മാണി യുഡിഎഫിലെത്താനുള്ള സാധ്യത മങ്ങി; ഏകോപനത്തിന്റെ കുറവെന്ന്‌ പരാതി

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനു മങ്ങല്‍. എന്തുവന്നാലും യുഡിഎഫിലേയ്ക്ക്‌ ഇല്ല എന്ന മാണിയുടെ തീരുമാനം കാരണമാണിത്. അതേസമയം മാണിയെ തിരിച്ചു കൊണ്ടുവരുന്ന വരുന്ന കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് യോഗത്തിലും ഏകോപനം സാധ്യമായില്ല.

മാണിയെ യുഡിഎഫിലേക്ക് കൊണ്ടുവരണം. ഇടതുമുന്നണി ഈ കാര്യത്തില്‍ നീക്കങ്ങള്‍ സജീവമാക്കിയതിനാല്‍ മാണി യുഡിഎഫില്‍ തന്നെ വേണം. പക്ഷെ ആര് മാണിയെ തിരിച്ചു കൊണ്ടുവരും,  മധ്യസ്ഥ ചര്‍ച്ചകള്‍ എങ്ങിനെ നടത്തും എന്ന കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഒരു തീരുമാനവുമുണ്ടായില്ല.

ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ആര് ചര്‍ച്ച നടത്തുമെന്ന കാര്യത്തില്‍ നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്. മാണിയെ തിരിച്ചുകൊണ്ടുവരണമെന്ന യുഡിഎഫില്‍ തീരുമാനമുണ്ടായെങ്കിലും അതിനുള്ള സാധ്യതകള്‍ പരിമിതമാണ് –
യുഡിഎഫിലെ ഒരു ഉന്നത നേതാവ്‌ 24 കേരളയോട് പറഞ്ഞു.

കഴിഞ്ഞ തവണത്തെ യുഡിഎഫ് യോഗത്തില്‍ തന്നെ ഈ കാര്യത്തിലുള്ള അങ്കലാപ്പ് പ്രകടമായിരുന്നു. മാണിയുമായുള്ള ചര്‍ച്ചകള്‍ക്ക് ആരെ ചുമതലപ്പെടുത്തണം എന്ന് പോലും തീരുമാനിക്കാന്‍ കഴിഞ്ഞില്ല. ആരെയും പ്രത്യേകിച്ച് ചുമതലപ്പെടുത്തിയിട്ടുമില്ല. എല്ലാവരും മാണിയുമായി ചര്‍ച്ചകള്‍ നടത്തുക. എല്ലാവരും ഈ കാര്യത്തില്‍ ഉത്സാഹം കാട്ടി മുന്നോട്ട് പോവുക. ഇതാണ് മാണിയുടെ കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് യോഗം തീരുമാനമെടുത്തത് – നേതാവ് പറഞ്ഞു.

ഘടകകക്ഷിയായിരുന്ന ജെഡിയു അപ്രതീക്ഷിതമായി യുഡിഎഫ് വിട്ടത് നേതൃത്വത്തെ ഉലച്ചിട്ടുണ്ട്. മറ്റൊരു പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ആദ്യമേ തന്നെ യുഡിഎഫ് വിട്ടു. രണ്ടു പ്രബല കക്ഷികള്‍ ഇല്ലാതെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്.

ഇത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെയും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെയും സാധ്യതകളെ ബാധിക്കും – യുഡിഎഫ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഫലപ്രദമായ ഒരു സംവിധാനമല്ല യുഡിഎഫ്. അതിന്റെ അടിത്തറ ദുര്‍ബലമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്ന കാര്യമാണിത്. അതുകൊണ്ട് തന്നെയാണ് മാണിയെ തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.

മാണിയുടെ കാര്യത്തില്‍ രണ്ടു കാര്യങ്ങളാണ് സിപിഎം കണക്കിലെടുത്തത്. ഒന്ന് സിപിഐയുടെ എതിര്‍പ്പ്. രണ്ടു ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പ്. സിപിഐയുടെ എതിര്‍പ്പ് കെ.എം.മാണിയെ കേന്ദ്രീകരിച്ചാണ്. കെ.എം.മാണിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ സിപിഐയുടെ എതിര്‍പ്പ് ദുര്‍ബലമാകും.

