മാണിയെ കൂട്ടാന്‍ സിപിഎമ്മിന്റെ പുതിയ ഫോര്‍മുല; ജോസഫിന് മന്ത്രി സ്ഥാനം; ജോസ് കെ മാണിക്ക് കോട്ടയം സീറ്റ്

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ബിനോയ്‌ കോടിയേരി വിവാദത്തിലും അടിപതറാതെ രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. അടുത്ത തവണയും സംസ്ഥാന ഭരണം പിടിക്കാന്‍ സിപിഎം അരങ്ങൊരുക്കുകയാണ്. കേരള കോണ്‍ഗ്രസി(എം)നെ ഇടതുമുന്നണിയില്‍ അംഗമാക്കിയാല്‍ തുടര്‍ ഭരണം ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയാണ് പുതിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പിന്നില്‍.

കെ.എം.മാണിയെ ഇടതുമുന്നണിയിലേയ്ക്ക്‌ അടുപ്പിക്കാന്‍ പുതിയ ഫോര്‍മുലയുമായാണ് സിപിഎം നീക്കം. മാണിയെ ഇടതുമുന്നണിയില്‍ അംഗമാക്കാന്‍ സി പി ഐയ്ക്ക്‌ സ്വീകാര്യമായ ഫോര്‍മുലയാണ് സിപിഎം സ്വീകരിക്കുന്നത്. കെ.എം.മാണി മന്ത്രിയാകില്ല. മാണിക്ക് പകരം പി.ജെ.ജോസഫ് മന്ത്രിയാകും. മാണി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാന്‍ ആയി തുടരും. ജോസ് കെ മാണിക്ക് കോട്ടയം ലോക്സഭാ സീറ്റ്. ഈ ഫോര്‍മുല കെ.എം.മാണിയും കേരള കോണ്‍ഗ്രസും അംഗീകരിച്ചതായാണ് സൂചന.

നിലവില്‍ സിപിഐയെ പ്രതിരോധത്തിലാക്കുന്നതാണ് ഈ തീരുമാനം. മാണിയെ കുന്തമുനയാക്കിയുള്ള എതിര്‍പ്പ് സി പി ഐയ്ക്ക്‌ അവസാനിപ്പിക്കേണ്ടി വരും. ജോസഫിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ സി പി ഐയ്ക്ക്‌ എതിര്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സിപിഐയുടെ രാഷ്ട്രീയ ഉപശാലയില്‍ ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നു എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. ഈ കാര്യത്തില്‍ സി പി ഐയുടെ എതിര്‍പ്പുണ്ടാകില്ല എന്ന സൂചനയാണ് മാണിക്കും ലഭിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി കഴിഞ്ഞ വാരം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നതിന് ശേഷം മുന്നണിയിലേക്കുള്ള കോണ്‍ഗ്രസിന്റെ ആവര്‍ത്തിച്ചുള്ള ക്ഷണത്തിനു മാണി ചെവികൊടുക്കാതിരിക്കുന്നത്. മാണി ക്ഷണം നിരസിച്ചെങ്കിലും അത് കാര്യമാക്കാതെ മാണിയെ തിരിച്ച് യുഡിഎഫില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാഷ്ട്രീയകാര്യ സമിതി തീരുമാനപ്രകാരം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുമായി സംസാരിക്കാനിരിക്കുകയാണ്.

എന്നാല്‍ ഒരു മുന്നണി പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും യുഡിഎഫിൽ ചേരാനില്ലെന്നും മാണി കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിട്ടുണ്ട്. ബാര്‍ക്കോഴ പ്രശ്നത്തില്‍ കോണ്‍ഗ്രസ് കുരുക്കിട്ടത് കൊണ്ട് മാത്രമല്ല മാണി യുഡിഎഫ് ക്ഷണം നിരസിക്കുന്നത്. ഇടതുമുന്നണിയില്‍ ചേക്കേറാന്‍ കൂടിയാണ്. അതിനാലാണ് തനിക്ക് മന്ത്രി സ്ഥാനമില്ല എന്ന ഫോര്‍മുല വരെ അംഗീകരിക്കാന്‍ മാണി തയ്യാറായത്.

യുഡിഎഫിലേയ്ക്കില്ല എന്ന് വ്യക്തമാക്കാന്‍ കടുത്ത വാക്കുകള്‍ തന്നെ മാണി പ്രയോഗിച്ചു. പാര്‍ട്ടിക്ക് ഇപ്പോൾ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതിൽ മാറ്റമില്ല. യുഡിഎഫിലേക്കു വരാൻ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞിരുന്നു.

അതേസമയം ഒന്നുകൂടി മാണി പറഞ്ഞു. പാർട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോടു സഹകരിക്കും. ഇത് മാണിയുടെ ഇടത് കൂറ് ഒന്നുകൂടി വ്യക്തമാക്കുന്നതായിരുന്നു. നിലവില്‍ ഇടതുമുന്നണിയില്‍ അംഗമാകാന്‍ മാണിക്കുള്ള വലിയ തടസം പാര്‍ട്ടിയില്‍ നിന്നുകൊണ്ട്‌ പി.ജെ.ജോസഫും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ നടത്തുന്ന എതിര്‍പ്പാണ്.

ഈ കഴിഞ്ഞ ദിവസവും കെ.എം.മാണി കേരളാ കോണ്‍ഗ്രസ്  മുഖപത്രമായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസും യുപിഎയും കര്‍ഷക വിരുദ്ധര്‍ എന്ന് എഴുതിയപ്പോള്‍ അത് ഖണ്ഡിച്ചുകൊണ്ട് കര്‍ഷക വിരുദ്ധര്‍ എന്ന അഭിപ്രായം തനിക്കില്ലെന്നാണ്‌ പി.ജെ.ജോസഫ് പ്രതികരിച്ചത്. അത് വലിയ വാര്‍ത്തയാകുകയും കേരളാ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും ചെയ്തു.

ഈ ഘട്ടത്തില്‍ പി.ജെ.ജോസഫിന് മന്ത്രി സ്ഥാനം എന്ന സിപിഎം ഫോര്‍മുല അവതരിപ്പിച്ചാല്‍ പാര്‍ട്ടിയ്ക്കകത്തുനിന്ന്‌ ജോസഫ് ഗ്രൂപ്പ് ഉയര്‍ത്തുന്ന പ്രതിരോധത്തിനു അന്ത്യമാകും. കെ.എം.മാണിക്ക് മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സിപിഐ ഇപ്പോള്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് വൃഥാവിലാവുകയും ചെയ്യും.

പ്രത്യക്ഷത്തില്‍ അതിശക്തമായ എതിര്‍പ്പ് എല്ലാ കാര്യത്തിലും  ഉയര്‍ത്തി മാധ്യമശ്രദ്ധ പിടിച്ച് പറ്റുകയും പിന്നീട് സിപിഎം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയുമാണ്‌ സിപിഐ ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ സിപിഐ ഉയര്‍ത്തുന്ന മാണി വിരോധത്തിനു ആധാരമായ കാര്യങ്ങള്‍ ഒഴിവാക്കി പുതിയ ഫോര്‍മുല സിപിഐയെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

മാണി മന്ത്രിയായില്ലെങ്കില്‍ സിപിഐ എതിര്‍പ്പിനു പ്രസക്തിയില്ലെന്നും ഈ എതിര്‍പ്പുകളെക്കാള്‍ അപ്പുറം കേരളത്തിലെ തുടര്‍ ഭരണമാണ് പ്രധാനമെന്നും അവരെ ബോധ്യപ്പെടുത്താനാണ് സിപിഎം നീക്കം. പുതിയ ഫോര്‍മുലയ്ക്ക് സിപിഐ വഴിപ്പെടും എന്നാണു സിപിഎമ്മിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ബിനോയ്‌ കോടിയേരി വിവാദം കൂസാതെ തുടര്‍ഭരണം ഉറപ്പുവരുത്തുന്ന വിജയകരമായ നീക്കങ്ങളാണ്  സിപിഎം ലക്ഷ്യമിടുന്നത്.