മാണിക്യ മലരായ പൂവി ഗാനത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്മൃതി ഇറാനിക്ക് കത്ത്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം ആയത്. ഇപ്പോള്‍ ഗാനത്തിന് വിലക്കേര്‍പ്പെടുത്തമെന്നാവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരിക്കുകയാണ് ഇസ്ലാമിക സംഘാടനയായ റാസ അക്കാദമി. പ്രവാചകനായ മുഹമ്മദ് നബിയെയും ഭാര്യയെയും ഗാനം അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ഈ നീക്കം.

രാജ്യത്തെ മറ്റൊരു വിവാദത്തില്‍ നിന്നും രക്ഷിക്കാന്‍ എത്രയും വേഗം ഈ ഗാനം ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കണമെന്നാണ് സ്മൃതി ഇറാനിക്ക് സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2015 ല്‍ എ.ആര്‍ റഹ്മാനെതിരെ ഫത്വ പുറപ്പെടുവിച്ചതും 2016 ല്‍ സക്കീര്‍ നായിക്കിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും ഇതേ സംഘടനയാണ്. 2012 ല്‍ അരങ്ങേറിയ ആസാദ് മൈതാന്‍ കലാപത്തിലും ഈ സംഘടനയ്ക്ക് പങ്കുണ്ട്.

എന്നാല്‍ ഈ ഗാനം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവിനെയും നായിക പ്രിയ വാര്യരെയും പ്രതി ചേര്‍ത്ത് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഹാപ്പി വെഡ്ഡിങ്‌, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഒരു അഡാറ്‌ ലവ്’. പതിവ് പ്രണയ കഥകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്ളസ് ടു വിദ്യാർത്ഥികളുടെ കഥയുമായാണ് ഒമർ ലുലു എത്തുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ നാല് പ്ളസ് ടു വിദ്യാർത്ഥികളാണ്. ഇവരുടെ ജീവിതമാണ് സിനിമ പറയുന്നത്.