മാണി സി കാപ്പന്‍ എന്‍സിപി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക്; സുള്‍ഫിക്കര്‍ മയൂരി സംസ്ഥാന ട്രഷറര്‍ ആകും

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന ട്രഷറര്‍ ആയ മുതിര്‍ന്ന എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എന്‍സിയുടെ ദേശീയ സെക്രട്ടറി ആകും. മാണി സി കാപ്പന്‍ ഒഴിയുന്ന ട്രഷറര്‍ സ്ഥാനത്ത് പാര്‍ട്ടിയുടെ മറ്റൊരു നേതാവ് സുള്‍ഫിക്കര്‍ മയൂരി എത്തും.

പുതിയ സംസ്ഥാന പ്രസിഡന്റ് ആയി മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ്‌ ചാണ്ടിയെ പ്രഖ്യാപിക്കുന്ന 28 ന് കൊച്ചി സാജ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ യോഗത്തില്‍ പുതിയ ഭാരവാഹികളെയും പ്രഖ്യാപിക്കും. എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേലാണ് സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന യോഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.

പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍-ഹോട്ടല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തുന്ന പ്രഫുല്‍ പട്ടേല്‍ അതേ ദിവസം തന്നെ ഭാരവാഹി പ്രഖ്യാപനവും നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെയാണ് ഹോട്ടല്‍ ഉദ്ഘാടനം. അത് കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം ഭാരവാഹി പ്രഖ്യാപനം നടക്കും.

സംസ്ഥാന പ്രസിഡന്റ് സ്ഥാനം തോമസ്‌ ചാണ്ടിയ്ക്ക് നല്‍കുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം എ.കെ.ശശീന്ദ്രന്‍ വിഭാഗത്തിലെ രാജന്‍ മാസ്റ്റര്‍ക്ക് നല്‍കും. ഇതേ യോഗത്തില്‍ തന്നെ സംസ്ഥാന എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെയും തിരഞ്ഞെടുക്കും. 41 പേരാണ് സ്റ്റേറ്റ് എക്സിക്യുട്ടീവ്‌ മെമ്പര്‍മാര്‍.

70 ഓളം പേര്‍ ദേശീയ സമിതിയംഗങ്ങളായും മാറും. ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരായി എ.കെ.ശശീന്ദ്രന്‍, പീതാംബരന്‍ മാസ്റ്റര്‍, തോമസ്‌ ചാണ്ടി എന്നിവര്‍ തുടരുമ്പോള്‍ പ്രത്യേക ക്ഷണിതാവായി മാണി സി കാപ്പന്‍ കൂടി വര്‍ക്കിംഗ് കമ്മറ്റിയില്‍ ഉണ്ടാകും. പ്രസിഡന്റ് സ്ഥാനത്തിനായി എ.കെ.ശശീന്ദ്രന്‍ പക്ഷവും തോമസ്‌ ചാണ്ടി പക്ഷവും അവസാനം നിമിഷം വരെ പോരാടിയിരുന്നു. തീരുമാനം സംസ്ഥാനത്ത് നിന്നും ഉണ്ടാകാതെ വന്നപ്പോള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇരുവരെയും ഒപ്പം പീതാംബരന്‍ മാസ്റ്ററെയും ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരു എംഎല്‍എയ്ക്ക് മന്ത്രി പദവി അടുത്ത എംഎല്‍എയ്ക്ക് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പദവി എന്ന നിര്‍ദ്ദേശമാണ് പവാര്‍ നല്‍കിയത്. ശശീന്ദ്രന് വേണമെങ്കില്‍ മന്ത്രി പദവി ഒഴിഞ്ഞു പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കാമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശം വച്ചപ്പോള്‍ പാര്‍ട്ടി പദവി ശശീന്ദ്രന്‍ തന്നെ തോമസ് ചാണ്ടിയ്ക്ക് വച്ച് നീട്ടുകയായിരുന്നു.

ശശീന്ദ്രന് മന്ത്രിപദവി ഉള്ളതിനാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം തോമസ്‌ ചാണ്ടി വിഭാഗത്തിനു വേണം എന്ന് തോമസ്‌ ചാണ്ടി വിഭാഗം ശഠിക്കുകയായിരുന്നു. ഈ കാര്യത്തില്‍ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരടങ്ങുന്ന എന്‍സിപി കേന്ദ്ര നേതൃത്വം തോമസ്‌ ചാണ്ടിയ്ക്ക് അനുകൂലമായാണ് നിലയുറപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദവി തോമസ് ചാണ്ടിയ്ക്ക് തന്നെ ലഭിക്കാനുള്ള അവസരമൊരുങ്ങുകയായിരുന്നു.

തോമസ്‌ ചാണ്ടി ആഗ്രഹിക്കുകയാണെങ്കില്‍ പ്രസിഡന്റ് പദവി തോമസ്‌ ചാണ്ടിയ്ക്ക് തന്നെ ലഭിക്കുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മാണി സി കാപ്പന്‍ 24 കേരളയോടു പ്രതികരിച്ചിരുന്നു. മാണി സി കാപ്പന്‍റെ നിഗമനങ്ങള്‍ ശരിവെച്ചുകൊണ്ടാണ് തോമസ്‌ ചാണ്ടി എന്‍സിപിയുടെ സംസ്ഥാണ പ്രസിഡന്റ്ആയി മാറാന്‍ പോകുന്നത്.

കുവൈത്തിലെ ബിസിനസ് നോക്കി നടത്തേണ്ട ആവശ്യം ഉള്ളതിനാല്‍ സംസ്ഥാനത്ത് തോമസ്‌ ചാണ്ടിയുടെ സേവനം ലഭ്യമാകുമോ എന്ന ആശങ്ക സ്വാഭാവികമായും തോമസ്‌ ചാണ്ടിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ആണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് ആയി രാജന്‍ മാസ്റ്റര്‍ക്ക് പദവി നല്‍കുന്നത്.

തോമസ്‌ ചാണ്ടിയുടെ അഭാവത്തില്‍ രാജന്‍ മാസ്റ്റര്‍ ആകും എന്‍സിപിയിലെ സംസ്ഥാന കാര്യങ്ങള്‍ തീരുമാനിക്കുക. തോമസ്‌ ചാണ്ടിക്ക് സംസ്ഥാന പ്രസിഡന്റ് പദവി നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷവും ശശീന്ദ്രന്‍ പക്ഷം കലാപക്കൊടി ഉയര്‍ത്തുന്നുണ്ട്.

പ്രഫുല്‍ പട്ടേല്‍ പങ്കെടുക്കുന്ന യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം പ്രതിഷേധം ഉയര്‍ത്തുമോ എന്ന കാര്യം വ്യക്തമല്ല. കാരണം ശക്തമായ അച്ചടക്ക നടപടികകളുമായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് എന്‍സിപി. കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പരസ്യമായി വിമര്‍ശിച്ച എന്‍സിപി യൂത്ത് വിംഗ് നേതാവ് അഡ്വ മുജീബ് റഹ്മാന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്.