കെ.എം.മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തന്നെയായി നിലനിര്‍ത്താന്‍ ഒരു നിര്‍ദേശം സിപിഎം മുന്നോട്ടുവെച്ചു. പകരം മന്ത്രി സ്ഥാനം ജോസഫിന് നല്‍കും. ഇതോടെ രണ്ട് എതിര്‍പ്പും ഇല്ലാതാകും എന്ന കണക്കുകൂട്ടലിലാണ് സിപിഎം.

മന്ത്രി സ്ഥാനം നല്‍കുകയാണെങ്കില്‍ ജോസഫ് ഗ്രൂപ്പ് എതിര്‍ക്കില്ല എന്ന ഉറപ്പ് സിപിഎം നേതാക്കള്‍ക്ക് ലഭിച്ചിരുന്നു. ഇനി മാണിയെ പ്രീണിപ്പിക്കാന്‍ കോട്ടയം ലോക്സഭാ സീറ്റ് ജോസ്.കെ..മാണിക്ക്. അവിടെ ജയം ഉറപ്പ് നല്‍കുക. മറ്റൊരു സീറ്റ് പത്തനംതിട്ട ലോക്സഭാ സീറ്റാണ്. നിലവില്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയാണ് അവിടുത്തെ എംപി.

ഈ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഫിലിപ്പോസ് തോമസ്‌ പരാജയമായിരുന്നു. ഈ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാം എന്ന രീതിയില്‍ സിപിഎമ്മിനകത്ത്‌ ചര്‍ച്ച നടക്കുന്നുണ്ട്. ജോസഫിനെ മന്ത്രിയാക്കാനുള്ള സിപിഎം നീക്കത്തിന്റെ വാര്‍ത്ത 24 കേരള പുറത്ത് വിട്ടപ്പോള്‍ പത്തനംതിട്ട സീറ്റും കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും എന്ന് കേരള കോണ്‍ഗ്രസിലെ ഒരു ഉന്നത നേതാവ് സൂചന നല്‍കിയിരുന്നു.

സിപിഎമ്മിന്റെ ഈ നീക്കമാണ് മാണിയെ യുഡിഎഫിലേയ്ക്ക്‌
തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക്‌ പ്രതിബന്ധം സൃഷ്ടിക്കുന്നത്. മാണിയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ കഴിഞ്ഞ ദിവസം മാണിയെ യുഡിഎഫിലേയ്ക്ക്‌ ക്ഷണിച്ചിരുന്നു. നന്ദി. പക്ഷെ ഇപ്പോഴില്ല എന്നായിരുന്നത്രെ അദ്ദേഹം പ്രതികരിച്ചത്.

സിപിഎമ്മുമായി നിലവില്‍ നടത്തുന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നതിനാണ് മാണി കാക്കുന്നത്. ഈ ചര്‍ച്ചകള്‍ എങ്ങിനെ ഉരുത്തിരിഞ്ഞുവരുന്നെന്ന് നോക്കിയായിരിക്കും ഏത് മുന്നണി എന്ന കാര്യത്തില്‍ മാണി തീരുമാനം എടുക്കാന്‍ പോകുന്നത്. ഇത് യുഡിഎഫ് നേതാക്കള്‍ക്കുമറിയാം.

അതുകൊണ്ട് തന്നെ യുഡിഎഫ് നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. അതുമല്ല ബാര്‍ കോഴ പ്രശ്നത്തില്‍ യുഡിഎഫ് നേതൃത്വം മാണിയോട് അനുവര്‍ത്തിച്ച സമീപനം അദ്ദേഹം മറക്കാന്‍ ഇടയില്ല എന്നതും തുടര്‍ ചര്‍ച്ചകള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.

നിലവില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാത്രമാണ് മാണിയുമായി ചര്‍ച്ച നടത്തുന്നത്. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ലെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം.