരു പൂന്തോട്ടം ബംഗ്ലാവു ഉണ്ട്‌ . കൊച്ചി രാജാവിന്റെ സൈന്യാധിപനായിരുന്ന എ.ഡി.സി (Aide de camp) മന്നാടിയാർ താമസിച്ചിരുന്നതാണീ ബംഗ്ലാവ്‌. പണ്ടിവിടെ വല്ലിയ വല്ലിയ കാർ പോർച്ചുകളും,പത്തായപ്പുരകളുംഉണ്ടായിരുന്നു . തറവാട്ട്‌ വളപ്പിൽ രണ്ട്‌ വല്ലിയ കുളങ്ങളും , ശ്രീകൃഷ്ണ ക്ഷേത്രവും ,ഊട്ടുപുരയും ഉണ്ട്‌. പണ്ട്‌ കാലത്ത്‌ ഊട്ടുപുരയിൽ ജനങ്ങൾക്ക്‌ ദിവസേന ഭക്ഷണം കൊടുത്തിരുന്നു. പുരാവസ്തുക്കളുടെ ഒരു അപൂർവ ശേഖരമാണീ തറവാട്‌.

ചോണ്ടത്തുകാരുടെ പരദേവത അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയാണു. തുടക്കം വള്ളുവനാട്ടിൽ നിന്നാണല്ലോ ,. തറവാട്ടിലെ മച്ചിൽ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയെ ആണു ആരാധിക്കുന്നത്‌( വാൽക്കണ്ണാടി . ദേവിക്ക്‌ സുവർണ്ണാംഖി എന്നു നാമം) തറവാട്ടിനോട്‌ ചേർന്നു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്‌ എന്നു പറഞ്ഞിരുന്നല്ലോ . പണ്ട്‌ ദിവസേന പൂജ നടന്നിരുന്ന അമ്പലമാണിത്‌. നല്ലേപ്പിള്ളി ചുണങ്ങി ഭഗവതി ക്ഷേത്രത്തിന്റെ ഊരാളന്മാരാണു ചോണ്ടത്ത്‌ തറവാട്ടുകാർ . എല്ലാ കൊല്ലവും ചുണങ്ങി ക്ഷേത്രത്തിൽ നടക്കുന്ന കൂത്ത്‌ മഹോത്സവം പ്രസിദ്ധമാണു .ചോണ്ടത്ത്‌ പടിപ്പുരയിൽ പണ്ടൊരു ഭീമാകരൻ മണിയുണ്ടായിരുന്നു . സമയമറിയിപ്പു മണിയായിരുന്നത്രെ അത്‌.

ധീരയോദ്ധക്കളുടെ പരമ്പരയായ ചോണ്ടത്ത്‌ തറവാട്ടിൽ അനവധി പ്രഗത്ഭർ ഉണ്ടായിരുന്നു . കൊച്ചി രാജ്യത്തിന്റെ എ ഡി സി (Aide de camp )ആയിരുന്ന ശ്രീ ഇരവി രാമനുണ്ണി മന്നാടിയാർ ,അദ്ദേഹത്തിന്റെ പാശ്ചാത്യ പൗരസ്ത്യ ദേശ സന്ദർശ്ശനങ്ങൾ എല്ലാം പ്രസിദ്ധമാണു , ആ യാത്രകളിലൂടെ കൊച്ചിരാജ്യത്തിനു പല വിദേശ രാജ്യങ്ങളിലും ബന്ധമൂട്ടിയുറപ്പിക്കാനായി . ആ യാത്രകളിൽ അദ്ദേഹത്തിനു ചീനഭരണികൾ , ചൈനീസ്‌ ഫ്ലവർ പോട്ട്സ്‌ തുടങ്ങി അനവധി വസ്തുക്കൾ സമ്മാനമായി ലഭിച്ചിരുന്നു. അതെല്ലാം നേരത്തെ പ്രതിപാദിച്ച അദ്ദേഹത്തിന്റെ പൂന്തോട്ടം ബംഗ്ലാവിൽ ആയിരുന്നു ഉണ്ടായിരുന്നതു.അതെല്ലാം 1977 അദ്ദേഹം സ്വമേധയാ ആ അമൂല്യവസ്തുക്കൾ പുരാവസ്തുവകുപ്പിനു കൈമാറി . ഇന്നാ വസ്തുക്കൾ എല്ലാം കൊച്ചി ഹിൽ പാലസ്‌ മ്യൂസിയത്തിൽ മന്നാടിയാർ ഗാലറി എന്ന പേരിൽ ഉള്ള ഭാഗത്ത്‌ കാണാം . മന്നാടിയാർ ഗാലറി പേരു തന്നെ ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഇട്ടതാണു താനും. കർണ്ണാടകസംഗീതലോകത്തെ ഇതിഹാസമായിരുന്ന ശ്രീ ചെംമ്പൈ വൈദ്യനാഥഭാഗവതരുടെ ആദ്യകാലത്തെ പ്രിയപ്പെട്ട ശിഷ്യയും എ.ആർ.ആർട്ടിസ്റ്റുമായിരുന്ന , പ്രസിദ്ധസംഗീതഞ്ജയുമായ ശ്രീ സി.കെ വേശമണി ചെറിയമ്മ തുടങ്ങിയവർ ചോണ്ടത്ത്‌ തറവാടിന്റെ പ്രസിദ്ധിയ്ക്ക്‌ മാറ്റുകൂട്ടിയവരാണ്‌.

വിദ്യാഭ്യാസത്തിനു മുൻ ഗണന കൊടുത്തവരായിരുന്നു ചോണ്ടത്തുകാർ . ആദ്യകാലത്തു വിദേശത്ത്‌ പോയി വിദ്യാഭ്യാസം സ്വായത്തമാക്കിയവരിൽ ചോണ്ടത്തുകാരുമുണ്ട്‌ .1900 കാലഘട്ടത്തു ചോണ്ടത്ത്‌ ഒരു മന്നാടിയാർ കടൽകടന്ന് ലണ്ടനിൽ പോയി വിദ്യാഭ്യാസം നേടുകയും , കടൽകടന്നു പോയതിനാൽ അദ്ദേഹത്തിനു ഭ്രഷ്ട്‌ നേരിടേണ്ടി വരികയും , അദ്ദേഹത്തെ ആ ഭ്രഷ്ടിൽ നിന്നു രക്ഷിക്കാനായി തർക്കശാസ്ത്ര പണ്ഡിതനായ ബ്രഹ്മശ്രീ കിള്ളിമംഗലം നാരായണൻ നമ്പൂതിരിപ്പാട്‌ കോടതിയിൽ ഹാജരായി വാദിച്ച്‌ ഭ്രഷ്ടിൽ നിന്നു രക്ഷിച്ചതും പ്രസിദ്ധമാണു.

കാലം പോകും തോറും പഴമയുടെയും , പെരുമയോടെയും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ചോണ്ടത്ത്‌ , ഇങ്ങനെ തന്നെ കാലകാലം അടുത്ത വരുന്ന തലമുറയ്ക്കു മുതൽകൂട്ടായി നിലനിൽക്കട്ടെ….!