മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റുചെയ്തതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രാഹുല്‍ ആവശ്യപ്പെട്ടു. അറസ്റ്റ് വിവേകമില്ലാത്ത തീരുമാനമെന്നും രാഹുല്‍ വിമര്‍ശിച്ചു. അതേസമയം, മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെയുള്ള കേസ് പരിഗണിച്ച സുപ്രീംകോടതി, പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടയക്കണമെന്ന് നിര്‍ദ്ദേശിച്ചു.

പ്രശാന്ത് കനോജിയയെക്കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്ന് കയറ്റമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ആരോപിച്ചു. അറസ്റ്റിനെതിരെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.